നിലവില്‍ തുടരുന്ന നികുതി സ്ലാബുകളായ 12 ശതമാനം ഏട്ട് ശതമാനം എന്നീ നിരക്കുകളില്‍ നിന്ന് അഞ്ച് ശതമാനം മൂന്ന് ശതമാനം എന്നീ നിരക്കുകളിലേക്ക് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ജിഎസ്ടി കുറയ്ക്കണമെന്നാണ് മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ദില്ലി: റിയല്‍ എസ്റ്റേറ്റ് നികുതി കുറയ്ക്കല്‍, ലോട്ടറി നികുതി ഏകീകരണം ഉള്‍പ്പടെയുളള വിഷയങ്ങള്‍ ഫ്രെബ്രുവരി 24 ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിക്കും. ഇന്ന് ഈ വിഷയങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഫെബ്രുവരി 24 ലേക്ക് മാറ്റുകയായിരുന്നു.
ജനുവരിയിലെ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗിന്‍റെ സമയപരിധി ജമ്മു കാശ്മീര്‍ ഒഴികെയുളള സംസ്ഥാനങ്ങള്‍ക്ക് ഫെബ്രുവരി 22 വരെ നീട്ടി. ജമ്മു കാശ്മീരില്‍ ഇത് ഫെബ്രുവരി 28 വരെയാണ്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ജിഎസ്ടി നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേലിന്‍റെ അദ്ധ്യക്ഷതയിലുളള സമിതി അനുകൂല റിപ്പോര്‍ട്ടാണ് കൗണ്‍സിലിന് സമര്‍പ്പിച്ചത്.
നിലവില്‍ തുടരുന്ന നികുതി സ്ലാബുകളായ 12 ശതമാനം ഏട്ട് ശതമാനം എന്നീ നിരക്കുകളില്‍ നിന്ന് അഞ്ച് ശതമാനം മൂന്ന് ശതമാനം എന്നീ നിരക്കുകളിലേക്ക് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ജിഎസ്ടി കുറയ്ക്കണമെന്നാണ് മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്. ഇതോടൊപ്പം ഞായറാഴ്ച ലോട്ടറി നികുതി ഏകീകരണവും ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും.