മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ന് വിപണികളില്‍ വ്യാപാരം തുടങ്ങിയ ഉടനെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിലയില്‍ കുതിപ്പുരേഖപ്പെടുത്തി.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയ്ക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് തകര്‍ച്ച നേരിട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ തിരിച്ചുവരുന്നു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ന് വിപണികളില്‍ വ്യാപാരം തുടങ്ങിയ ഉടനെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിലയില്‍ കുതിപ്പുരേഖപ്പെടുത്തി. പൊതുമേഖലാ ഓഹരികളായ എസ്ബിഐ, പവര്‍ഗ്രിഡ്, എന്‍ടിപിസി ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്. പവര്‍ഗ്രിഡിന്റെ ഓഹരികള്‍ മൂന്ന് ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ ഒരു ശതമാനവും ഉയര്‍ന്നു. എന്‍ടിപിസി ഓഹരികളിലും ഒരു ശതമാനം നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ട ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ഓഹരികളും നേട്ടത്തില്‍ തിരിച്ചെത്തി. രണ്ട് ശതമാനത്തോളം ഉയര്‍ന്നാണ് എച്ച്എഎല്‍ ഓഹരികളില്‍ വ്യാപാരം നടക്കുന്നത്. സെന്‍സെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം ആരംഭിച്ചയുടനെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാതിരുന്നതോടെ ഓഹരി വിപണികളിലുണ്ടായ നഷ്ടം ഏറ്റവും കൂടുതല്‍ ബാധിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളെയായിരുന്നു . ഇതില്‍ തന്നെ ഏറ്റവുമധികം നഷ്ടം നേരിട്ടത് ഡിഫന്‍സ് ഓഹരികളാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ഭാരത് ഡൈനാമിക്‌സ്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുടെ ഓഹരികൾ 10 മുതൽ 12 ശതമാനം വരെ ഇടിഞ്ഞു. ഇതില്‍ ഭാരത് ഡൈനാമിക്‌സ് ഓഹരികളിന്ന് നേട്ടത്തില്‍ തിരിച്ചെത്തി.
undefined
ഡിഫന്‍സ് ഓഹരികൾ അന്ന് 15 ശതമാനത്തോളം ഇടിഞ്ഞു. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎൽ) ഓഹരികൾ 19.36 ശതമാനവും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് 14.29 ശതമാനവും ഇടിഞ്ഞിരുന്നു. ഭാരത് ഡൈനാമിക്‌സ് ഓഹരികൾ 10 ശതമാനവും കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ ഏകദേശം 9 ശതമാനവും നഷ്ടം നേരിട്ടു. എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് , ഭാരത് ഡൈനാമിക്‌സ് , ഭാരത് ഇലക്ട്രോണിക്‌സ് , ബിഇഎംഎൽ എന്നിവയുടെ ഓഹരികൾ 10 ശതമാനം വരെ ഉയർന്ന ശേഷമായിരുന്നു കനത്ത ഇടിവുണ്ടായത്.
നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക