ലുലു ഗ്രൂപ്പിന്റെ വമ്പൻ ഐപിഒ ഉടനെന്ന് റിപ്പോർട്ട്; രണ്ട് ഗള്‍ഫ് രാജ്യങ്ങളിൽ നിന്ന് 8300 കോടി സമാഹരിക്കും

By Web Team  |  First Published Feb 8, 2024, 3:39 PM IST

ഓഹരി വിൽപനയ്ക്ക് മുന്നോടിയായി ബാങ്കുകളിൽ നിന്നുള്ള ധനസമാഹരണത്തിന് ലുലു ഗ്രൂപ്പ് താത്പര്യപത്രം ക്ഷണിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 


അബുദാബി: ലുലു ഗ്രൂപ്പിന്റെ ഐപിഒ ഈ വർഷം രണ്ടാം പകുതിയോടെയെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി തലസ്ഥാനമായ റിയാദിലെയും യുഎഇ തലസ്ഥാനമായ അബുദാബിയിലെയും ഓഹരി വിപണികളിൽ ഒരേ സമയം ലുലു ഗ്രൂപ്പ് ലിസ്റ്റ് ചെയ്യുമെന്നാണ് ഗൾഫ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ചില സ്രോതസുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗികമായി  പ്രതികരിക്കാൻ ലുലു ഗ്രൂപ്പ് പ്രതിനിധികൾ ഇതുവരെ തയ്യാറായിട്ടില്ല. 

ഓഹരി വിൽപനയ്ക്ക് മുന്നോടിയായി ബാങ്കുകളിൽ നിന്നുള്ള ധനസമാഹരണത്തിന് ലുലു ഗ്രൂപ്പ് താത്പര്യപത്രം ക്ഷണിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎഇയിലെയും സൗദി അറേബ്യയിലെയും ബാങ്കുകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചതായാണ് വിവരം. 100 കോടി ഡോളര്‍ (8300 കോടി ഇന്ത്യൻ രൂപ) ആണ് ഓഹരി വിൽപനയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. പ്രഥമ ഓഹരി വിൽപനയ്ക്ക് മുന്നോടിയായി 10 ബില്യൻ ദിര്‍ഹത്തിന്റെ (250 കോടി ഡോളർ) വായ്പ, ലുലു ഗ്രൂപ്പ് ഇക്വിറ്റി ഓഹരികളായി  റീഫിനാൻസ് ചെയ്തതായി കഴിഞ്ഞ ഓഗസ്റ്റിൽ ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest Videos

undefined

രണ്ട് ഓഹരി വിപണികളില്‍ ഒരേ സമയം ലിസ്റ്റ് ചെയ്യുന്നത് മിഡിൽ ഈസ്റ്റിൽ അത്ര സാധാരണമല്ല. മിഡിൽ ഈസ്റ്റ് നോര്‍ത്ത് അമേരിക്ക മേഖലകളിൽ കെ.എഫ്.സി, പിസാ ഹട്ട് റസ്റ്റോറന്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന അമേരിക്കാനാ ഗ്രൂപ്പ് 2022ൽ ഇത്തരത്തിൽ യുഎഇയിലും സൗദി അറേബ്യയിലും ഒരേ സമയം ലിസ്റ്റ് ചെയ്തിരുന്നു. ലുലു ഗ്രൂപ്പിന്റെ ഐപിഒ സംബന്ധിച്ച് 2022ലും വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!