ഓഹരി വിപണിയിലേക്ക് അടിച്ചു കയറി കമ്പനികള്‍; ആകെ ഐപിഒകളുടെ നാലിലൊന്നും ഇന്ത്യയില്‍

By Web TeamFirst Published Sep 19, 2024, 1:36 PM IST
Highlights

ആഗോള തലത്തില്‍ ഐപിഒ വിപണി ശക്തമായ മുന്നേറ്റം കാഴ്ച വച്ചെങ്കിലും അതില്‍ നിന്നെല്ലാം വേറിട്ട് മികച്ച ഡിമാന്‍റിന്‍റെയും വിദേശ നിക്ഷേപത്തിന്‍റെയും പിന്‍ബലത്തില്‍ വലിയ കുതിപ്പാണ് ഇന്ത്യയിലെ ഐപിഒ വിപണിയിലുണ്ടായത്.

ഹരി വിപണിയിലേക്ക് 2024ല്‍ പ്രവേശിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യ. 2024 ആദ്യ പകുതിവരെയുള്ള കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ നാലിലൊന്നും ഇന്ത്യയിലാണ്. ചെറുകിട - ഇടത്തരം കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പനയിലെ കുതിപ്പാണ് ഇന്ത്യന്‍ ഓഹരി വിപണികളുടെ റെക്കോര്‍ഡ് പ്രകടനത്തിന് കാരണം. ആഗോള തലത്തില്‍ ഐപിഒ വിപണി ശക്തമായ മുന്നേറ്റം കാഴ്ച വച്ചെങ്കിലും അതില്‍ നിന്നെല്ലാം വേറിട്ട് മികച്ച ഡിമാന്‍റിന്‍റെയും വിദേശ നിക്ഷേപത്തിന്‍റെയും പിന്‍ബലത്തില്‍ വലിയ കുതിപ്പാണ് ഇന്ത്യയിലെ ഐപിഒ വിപണിയിലുണ്ടായത്. ഈ വര്‍ഷം ഇത് വരെ 5,450 കമ്പനികളാണ് ആഗോളതലത്തില്‍ ഐപിഒ നടത്തിയത്. ഇതിന്‍റെ 25 ശതമാനവും ഇന്ത്യയിലായിരുന്നു. വെല്‍ത്ത് മാനേജ്മെന്‍റ് സ്ഥാപനമായ ഏഞ്ചല്‍ വണ്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2021ലാണ് ഇതിന് മുമ്പ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഐപിഒ നടന്നത്.അന്ന് 2,388 കമ്പനികളാണ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തത്. 453.3 ബില്യണ്‍ ഡോളറാണ് അന്ന് എല്ലാ കമ്പനികളും ചേര്‍ന്ന് സമാഹരിച്ചത്. 20 വര്‍ഷത്തെ ഐപിഒ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായിരുന്നു അത്.  ഓഹരി വിപണികളില്‍ നിന്നുള്ള റിട്ടേണ്‍ വര്‍ധിച്ചതും കൂടുതല്‍ കമ്പനികള്‍ ഐപിഒ നടത്തുന്നതിന് കാരണമായിട്ടുണ്ട്. ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍, നിഫ്റ്റി 17 ശതമാനവും സെന്‍സെക്സ് ഏകദേശം 16 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

Latest Videos

2023-ല്‍ 178 കമ്പനികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ അരങ്ങേറ്റം കുറിച്ചു. ചൈന 103, യുഎസ് 21, യുകെ 22 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ പ്രകടനം. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, റീട്ടെയില്‍ കമ്പനികള്‍, വ്യാവസായിക ഉല്‍പ്പന്ന കമ്പനികള്‍, സാമ്പത്തിക സേവന സ്ഥാപനങ്ങള്‍ , ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ എന്നിവയാണ് ഐപിഒ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നത്.  ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത എസ്എംഇ കമ്പനികളുടെ ലിസ്റ്റിംഗ് നേട്ടവും മികച്ചതായിരുന്നു. ശരാശരി 74 ശതമാനം ആണ് കമ്പനികളുടെ ലിസ്റ്റിംഗ് നേട്ടം.2019ല്‍ ഇത് 2 ശതമാനമായിരുന്നു. കോവിഡിന് ശേഷമാണ് ചെറുകിട കമ്പനികളുടെ  ലിസ്റ്റിംഗ് കൂടിയത്.. രണ്ടാഴ്ച മുമ്പ്, രണ്ട് ഔട്ട്ലെറ്റുകളും എട്ട് ജീവനക്കാരും മാത്രമുള്ള ഒരു മോട്ടോര്‍സൈക്കിള്‍ ഡീലര്‍ഷിപ്പ് നടത്തിയ ഐപിഒക്ക് 400 മടങ്ങിലധികം അപേക്ഷയാണ് ലഭിച്ചത്.

tags
click me!