കേന്ദ്രബജറ്റ്: മധ്യവര്‍ഗത്തിന് തലോടല്‍, കര്‍ഷകര്‍ക്ക് കൈത്താങ്ങ്: 2022-ല്‍ പുതിയ ഇന്ത്യ

By Web Team  |  First Published Feb 1, 2019, 1:09 PM IST

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുളളവരെ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതാണ് ഈ ബജറ്റിലെ ഏറ്റവും നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന്. നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവൻ  രണ്ട് വര്‍ഷത്തിനകം ഓണ്‍ലൈനാക്കി മാറ്റുമെന്ന പ്രഖ്യാപനവും ഉണ്ടായി. 


ദില്ലി: 2022 ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിന് ധനമന്ത്രി പീയുഷ് ഗോയല്‍ തുടക്കം കുറിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെഗാ പെന്‍ഷന്‍ പദ്ധതി, ഗോ സംരക്ഷണ പദ്ധതി, കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി, ഇഎസ്ഐ പരിധി വര്‍ദ്ധന തുടങ്ങിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായി. 

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുളളവരെ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതാണ് ഈ ബജറ്റിലെ ഏറ്റവും നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന്. നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവൻ  രണ്ട് വര്‍ഷത്തിനകം ഓണ്‍ലൈനാക്കി മാറ്റുമെന്ന പ്രഖ്യാപനവും ഉണ്ടായി. നികുതി റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു.  

Latest Videos

undefined

വ്യവസായ വകുപ്പിന്‍റെ പേര് മാറ്റി ആഭ്യന്തര വ്യാപാര വകുപ്പാക്കുമെന്ന പ്രഖ്യാപനവും ആഭ്യന്തര വ്യാപാരത്തിന് ഇളവുകള്‍ നല്‍കാനുളള തീരുമാനവും രാജ്യത്തെ വ്യാപാര- വ്യവസായ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ്. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ പ്രഖ്യാപനവും കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ അക്കൗണ്ടില്‍ ലഭ്യമാകുമെന്ന പ്രഖ്യാപനവും  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് ഉയരുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാരിനെ സഹായിച്ചേക്കും. 

ഏഴ് വര്‍ഷം കൊണ്ട് ധനകമ്മി പകുതിയാക്കി കുറയ്ക്കാനായെന്ന് പ്രഖ്യാപിച്ച ധനമന്ത്രി എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് അഴിമതി തടയാനായെന്നും സുതാര്യത വര്‍ധിപ്പിക്കാനായെന്നും സഭയെ അറിയിച്ചു. വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം അധിക സീറ്റുകൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായി. 

ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ പ്രശാന്ത് രഘുവംശം കേന്ദ്ര ബജറ്റ് വിലയിരുത്തുന്നു.

 

ശുചിത്വ ഭാരത് പദ്ധതി വിജയമായെന്നും ധനമന്ത്രി സഭയെ അറിയിച്ചു. മെഗാ പെന്‍ഷന്‍ പദ്ധതി, രാഷ്ട്രീയ കാംധേനു ആയോഗ്, കര്‍ഷകര്‍ക്കായുളള പദ്ധതി , ആദായ നികുതിയുടെ പരിധി ഉയര്‍ത്തല്‍ എന്നിവ പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോയല്‍ അവതരിപ്പിച്ചത് ഒരു ഇലക്ഷന്‍ ബജറ്റാണെന്ന വാദമുയരാന്‍ കാരണമായേക്കും. 

പ്രതിരോധ ബജറ്റ് ചരിത്രത്തിലാദ്യമായി മൂന്ന് ലക്ഷം കോടി കവിഞ്ഞു. ഇഎസ്ഐ പരിധി 21,000 രൂപയായി ഉയര്‍ത്തിയത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമായ തീരുമാനമാണ്. ഹൈവേ വികസനത്തില്‍ ഇന്ത്യ ലോകത്തില്‍ ഏറ്റവും മുന്നിലെത്തിയതായും പീയുഷ് ഗോയല്‍ സഭയെ അറിയിച്ചു. ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിയുമെന്നും ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 

ഭൗതിക, സമൂഹിക അടിസ്ഥാന വികസനവും, ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണ്ണമാക്കല്‍, മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ എന്നിവയിലും ബജറ്റില്‍ വലിയ പരിഗണന ലഭിച്ചു. സമൂഹത്തിന്‍റെ എല്ലാ മേഖലകളെയും സപര്‍ശിക്കുന്ന ബജറ്റിലൂടെ പൊതു തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഒരു ഭരണ തുടര്‍ച്ചയിലും പ്രതീക്ഷ വയ്ക്കുന്നു.   

click me!