എല്ലാ വീടുകളിലും ഇനി 'എല്‍ഇഡി' മാത്രം പ്രകാശിക്കും: സര്‍ക്കാര്‍ പദ്ധതി മാര്‍ച്ച് മുതല്‍

By Web Team  |  First Published Feb 23, 2019, 11:04 AM IST

പദ്ധതിയുടെ രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നിന് ത‍ുടങ്ങും. സാധാരണ ബള്‍ബ്, ട്യൂബ് ലൈറ്റ്, സിഎഫ്എല്‍ തുടങ്ങിയവ മാറ്റി എല്‍ഇഡി ലൈറ്റ്, ട്യൂബ് എന്നിവ വിതരണം ചെയ്യുന്ന 750 കോടി രൂപയാണ് പദ്ധതിയാണിത്. ആദ്യ ഘട്ടമായി അഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ ജൂണ്‍ അവസാനം വിതരണം ചെയ്യും. 


തിരുവനന്തപുരം: കേരളത്തിലെ വീടുകളില്‍ ഇനിമുതല്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും പ്രകാശിക്കും. സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍ എന്നിവ പൂര്‍ണമായും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായാണിത്. സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്മെന്‍റ് സെന്‍ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നിന് ത‍ുടങ്ങും. സാധാരണ ബള്‍ബ്, ട്യൂബ് ലൈറ്റ്, സിഎഫ്എല്‍ തുടങ്ങിയവ മാറ്റി എല്‍ഇഡി ലൈറ്റ്, ട്യൂബ് എന്നിവ വിതരണം ചെയ്യുന്ന 750 കോടി രൂപയാണ് പദ്ധതിയാണിത്. ആദ്യ ഘട്ടമായി അഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ ജൂണ്‍ അവസാനം വിതരണം ചെയ്യും. 

Latest Videos

undefined

എല്‍ഇഡി ട്യൂബുകളുടെ കാര്യത്തില്‍ രജിസ്ട്രേഷന്‍ സെപ്റ്റംബറില്‍ തുടങ്ങും. ട്യൂബുകളുടെ വിതരണം ഡിസംബറിന് മുന്‍പ് പൂര്‍ത്തിയാക്കും. 2.5 കോടി എല്‍ഇഡി ബള്‍ബുകളാണ് പദ്ധതി വഴി വിതരണം ചെയ്യുക. ഈ പദ്ധതിയിലൂടെ അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും എല്‍ഇഡി ഒഴികെയുളള ബള്‍ബുകളും ട്യൂബുകളും ഒഴിവാക്കാനാകുമെന്നാണ് വൈദ്യുതി ബോര്‍ഡിന്‍റെ പ്രതീക്ഷ. 

വെബ്സൈറ്റ്, ആപ്പ് മുഖേനയോ, മീറ്റര്‍ റീഡര്‍ വഴിയോ, സെക്ഷന്‍ ഓഫീസുകളില്‍ നേരിട്ടെത്തിയോ ഏപ്രില്‍ 30 വരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനാകും. പുതിയ എല്‍ഇഡി വാങ്ങുമ്പോള്‍ അത്രയും എണ്ണം പഴയ ബള്‍ബുകള്‍ തിരികെ നല്‍കണം. പഴയ ബള്‍ബുകളും ട്യൂബുകളും ചെറിയ ഒരു സര്‍വീസ് ചാര്‍ജ് ഈടാക്കി ആകും ശേഖരിക്കുക. പിന്നീട് ഇവ പൊടിച്ച് ചില്ലും മെര്‍ക്കുറിയും വേര്‍തിരിക്കും. ഇതിനായി വിവിധ കമ്പനികളെ ടെന്‍ഡര്‍ ക്ഷണിച്ച് കണ്ടെത്തും. ഈ മെര്‍ക്കുറിയും ചില്ലും പുനരുപയോഗിക്കാനാകും.

ഒരു എല്‍ഇഡി ബള്‍ബ് ഏകദേശം 65 രൂപയ്ക്ക് നല്‍കാനാകുമെന്നാണ് ബോര്‍ഡിന്‍റെ പ്രതീക്ഷ. ഇതിനായി ചെലവാകുന്ന തുക പിന്നീട് ഗഡുക്കളായി വൈദ്യുതി ബില്ലിനൊപ്പം ഇടാക്കും. ആദ്യ ഘട്ടത്തില്‍ ഒന്‍പത് വോള്‍ട്ടിന്‍റെ ബള്‍ബുകളാകും വിതരണത്തിനെത്തിക്കുക. എല്‍ഇഡി ട്യൂബുകള്‍ സ്ഥാപിക്കാന്‍ ഹോര്‍ഡറുകള്‍ മാറ്റേണ്ടി വരുമെന്നെതിനാലാണ് ട്യൂബ് വിതരണം ഡിസംബറിലേക്ക് മാറ്റിയത്. 
 

click me!