ഈ നഗരത്തിലെ 24 വ്യക്തികളില്‍ ഒരാള്‍ കോടീശ്വരനാണ്. മാത്രമല്ല, ആ എണ്ണത്തില്‍ ഓരോ വര്‍ഷം കൂടുമ്പോഴും വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനെ അറിയാം, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെയും നിങ്ങള്‍ക്ക് അറിയാമായിരിക്കും. എന്നാല്‍ ലേകത്തിലെ ഏറ്റവും സമ്പന്നമായ നഗരം ഏതെന്ന് അറിയാമോ? ഈ അതിസമ്പന്ന നഗരത്തില്‍ ഭൂരിഭാഗം ആളുകളും സാധാരണക്കാരേക്കാൾ സമ്പന്നരാണെന്ന് കരുതപ്പെടുന്നു. ഇവിടെയുള്ള 24 വ്യക്തികളില്‍ ഒരാള്‍ കോടീശ്വരനാണ്. മാത്രമല്ല, ആ എണ്ണത്തില്‍ ഓരോ വര്‍ഷം കൂടുമ്പോഴും വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ആ സ്വപ്നനഗരം മറ്റൊന്നല്ല, ന്യൂയോര്‍ക്ക് തന്നെ. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ ഈ സമ്പന്ന നഗരങ്ങളുടെ പട്ടിക പ്രകാരം ഏകദേശം 3,49,500 കോടീശ്വരന്മാർ ന്യൂയോർക്കിൽ താമസിക്കുന്നു. 2012-നും 2022-നും ഇടയിൽ കൊവിഡ് മഹാമാരി നഗരത്തിൽ നിന്ന് സമ്പന്നരുടെ കുടിയിറക്കത്തിന് കാരണമായെങ്കിലും ഇവിടെ താമസിക്കുന്ന ഉയർന്ന ആസ്തിയുള്ള ആളുകളുടെ എണ്ണത്തില്‍ 40 % വർദ്ധനവുണ്ടായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ന്യൂയോർക്കിലെ ആകെ ജനസംഖ്യ ഏകദേശം 82 ലക്ഷമാണ്. 744 പേർക്ക് 100 മില്യൺ ഡോളറിലധികം ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 നഗരങ്ങളുടെ ലിസ്റ്റാണ് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയത്. ഉയർന്ന ആസ്തി, സമ്പന്നമായ പൈതൃകം, ഭൂമിശാസ്ത്രപരമായ ഭൂപ്രകൃതി, എന്‍റർപ്രൈസ്, ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്ന പ്രാദേശിക വികസനം എന്നിവയുള്ള റസിഡന്‍റ് കോടീശ്വരന്മാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് നഗരങ്ങളെ വിലയിരുത്തിയത്. ഈ കണക്കില്‍ ന്യൂയോർക്കിനാണ് ഒന്നാം സ്ഥാനം.
ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയിൽ അമേരിക്കയുടെ സാമ്പത്തിക കേന്ദ്രം ഒന്നാമത് നില്‍ക്കുമ്പോള്‍ തന്നെ മാൻഹട്ടനിലെ ഫിഫ്ത്ത് അവന്യൂവിൽ, റെസിഡൻഷ്യൽ അപ്പാർട്ട്മെന്‍റുകളുടെ വില ഏറ്റവും ഉയർന്ന നിലയിലാണ്. ന്യൂയോർക്ക് നഗരം ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ നാസ്ഡാക്ക്, എന്‍വൈഎസ്സി എന്നിവയുടെ ആസ്ഥാനം കൂടിയാണ്. നോർത്തേൺ കാലിഫോർണിയ, ടോക്കിയോ, സിംഗപ്പൂർ, ലണ്ടൻ, ലോസ് ഏഞ്ചൽസ്, പാരീസ്, സിഡ്‌നി, ഹോങ്കോങ്, അവസാനത്തേത് ബെയ്ജിംഗ് എന്നീ നഗരങ്ങളാണ് ന്യൂയോര്‍ക്കിന് പിന്നില്‍ യഥാക്രമം സ്ഥാനം പിടിച്ച നഗരങ്ങള്‍.