രൂപയുടെ മൂല്യത്തകര്‍ച്ച; വരും ദിവസങ്ങളിലെ പ്രത്യാഘാതങ്ങള്‍

By Web Team  |  First Published Sep 1, 2018, 7:28 AM IST

കയറ്റുമതിയെക്കാള്‍ ഇറക്കുമതിയെ കൂടുതല്‍  ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ രൂപയുടെ മൂല്യം ഇടിയുന്നത് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ പോകുന്നത് രാജ്യത്തിന്‍റെ ഇറക്കുമതിയെ തന്നെ ആകും. 


യുഎസ് ഡോളറിനെതിരായി രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥയാവുകയാണ്. ആഗസ്റ്റ് 31 ന് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 71 എന്ന നിലയിലേക്ക് വരെ രൂപയുടെ മൂല്യം കൂപ്പുകുത്തി. രൂപയുടെ മൂല്യത്തില്‍ തുടരുന്ന അപകടകരമായ അവസ്ഥ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച മൂലം പ്രധാനമായും പ്രതിസന്ധിയിലാവുന്നത് ഈ അഞ്ച് മേഖലകളാവും. 

ഇറക്കുമതിയില്‍ പതറി ഇന്ത്യ

Latest Videos

undefined

കയറ്റുമതിയെക്കാള്‍ ഇറക്കുമതിയെ കൂടുതല്‍  ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ രൂപയുടെ മൂല്യം ഇടിയുന്നത് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ പോകുന്നത് രാജ്യത്തിന്‍റെ ഇറക്കുമതിയെ തന്നെ ആകും. രൂപയുടെ മൂല്യം താഴുന്നത് മൂലം ഇറക്കുമതിക്കായി രാജ്യത്തിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. തന്‍മൂലം രാജ്യത്ത് വിലക്കയറ്റത്തിന് സാധ്യത വര്‍ദ്ധിക്കും. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രാജ്യത്ത് 10 ശതമാനം വരെ വിലക്കയറ്റം ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വ്യവസായ ഉപോല്‍പ്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, ചോക്കളേറ്റുകള്‍, റെഡി ടു യൂസ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്കാണ് 10 ശതമാനം വിലക്കയറ്റം വിദഗ്ധര്‍ പ്രവചിക്കുന്നത്. 

വിദേശ വിദ്യാഭ്യാസം കീറാമുട്ടിയാവും

ഇന്ന് ഇന്ത്യയിലെ മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്ന് പോലും നിരവധി കുട്ടികളാണ് അമേരിക്ക അടക്കമുളള വിദേശ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ചേക്കേറുന്നത്. ഇങ്ങനെ വിദേശത്തേക്ക് പഠനത്തിനായി പോവുന്നവരില്‍ പലരും വിദ്യാഭ്യാസ ലോണുകളുടെ സഹായത്തോടെയാവും അവിടങ്ങളില്‍ പഠനം തുടരുന്നത്. 

രൂപയുടെ മൂല്യത്തകര്‍ച്ച ഇത്തരം വിദ്യാര്‍ത്ഥികളുടെ പഠന ചെലവ് ഉയരാന്‍ ഇടയാക്കിയാക്കും. രൂപയുടെ മൂല്യം 64 -65 ഇടയില്‍ നിന്നിരുന്ന സമയത്ത് ശരാശരി യുഎസ്സിലെ യൂണിവേഴ്സിറ്റിയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായി വരുന്ന വാര്‍ഷിക ചെലവ് 30,000 മുതല്‍ 40,000 ഡോളര്‍ വരെ ആയിരുന്നെങ്കില്‍, രൂപയുടെ മൂല്യം 71 ലെത്തിയതോടെ വര്‍ഷം മൂന്നോ നാലോ ലക്ഷം കൂടി അധികമായി ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മുടക്കേണ്ടിവരും.

രോഗികളെ വിഷമത്തിലാക്കി രൂപ

രാജ്യത്തെ മരുന്ന് കന്പനികള്‍ പലതും മരുന്നുകളുടെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ വന്‍ തോതില്‍ വിദേശത്തില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രൂപയുടെ മൂല്യമിടിയല്‍ തുടരുന്നത് ഇറക്കുമതിയെ കൂടുതല്‍ ആശ്രയിച്ച് നിര്‍മ്മാണം നടത്തുന്ന മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാന്‍സര്‍ ബാധിതരായ രോഗികള്‍ക്കാവശ്യമായി വരുന്ന ഇമ്മ്യൂണോ തെറാപ്പിയുടെ ചെലവുകള്‍ ഉയരും.

ഇംപ്ലാന്‍റുകള്‍ക്ക് ചെലവേറുമോ?

ഇന്ത്യയ്ക്ക് ആവശ്യമായ 80 ശതമാനം മെഡിക്കല്‍ ഉപകരണങ്ങളും ഇറക്കുമതിയിലൂടെയാണ് രാജ്യത്തെത്തുന്നത്. ഇവ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് യുഎസ്സില്‍ നിന്നും. പ്രധാന ഇറക്കുമതി ഉപകരണങ്ങളായ ഹൃദയ ശസ്ത്രകൃയകള്‍ക്കാവശ്യമായി വരുന്ന സെന്‍റുകള്‍, ഓര്‍ത്തോപീഡിക്ക് ഇംപ്ലാന്‍റുകള്‍, മെഡിക്കല്‍ മോണിറ്ററുകള്‍, ഡീഫൈബ്രിലേറ്ററുകള്‍ എന്നിവയ്ക്ക് സര്‍ക്കാരിന്‍റെ കര്‍ശന വിലനിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം വിലക്കയറ്റം ഉണ്ടാവിനിടയില്ല. 

'വിദേശിക്ക്' വരും നാളുകളില്‍ വില ഉയരും

 

രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് കാരണം വില ഉയരുന്ന മറ്റൊരു ഉപഭോക വസ്തു വിദേശ മദ്യമാണ്. മദ്യക്കന്പനികള്‍ രാജ്യത്തെ സംസ്ഥാന എക്സൈസ് അതോറിറ്റികളുമായുണ്ടാക്കുന്ന കരാറുകളുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുന്നതിനാല്‍ പെട്ടെന്നാരു വിലക്കയറ്റം ഉണ്ടാവാനിടയില്ല. നിലവിലെ കരാറുകളുടെ കാലാവധിക്ക് ശേഷം പുതിയ കരാറുണ്ടാക്കുന്പോള്‍ മാത്രമാവും മദ്യ വിലകള്‍ ഉയരുക.   

  

click me!