നിരോധന കാലത്ത് ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകളെപ്പറ്റിയുളള കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്ത് വിട്ടത് കഴിഞ്ഞ ദിവസം മാത്രമാണ്
"ജനം ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ അവരെ അനുവദിക്കാത്ത ഏതെങ്കിലും രാജ്യത്തിന്‍റെ പേര് പറയാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ?" 2016 നവംബര്‍ 24 ന് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് നോട്ട് നിരോധനത്തെ ചോദ്യംചെയ്ത് നടത്തിയ പ്രസംഗത്തിലെ വാക്കുകളായിരുന്നു ഇത്. 2016 നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് തങ്ങളുടെ നിക്ഷേപത്തുക പിന്‍വലിക്കാന്‍ ജനത എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്നതിനെ സംബന്ധിച്ച് തന്‍റെ പ്രതിഷേധം വ്യക്തമാക്കുന്നതായിരുന്നു മന്‍മോഹന്‍ സിങ്ങിന്‍റെ ഈ വാക്കുകള്‍.
റിസര്‍വ് ബാങ്ക് പറയുന്നു
undefined
നോട്ട് നിരോധനത്തിന് 2018 നവംബറോടെ ഏകദേശം രണ്ട് വയസ്സ് പ്രായമാകാന്‍ പോകുകയാണ്. നിരോധന കാലത്ത് ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകളെപ്പറ്റിയുളള കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്ത് വിട്ടത് കഴിഞ്ഞ ദിവസം മാത്രമാണ്. അസാധു നോട്ടുകളില്‍ 99.30 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് നോട്ട് നിരോധന സമയത്ത് 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു വിനിമയ രംഗത്തുണ്ടായിരുന്നതെങ്കില്‍ അതില്‍ 15.31 ലക്ഷം കോടി രൂപയും ബാങ്കുകളില്‍ തിരിച്ചെത്തി.
നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളിലേക്ക് തിരിച്ചെത്താതിരുന്നത് കേവലം പതിനായിരം കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ മാത്രം. നോട്ട് അസാധുവാക്കലിന് ശേഷം പണമിടപാടുകളില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല ക്രയ വിക്രയത്തിനുള്ള പണത്തിന്‍റെ അളവും കൂടി. 18 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇപ്പോള്‍ വിനിമയത്തിനായുള്ളത്. അതായത് രണ്ട് വര്‍ഷം കൊണ്ട് കറന്‍സി നോട്ടുകളില്‍ 37 ശതമാനത്തിന്‍റെ വര്‍ദ്ധന. 500 ന്‍റെയും രണ്ടായിരത്തിന്‍റെയും പുതിയ നോട്ടുകളാണ് വിനിമയ രംഗത്തുള്ളതിന്‍റെ 80 ശതമാനമെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു.
മാറിമറിഞ്ഞ ലക്ഷ്യങ്ങള്‍
കള്ളപ്പണം, കള്ളനോട്ട്, ഭീകരപ്രവര്‍ത്തനം, അഴിമതി എന്നിവയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതിനാണ് നോട്ട് നിരോധനം എന്നതായിരുന്നു പ്രഖ്യാപനം. എന്നാല്‍ പിന്നിട് ലക്ഷ്യം ഡിജിറ്റല്‍ മണിയായി മാറി. വിനിമയത്തിലുണ്ടായിരുന്ന കറന്‍സികളില്‍ 99.30 ശതമാനവും തിരികെയെത്തിയതില്‍ നിന്ന് കള്ളപ്പണം തടയുകയെന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യം സത്യത്തില്‍ പൊളിയുകയാണ് ചെയ്ത്. നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് രാജ്യത്ത് തീവ്രവാദ-, മവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലുണ്ടായ കുറവിനെ സംബന്ധിച്ച് ആധികാരിക പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല.
വീഴ്ച്ചയുടെ ദിനങ്ങള്‍
നോട്ട് നിരോധന ശേഷം ജിഡിപിയില്‍ ഒന്നോ രണ്ടോ ശതമാനത്തിന്‍റെ വീഴ്ച്ചയുണ്ടാവുമെന്നുളള സാന്പത്തിക വിദഗ്ധരുടെ അഭിപ്രായം സത്യമാവുന്ന കാഴ്ച്ചയാണ് നോട്ട് നിരോധന ശേഷമുളള ദിനങ്ങളില്‍ ഇന്ത്യ കണ്ടത്.
2016 ഏപ്രില്‍ ജൂണില്‍ 7.9 ശതമാനമായിരുന്ന ജിഡിപി നോട്ട് നിരോധന ശേഷം 2017 ഏപ്രില്‍ ജൂണ്‍ മാസത്തോടെ 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. അതായത് രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഇടിഞ്ഞത് 2.2 ശതമാനമായിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് 104 പേരോളം മരണമടഞ്ഞതായാണ് കണക്ക്. രാജ്യത്തെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവരും ശരിക്കും ദുരിതത്തിലായ ദിനങ്ങളായിരുന്നു അത്. ലക്ഷ്യം വച്ചത് കള്ളപ്പണക്കാരെയാണെങ്കിലും ബുദ്ധിമുട്ടിലായത് ഇന്ത്യയിലെ സാധാരണക്കാരും പാവപ്പെട്ടവരുമായിരുന്നു. രാജ്യത്തിന്‍റെ ചെറുകിട വ്യവസായ മേഖലകളെ നോട്ട് നിരോധനം വളര്‍ച്ചമുരടിപ്പിലേക്ക് തളളി വിട്ടു.
ഇന്ത്യ ഡിജിറ്റലായോ?
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തലുകള്‍ അനുസരിച്ച് ഡിജിറ്റല്‍ പേയ്മെന്‍റുകളില്‍ വലിയ വര്‍ദ്ധനവുണ്ടായി. 2013-- 14 വര്‍ഷത്തില്‍ 220 കോടിയായിരുന്നു രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണമെങ്കില്‍ 2016 17 ല്‍ അത് 1076 കോടിയായി വര്‍ദ്ധിച്ചു. മൂന്ന് വര്‍ഷം കൊണ്ട് നാല് മടങ്ങ് വര്‍ദ്ധന. നോട്ട് റദ്ദാക്കല്‍ നടന്നത് കാരണം ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള പണം ഇടപാടുകള്‍ ഒരു വര്‍ഷം കൊണ്ട് മൂന്ന് വര്‍ഷത്തിന്‍റെ വളര്‍ച്ച നേടിയതായി സ്റ്റേറ്റ് ബാങ്ക് പറയുന്നു.
ഇ- വാലറ്റ് ഉപയോഗിച്ചുളള ഇടപാടുകള്‍ 2016 നവംബറില്‍ പ്രതിദിനം 46.03 ലക്ഷം ആയിരുന്നത് നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിദിനം 72.72 ലക്ഷം എന്ന തോതിലായിരുന്നു. ഭീം, ഐഎംപിഎസ് തുടങ്ങിയ ഡിജിറ്റല്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോമുകളെല്ലാം വളര്‍ച്ചയുണ്ടായി. നോട്ട് നിരോധന ശേഷം ഇടപാടിലും മൂല്യത്തിലും പേടിഎം 250 ശതമാനത്തിന്‍റെ വര്‍ദ്ധന പ്രകടിപ്പിച്ചതായി അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.