മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍: ആദായനികുതിയുടെ പരിധി ഇരട്ടിയാക്കിയേക്കും

By Web Team  |  First Published Jan 15, 2019, 12:49 PM IST

 ആദായനികുതി നല്‍കുന്നതിനുള്ള മിനിമം പരിധി കേന്ദ്രസര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 


ദില്ലി: സാമ്പത്തിക സംവരണത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഫിബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ ആദായനികുതി നല്‍കുന്നതിനുള്ള മിനിമം പരിധി കേന്ദ്രസര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നിലവില്‍ രണ്ടരലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുള്ള ഏല്ലാ പൗരന്‍മാരും ആദായനികുതി നല്‍കണം എന്നാണ് വ്യവസ്ഥ. രണ്ടരലക്ഷത്തില്‍ താഴെ ഉള്ളവര്‍ നികുതി നല്‍കേണ്ടതില്ല. ആദായനികുതി നല്‍കുന്നതിനുള്ള പരിധി നിലവിലുള്ള രണ്ടരലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തി കൊണ്ടുള്ള പ്രഖ്യാപനം വരാനിരിക്കുന്ന ബജറ്റില്‍ ധനമന്ത്രിയില്‍ നിന്നുണ്ടാവുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. രാജ്യത്തെ കോടിക്കണക്കിന് വരുന്ന മധ്യവര്‍ഗ്ഗ വിഭാഗത്തെ  ഈ തീരുമാനം ആകര്‍ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 

Latest Videos

undefined

നികുതി സ്ലാബിലെ പരിഷ്കാരം കൂടാതെ ചികിത്സാ ചിലവുകള്‍ക്കും, യാത്രാ ആനുകൂല്യങ്ങള്‍ക്കുമുള്ള നികുതിസൗജന്യം പുനസ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്നും സൂചനയുണ്ട്. ടാക്സ് കോഡില്‍ അടിമുടി പരിഷ്കാരം കൊണ്ടു വരുന്നതും ധനമന്ത്രിയുടെ പരിഗണനയിലുള്ള വിഷയമാണ്. വരുമാനവും നികുതിയുടെ പരിധിയും പൂര്‍ണമായും പുനര്‍ നിര്‍വചിക്കാനും കോര്‍പറേറ്റ് നികുതി എടുത്തു കളഞ്ഞ് വ്യവസായ മേഖലയെ ഉത്തേജിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ധനമന്ത്രാലയത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യൂണിയന്‍ ബജറ്റിന് ശേഷം അധികം വൈകാതെ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തുവന്നേക്കാം എന്നതും ജനപ്രിയപ്രഖ്യാപനങ്ങള്‍ നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. 

നിലവില ആദായനികുതി സ്ലാബുകള്‍       നികുതി 

രണ്ടരലക്ഷം വരെ                                             നികുതിയില്ല
രണ്ടരലക്ഷം മുതല്‍ 5 ലക്ഷം വരെ            5 ശതമാനം 
5 ലക്ഷം മുതല്‍ 10 ലക്ഷം വരെ                    20 ശതമാനം 
10 ലക്ഷത്തിന് മുകളില്‍                                  30 ശതമാനം 

click me!