ജി20 രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പണമിടപാടിനായി യുപിഐ ഉപയോഗിക്കാം; ആർബിഐ

By Web Team  |  First Published Feb 8, 2023, 3:16 PM IST

തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഈ സൗകര്യം ആദ്യം അവതരിപ്പിക്കുമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി 
 


ദില്ലി: ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ വിദേശ യാത്രക്കാരെയും വ്യാപാര സേവനങ്ങൾക്ക് പണം നൽകുന്നതിനായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പേയ്‌മെന്റുകൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ന് നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗ പ്രഖ്യാപനത്തിനിടെ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ജി 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഈ സൗകര്യം ആദ്യം അവതരിപ്പിക്കുമെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി.  

മര്‍ച്ചന്റ് പെയ്മന്റുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ യുപിഐ സൗകര്യം ലഭ്യമാകുക. വിജയിക്കുന്ന പക്ഷം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും സൗകര്യം ഉപയോഗിക്കാനാകും എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ പൈലറ്റ് അടിസ്ഥാനത്തില്‍ സ്ഥാപിക്കുമെന്നും ആർബിഐ അറിയിച്ചു. ബാങ്ക് നോട്ടുകളിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും പൊതുജനങ്ങള്‍ക്ക് നാണയങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുമാണിത്.

Latest Videos

undefined

തുടക്കത്തിൽ 12 നഗരങ്ങളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീനിൽ (ക്യുസിവിഎം) പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.  ഈ വെൻഡിംഗ് മെഷീനുകൾ ബാങ്ക് നോട്ടുകൾക്ക് പകരം നാണയങ്ങൾ വിതരണം ചെയ്യും എന്നും ഗവർണർ വ്യക്തമാക്കി.  ഇത് സാധാരണക്കാർക്ക് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും ആർബിഐ ശക്തികാന്ത ദാസ് പറഞ്ഞു.

അതേസമയം തുടർച്ചയായ ആറാം തവണയും ആര്‍ബിഐ പലിശ നിരക്കുകൾ ഉയർത്തി. 25 ബേസിസ് വർദ്ധനവാണ് വരുത്തിയത്. ഇതോടെ മൊത്തം വര്‍ദ്ധനവ് 250 ബേസിസ് പോയിന്റായി. 

click me!