ഇന്ധനവിലയില്‍ സർവകാല റെക്കോർഡിൽ; ബാഹ്യഘടകങ്ങളെന്ന് സര്‍ക്കാര്‍

By Web Team  |  First Published Sep 3, 2018, 6:34 PM IST

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 78 ഡോളറിലേക്ക് ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയിലും ഇന്ധന വില നിയന്ത്രണങ്ങളില്ലാതെ കൂടുകയാണ്


പെട്രോള്‍, ഡീസല്‍ വിലകള്‍ രാജ്യത്ത് റിക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ നിയന്ത്രിക്കാനാവാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ച്ചക്കാരാവുന്നു. പെട്രോളിന് തിരുവനന്തപുരത്തെ നിരക്ക് ലിറ്ററിന് 80 രൂപയ്ക്ക് മുകളിലാണ്, ഡീസലിന് ലിറ്ററിന് 75 രൂപയ്ക്ക് മുകളിലും. മുംബൈയിൽ ഇന്നേവരെയുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് വരെ പെട്രോൾ, ഡീസൽ വിലയെത്തി. തിങ്കളാഴ്ച രാവിലെ തന്നെ മുംബൈയില്‍ ഒരു ലീറ്റർ പെട്രോളിനു 86.56 രൂപയായിരുന്നു വില. ഡീസലിനാകട്ടെ ലീറ്ററിന് 75.54 രൂപയും.

രാജ്യത്തിന്‍റെ അതിരുകള്‍ക്കപ്പുറമുളള തികച്ചു ബാഹ്യമായ ഘടകങ്ങളാണ് രാജ്യത്തെ പെട്രോളിയം വിലവര്‍ദ്ധനയ്ക്ക് പിന്നിലുളളതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. നിരവധി ആഭ്യന്തര- അന്തര്‍ദേശീയ കാരണങ്ങളാണ് പെട്രോളിയം വിലവര്‍ദ്ധനയ്ക്ക് പിന്നിലുളളത്. 

Latest Videos

undefined

നികുതിയിലെ കളികള്‍

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 78 ഡോളറിലേക്ക് ഉയര്‍ന്നതോടെയാണ് രാജ്യത്തും ഇന്ധന വിലയില്‍ നിയന്ത്രണങ്ങളില്ലാതെ കയറ്റം പ്രകടമായതെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പ്രതികരണം. എണ്ണവില നിയന്ത്രണങ്ങളില്ലാതെ ഉയരുന്ന സാഹചര്യമുണ്ടായാല്‍ വില നിയന്ത്രണ നടപടിയെന്ന നിലയ്ക്ക് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മുകളില്‍ ചുമത്താറുളള നികുതികളില്‍ ഇളവുകള്‍ നടപ്പാക്കി വിലക്കയറ്റം പിടിച്ചു നിര്‍ത്താവുന്നതാണ്. 

കേന്ദ്ര സര്‍ക്കാര്‍ ഒരു  ലിറ്റര്‍ പെട്രോളിന് 19.48 രൂപ എക്സൈസ് നികുതിയാണ് ഇടാക്കുന്നത്. ഡീസലിനാകട്ടെ ലിറ്ററിന് 15.33 രൂപയും. കേന്ദ്ര നികുതികൾ ചുമത്തിയ ശേഷമുള്ള തുകയ്ക്കു മേൽ അതാത് സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൂടി ചേര്‍ന്ന തുകയാണ് പൊതുജനങ്ങള്‍ ഇന്ധനം വിലയായി നല്‍കേണ്ടിവരുന്നത്.

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍

ക്രൂഡിന്‍റെ കാര്യത്തില്‍ പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 71 എന്ന എക്കാലത്തെയും മോശം നില തുടരുന്നത് ക്രൂഡിന്‍റെ ഇറക്കുമതി ഇന്ത്യയ്ക്ക് ചിലവേറിയതാക്കുന്നു. രാജ്യത്ത് ആവശ്യമായി വരുന്ന 70 ശതമാനം അസംസ്കൃത എണ്ണയും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. യുഎസ് - ചൈന വ്യാപാര യുദ്ധമാണ് ഡോളറിനെതിരായി രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ച നേരിടാനുളള പ്രധാന കാരണം. 

സൗദിയുടെ നയം

ലോകത്ത് എണ്ണ ഉല്‍പ്പാദനത്തിന് മുന്നില്‍ നില്‍ക്കുന്ന സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരാന്‍ കാരണമായി. എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുമെന്ന് മുന്‍പേ പ്രഖ്യാപിച്ചിരുന്ന സൗദി ജൂലൈയില്‍ അത് പ്രാബല്യത്തില്‍ വരുത്തി. ജൂലൈ മുതല്‍ ദിവസവും ശരാശരി 2,00,000 ബാരലിലേക്കാണ് സൗദി ക്രൂഡിന്‍റെ ഉല്‍പ്പാദനം വെട്ടിക്കുറച്ചത്. ഉൽപാദനം പ്രതിദിനം 10 ലക്ഷം ബാരലാക്കാമെന്ന് ‘ഒപെക്’ വാഗ്ദാനം നൽകിയിരുന്നെങ്കിലും, അതു നടപ്പായില്ല.

ഇറാന്‍ മുതല്‍ വെനസ്വല വരെ യുഎസിന്‍റെ ഉപരോധ ആക്രമണങ്ങള്‍

രാജ്യന്തര തലത്തില്‍ ക്രൂഡിന്‍റെ ലഭ്യത കുറയാനും വില ഉയരാനും ഇടയാക്കുന്ന മറ്റൊരു പ്രധാന കാരണം യുഎസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉപരോധങ്ങളാണ്. ഇറാന്‍, വെനസ്വല തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുകളില്‍ യുഎസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉപരോധം എണ്ണവില റോക്കറ്റ് പോലെ ഉയരാന്‍ ഇടയാക്കി. ടെഹ്റാന്‍ ആണവ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയത് മുതല്‍ ഇറാന്‍റെ മുകളില്‍ യുഎസ്സിന്‍റെ ഉപരോധം തുടരുകയാണ്. 

ഇറാന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായ ക്രൂഡ് വില്‍പ്പന തടയുകയാണ് യുഎസ്സിന്‍റെ ശ്രമം. ഇതിനായി ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ക്ക് മുകളില്‍ അമേരിക്കന്‍ സമ്മര്‍ദ്ദവും ശക്തമാണ്. ഇറാനില്‍ നിന്ന് ക്രൂഡ് വാങ്ങുന്ന രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രാജ്യം. 

എണ്ണ ഉല്‍പ്പാദനത്തില്‍ മുന്നിലുളള ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വലയ്ക്ക് മുകളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ ക്രൂഡിന്‍റെ ലഭ്യതയില്‍ വലിയ കുറവാണ് അന്താരാഷ്ട്ര വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. യുഎസ് തങ്ങളുടെ സൗഹൃദ രാജ്യങ്ങളോട് വെനസ്വലയില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു.   

click me!