പ്രളയക്കെടുതി; വ്യാപാര സ്ഥാപനങ്ങളില്‍ ജനത്തിരക്ക് കൂടുന്നു

By Web Team  |  First Published Sep 1, 2018, 12:01 AM IST

പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി കന്പനികളും പ്രളയബാധിതരെ സഹായിക്കാനായി മുന്നിലുണ്ട്


തിരുവനന്തപുരം: പ്രളയത്തില്‍ കേടുവന്ന ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങാനും നന്നാക്കിയെടുക്കാനുമായി ജനം വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തിത്തുടങ്ങി. പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി കന്പനികളും പ്രളയബാധിതരെ സഹായിക്കാനായി മുന്നിലുണ്ട്. വീടുകളിലേക്ക് മടങ്ങിയെത്തിയ കൂടുതല്‍ പേര്‍ വരും മാസങ്ങളില്‍ കടകളിലേക്കെത്തുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍.

സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ എത്തിത്തുടങ്ങിയതോടെ അടിസ്ഥാന ഉപകരണങ്ങളുടെ വിപണിയില്‍ ഉണർവ് കൈവന്നിട്ടുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുന്നതോടെ പ്രളയക്കെടുതിയില്‍ നിന്ന് വിപണി പഴയ പ്രതാപത്തിലേക്ക് ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Latest Videos

undefined

വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ നഷ്ടമായ വീട്ടുപകരണങ്ങളെല്ലാം മാറ്റിയെടുക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍ പ്രളയ ബാധിതർ. വീട്ടില്‍ അത്യാവശ്യമായി വേണ്ട പാത്രങ്ങളും കുക്കറുമുള്‍പ്പടെയുള്ളവ വാങ്ങാനാണ് കൂടുതല്‍പേരും ഇപ്പോള്‍ കടകളിലെത്തുന്നത്. എല്ലാവർക്കും വില കുറഞ്ഞത് മതിയെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

മിക്കവരുടെയും ടിവിയും ഫ്രിഡ്ജും നശിച്ചു പോയിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയശേഷം ആളുകളെത്തി ഇവയെല്ലാം വാങ്ങുമെന്നാണ് സംസ്ഥാനത്ത് വിപണി സാന്നിധ്യമുളള ഗൃഹോപകരണ കന്പനികളുടെ പ്രതീക്ഷ.

ഗൃഹോപകരണങ്ങള്‍ നന്നാക്കിയെടുക്കുന്നതിനായി വിപുലമായ സൗകര്യങ്ങളും വ്യാപാരസ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രളയത്തില്‍ മാന്ദ്യത്തിലായ ഓണം വിപണി പുതിയ സാഹചര്യത്തില്‍ സജീവമാകുമെന്നതിന്‍റെ നല്ല സൂചനകളാണിതെന്നാണ് ഈ രംഗത്തുളളവരുടെ നിരീക്ഷണം. 


 

click me!