റിസർവ് ബാങ്ക് റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 11 മാസത്തേക്ക് രാജ്യത്തിന്റെ ഇറക്കുമതികൾ നിർവഹിക്കാൻ ഈ വിദേശനാണ്യ ശേഖരം മതിയാകും.
രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് നിരക്കിൽ. നിലവിലെ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം 651.5 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മെയ് 24 ന് ഇത് 646.67 ബില്യൺ ഡോളറായിരുന്നു. അതിനുശേഷം മൊത്തം ശേഖരം 4.83 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ചു. നേരത്തെ മെയ് 17 ന് രേഖപ്പെടുത്തിയ 648.7 ബില്യൺ യുഎസ് ഡോളറായിരുന്നു ഏറ്റവും ഉയർന്ന വിദേശനാണ്യ കരുതൽ ശേഖരം. വിദേശ വിനിമയ കരുതൽ ശേഖരം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളെ നേരിടാനുള്ള സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ശക്തിയെ പ്രതിനിധീകരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.റിസർവ് ബാങ്കാണ് ഇത് സൂക്ഷിക്കുന്നത്. യുഎസ് ഡോളർ, യൂറോ, ജാപ്പനീസ് യെൻ, പൗണ്ട് സ്റ്റെർലിംഗ് എന്നിങ്ങനെയുള്ള കറൻസികൾ, സ്വർണം തുടങ്ങിയവയിലാണ് കരുതൽ ശേഖരം സാധാരണയായി സൂക്ഷിക്കുന്നത്. റിസർവ് ബാങ്ക് റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 11 മാസത്തേക്ക് രാജ്യത്തിന്റെ ഇറക്കുമതികൾ നിർവഹിക്കാൻ ഈ വിദേശനാണ്യ ശേഖരം മതിയാകും.
എണ്ണൂറ് ടണ്ണിലധികമാണ് ഇന്ത്യയുടെ സ്വർണശേഖരം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ഇന്ത്യയിലുമായാണ് റിസർവ് ബാങ്ക് സ്വർണശേഖരം സൂക്ഷിച്ചിരിക്കുന്നത്. ഇതിലൊരു ഭാഗം അടുത്തിടെ ഇന്ത്യയിലേക്ക് മാറ്റിയിരുന്നു.
രൂപയുടെ മൂല്യമിടിവ് പിടിച്ചു നിർത്തുന്നതിന് റിസർവ് ബാങ്ക് ഇടപെടുന്നുണ്ടെന്ന് ഗവർണർ വ്യക്തമാക്കി. വിദേശ നിക്ഷേപം പുറത്തേക്ക് ഒഴുകുന്നതും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും കാരണം വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപ 9 പൈസ ഇടിഞ്ഞ് 83.53 ൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആർബിഐയുടെ ഇടപെടൽ.