മാടമ്പി ട്രംപ് രംഗത്ത്; എണ്ണവില കുറയുമോ?

By Web Team  |  First Published Sep 21, 2018, 3:43 PM IST

പെട്രോളിയം ഉല്‍പ്പാദക രാജ്യമായ ഇറാനെ നവംബര്‍ മുതല്‍ ഉപരോധിക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് നിലവില്‍ യുഎസ്. 


ദില്ലി: എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. 

"മധ്യപൗരസ്ത്യ രാജ്യങ്ങളെ സംരക്ഷിക്കുന്നത് നമ്മളാണ്. ഞങ്ങളുടെ സഹായമില്ലാതെ അവര്‍ക്ക് സുരക്ഷിതമായി അധിക കാലം മുന്നോട്ട് പോകാനാവില്ല. എന്നിട്ടും അവര്‍ (ഒപെക്) എണ്ണവില വീണ്ടും ഉയര്‍ത്താന്‍ ശ്രമിക്കുകയാണ്. എണ്ണ ഉല്‍പ്പാദനത്തില്‍ കുത്തകയായ ഒപെക് ഉടന്‍ എണ്ണവില കുറയ്ക്കുക." തന്‍റെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ട് മുഖാന്തരമാണ് ട്രംപ് പെട്രോളിയം ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെതിരെ രൂക്ഷപ്രതികരണം നടത്തിയത്. 

We protect the countries of the Middle East, they would not be safe for very long without us, and yet they continue to push for higher and higher oil prices! We will remember. The OPEC monopoly must get prices down now!

— Donald J. Trump (@realDonaldTrump)

Latest Videos

undefined

പെട്രോളിയം ഉല്‍പ്പാദക രാജ്യമായ ഇറാനെ നവംബര്‍ മുതല്‍ ഉപരോധിക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് നിലവില്‍ യുഎസ്. ഇതോടെ ക്രൂഡിന്‍റെ ഉല്‍പ്പാദനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ കുറവുണ്ടാകും. ക്രൂഡിന്‍റെ വില അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നതിനും ഇത് കാരണമാകും.

 ഇന്നലെ ബാരലിന് 79.81 ഡോളര്‍ എന്ന നിലയിലായിരുന്നു ക്രൂഡ്. ഒപെക്കിന്‍റെ പേരെടുത്ത് പറഞ്ഞുകൊണ്ടുളള ട്രംപിന്‍റെ താക്കീത് പുറത്ത് വന്നതോടെ ക്രൂഡ് വിലയില്‍ വലിയ കുറവ് വരാനിടയായി. ഇപ്പോള്‍ ബാരലിന് 79 ഡോളര്‍ എന്ന നിലയിലാണ് നിരക്ക്. 

എണ്ണവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ട്രംപിന്‍റെ ട്വീറ്റിനോട് ഒപെക് അംഗ രാജ്യങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് സൗദിയോടും റഷ്യയോടും യുഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വരുന്ന 23 ന് ഒപെക് യോഗം ചേരാനിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ രൂക്ഷപ്രതികരണം.

ഒപെക് ഇതര രാജ്യമെന്ന നിലയില്‍ റഷ്യയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ എണ്ണവില കുറയ്ക്കുന്നതിനോട് സൗദിക്കും മറ്റ് ഒപെക് രാജ്യങ്ങള്‍ക്കും അനുകൂല നിലപാടല്ല ഉള്ളതെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു.     

click me!