ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ധനവെന്ന് സര്‍ക്കാര്‍ കണക്ക്. 2026ൽ 74500 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.
ദില്ലി: ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ വൻവർധന. 70400 കോടി ഡോളറായി ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഉയർന്നെന്ന് സർക്കാർ വെളിപ്പെടുത്തി. പാകിസ്ഥാനും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങൾ കടത്തിൽ മുങ്ങുമ്പോഴാണ് ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തെളിയിക്കുന്നതാണ് വിദേശനാണ്യ ശേഖരത്തിലെ കുതിപ്പ്. ഇക്കാര്യത്തിൽ ചൈനയും ജപ്പാനും സ്വിറ്റ്സർലൻഡും മാത്രമാണ് ഇന്ത്യക്ക് മുന്നിൽ. ഈ വർഷം മാത്രം ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലേക്ക് 3000 കോടി ഡോളർ എത്തി.
സെപ്റ്റംബർ 27നാണ് വിദേശ നാണ്യ ശേഖരം 70000 കോടി ഡോളർ കടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 6200 കോടി ഡോളറിന്റെ വർധനവാണുണ്ടായത്. 2026ൽ 74500 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. വിദേശ നാണ്യശേഖരത്തിലെ വർധനവ് രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കാം. റിസർവ് ബാങ്കിന്റെ പണ നയത്തെയും ശേഖരം സ്വാധീനിക്കും. രൂപയുടെ മൂല്യമിടിയാതെ നിൽക്കുകയാണെങ്കിൽ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
undefined
Read More... സ്വർണാഭരണ പ്രേമികൾ കാത്തിരുന്ന ദിവസം, ഒടുവിൽ സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്ക് അറിയാം,
റിസർവ് ബാങ്കിന്റെ സ്വർണശേഖരവും വർധിച്ചു. 6570 കോടി ഡോളറിന്റെ സ്വർണ നിക്ഷേപമാണ് റിസർവ് ബാങ്കിനുള്ളത്. 1991ൽ വെറും 580 കോടി ഡോളറായിരുന്നു ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം. അന്ന് ഇന്ത്യ 55 ടൺ സ്വർണം ലണ്ടൻ ബാങ്കിൽ പണയം വെച്ചാണ് മൂന്നാഴ്ചത്തേക്കുള്ള ഇറക്കുമതി ചെലവിന് പണം കണ്ടെത്തിയത്. വായ്പാ തിരിച്ചടവും പണയം വെപ്പിന്റെ ലക്ഷ്യമായിരുന്നു. അന്നത്തെ കടുത്ത സാമ്പത്തിക ഞെരുക്കമാണ് പിന്നീട് പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് ഇന്ത്യയെ നയിച്ചത്.