ജിഎസ്‍ടി മുതല്‍ പ്രത്യേക പാക്കേജ് വരെ; ധനസമാഹരണത്തിന് സജീവ നീക്കങ്ങളുമായി കേരള സര്‍ക്കാര്‍

By Web Team  |  First Published Aug 22, 2018, 6:45 AM IST

കേരളത്തില്‍ സംസ്ഥാന ജിഎസ്‍ടി (എസ്‍ജിഎസ്‍ടി) നിരക്കിനോടൊപ്പം സെസ്സും കൂടി ഏര്‍പ്പെടുത്താനാവും സര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെടുകയെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം


പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മ്മിക്കാനുളള ധനസമാഹരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത ശ്രമത്തിലാണിപ്പോള്‍. കേരളത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാരിന്‍റെ  നികുതി വരുമാനം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കേണ്ടിവരും. ഇന്ന് മുഖ്യമന്ത്രി നടത്തിയ രണ്ട് പ്രഖ്യാപനങ്ങള്‍ ഇതിന്‍റെ ആദ്യ ചുവടെന്ന നിലയിലാണ് വ്യാഖ്യാനിക്കപ്പെടുത്തത്.

പ്രളയക്കെടുതി നേരിടാനുളള ധന സമാഹരണത്തിനായി പ്രത്യേക ലോട്ടറി തുടങ്ങാനുളള തീരുമാനമാണ് ആദ്യത്തേത്. ജിഎസ്ടിക്ക് 10 ശതമാനം സെസ് ഏര്‍പ്പെടുത്താനുളളതാണ് രണ്ടാമത്തെ ശ്രദ്ധേയ തീരുമാനം. എന്നാല്‍, ജിഎസ്‍ടി നിക്കുകളില്‍ മാറ്റം വരുത്താനോ അധികമായി സെസ് ഏര്‍പ്പെടുത്താനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ജിഎസ്‍ടി കൗണ്‍സിലിന് മുന്നില്‍ ആവശ്യം ഉന്നയിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.

Latest Videos

undefined

കേരളത്തില്‍ സംസ്ഥാന ജിഎസ്‍ടി (എസ്‍ജിഎസ്‍ടി) നിരക്കിനോടൊപ്പം സെസ്സും കൂടി ഏര്‍പ്പെടുത്താനാവും സര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെടുകയെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം.

വായ്പാ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് നാല് ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നും, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന പ്രഖ്യാപനവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. 
പ്രളയത്തിന്‍റെ നഷ്ടപരിഹാരമായി കൂടുതല്‍ തുക ദുരിത ബാധിതര്‍ക്ക് അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണനയ്ക്കെടുത്താല്‍ അതിനനുസരിച്ച് കൂടുതല്‍ തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും. 

പ്രളയക്കെടുതി നേരിടാന്‍ 20,000 കോടി രൂപയും അടിയന്തര സഹായമായി 2,000 കോടി രൂപയുമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, അടിയന്തര സഹായമായി 500 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പിന്നാലെ കൂടുതല്‍ തുക അനുവദിക്കുമെന്നാണ് കേന്ദ്ര ധന മന്ത്രാലയം നല്‍കുന്ന സൂചനകള്‍. 

യുഎഇ, ഖത്തർ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ കേരളത്തിലെ പ്രളയക്കെടുതി നേരിടാനായി പ്രഖ്യാപിച്ച ധനസഹായത്തിന്‍റെ കാര്യത്തിലും  അവ്യക്തത തുടരുകയാണ്. മറ്റൊരു രാജ്യത്തിന്‍റെ ധനസഹായം സ്വീകരിക്കില്ല എന്നാണ് നയമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. യുഎഇ 700 കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ  പ്രഖ്യാപിച്ച ധന സഹായത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, സഹായം സ്വീകരിക്കുമോ ഇല്ലയോ എന്ന് ഇതുവരെ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന സഹായം ലഭിക്കാതിരിക്കുകയോ യുഎഇയുടേത് അടക്കമുളള വിദേശ രാജ്യങ്ങളുടെ സഹായങ്ങള്‍ ലഭിക്കുന്നതില്‍ തടസ്സം നേരിടുകയോ ചെയ്താല്‍ കേരളത്തെ പുനര്‍ നിര്‍മ്മിക്കാനായി സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ധനസമാഹരണ മാര്‍ഗ്ഗങ്ങളെപ്പറ്റി ആലോചിക്കേണ്ടിവരും.

click me!