രാജ്യത്ത് പ്രവര്‍ത്തനമുളളത് 66 ശതമാനം കമ്പനികള്‍ മാത്രം

By Web Team  |  First Published Jul 31, 2018, 6:08 PM IST

ബിസിനസ്സ് ഇടപാടുകള്‍ നടത്തുകയും കൃത്യസമയത്ത് സ്റ്റാറ്റിയുട്ടറി ഫയലിംഗ്സ് നടത്തുകയും ചെയ്യുന്ന കമ്പനികളെയാണ് ആക്റ്റിവ് കമ്പനികളായി പരിഗണിക്കുന്നത്. 


ദില്ലി: അനധികൃത പണമൊഴുക്കിന് തടയിടുന്നതിന്‍റെ ഭാഗമായി അനവധി ഷെല്‍ കമ്പനികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിട്ടും രാജ്യത്ത് ഇന്നും 34 ശതമാനം ഷെല്‍ (സജീവമല്ലാത്ത) കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍. രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള 17.79 ലക്ഷം കമ്പനികളില്‍ 66 ശതമാനം മാത്രമേ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നൊള്ളൂ. ജൂണ്‍ വരെയുളള കണക്കുകളെ വച്ച് വിവരങ്ങള്‍ പുറത്തുവിട്ടത് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ്. 

ബിസിനസ്സ് ഇടപാടുകള്‍ നടത്തുകയും കൃത്യസമയത്ത് സ്റ്റാറ്റിയുട്ടറി ഫയലിംഗ്സ് നടത്തുകയും ചെയ്യുന്ന കമ്പനികളെയാണ് ആക്റ്റിവ് കമ്പനികളായി പരിഗണിക്കുന്നത്. നോട്ടുനിരോധനത്തിന് ശേഷം ഷെല്‍ കമ്പനികളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി ശ്രമങ്ങളാണ് നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2.26 ലക്ഷം കമ്പനികളുടെ രജിസ്ട്രേഷനാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഷെല്‍ കമ്പനികളില്‍ പലതും അനധികൃത സാമ്പത്തിക ഇടപാടുകള്‍ക്കായി രൂപീകരിച്ചവയാണെന്ന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 

Latest Videos

രാജ്യത്തെ 17.79 ലക്ഷം കമ്പനികളില്‍ 1,390 കമ്പനികള്‍ വെറും ഡോര്‍മാറ്റ് കമ്പനികളാണ് ( ഒരു പ്രവര്‍ത്തനവും നടത്താത്തവ). 38,858 കമ്പനികള്‍ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുളള നടപടികള്‍ അഭിമുഖീകരിക്കുന്നതായും ഇതില്‍ 6,117 എണ്ണം അടച്ചുപൂട്ടല്‍ നടപടികള്‍ നേരിടുന്നതായും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം വ്യക്തമാക്കി.   

click me!