ഇറാനെ 'പൂജ്യത്തില്‍' ഒതുക്കാന്‍ അമേരിക്ക: യുഎസ്സിന്‍റെ ആഗ്രഹങ്ങള്‍ നടക്കില്ലെന്ന് ഇറാന്‍; ആശങ്ക വര്‍ധിക്കുന്നു

By Web Team  |  First Published May 2, 2019, 4:18 PM IST

അമേരിക്കയ്ക്ക് ഇറാന്‍റെ എണ്ണ വ്യാപാരത്തിന്‍റെ ഒരു വാതില്‍ മാത്രം അടയ്ക്കാനേ കഴിയും മറ്റ് വഴികളിലൂടെ ഇറാന്‍ എണ്ണ വില്‍പ്പന തുടരും. വരുന്ന മാസങ്ങളില്‍ അമേരിക്കയ്ക്ക് അത് മനസിലാകും, ഇറാന്‍ തുടര്‍ന്നും പെട്രോളിയം കയറ്റുമതി ചെയ്യും. 


ടെഹ്റാന്‍: ഇറാന്‍റെ ക്രൂഡ് ഓയില്‍ കയറ്റുമതി പൂജ്യത്തിലെത്തിക്കാന്‍ പൂര്‍ണ ഉപരോധം നടപ്പാക്കി അമേരിക്ക. മെയ് രണ്ട് മുതല്‍ ആരെയും ഇറാന്‍ എണ്ണ വാങ്ങാന്‍ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുവദിച്ചിരുന്ന 180 ദിവസത്തെ ഇളവ് ഇന്നലെ അവസാനിച്ചതോടെയാണ് ഇറാനെതിരെ പൂര്‍ണ ഉപരോധ നടപടികള്‍ക്ക് അമേരിക്ക തുടക്കമിട്ടത്. 

അമേരിക്കയുടെ ഈ തീരുമാനം നടപ്പാകില്ലെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി അറിയിച്ചു. വാഷിംഗ്ടണ്‍ ഇറാന്‍റെ വിദേശ നാണ്യ വരവിനെ തടയാന്‍ ശ്രമിക്കുകയാണ്. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ഇറാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. ഇതിലൂടെ വിദേശ നാണ്യ വരവ് ഉയര്‍ത്തും അദ്ദേഹം രാജ്യത്തോട് പറഞ്ഞു.

Latest Videos

undefined

അമേരിക്കയ്ക്ക് ഇറാന്‍റെ എണ്ണ വ്യാപാരത്തിന്‍റെ ഒരു വാതില്‍ മാത്രം അടയ്ക്കാനേ കഴിയും മറ്റ് വഴികളിലൂടെ ഇറാന്‍ എണ്ണ വില്‍പ്പന തുടരും. വരുന്ന മാസങ്ങളില്‍ അമേരിക്കയ്ക്ക് അത് മനസിലാകും, ഇറാന്‍ തുടര്‍ന്നും പെട്രോളിയം കയറ്റുമതി ചെയ്യുമെന്നും റൂഹാനി അറിയിച്ചു. നേരത്തെ, മെയ് ആദ്യം മുതല്‍ ഇറാന്‍റെ എണ്ണ കയറ്റുമതി പൂജ്യത്തിലെത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. 

എട്ട് രാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ തുടരണമെന്ന് ആഗോള തലത്തില്‍ നിന്ന് അമേരിക്കയ്ക്ക് മുകളില്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച ഇളവുകള്‍ നീട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ഇറാന്‍ ഉപരോധം കാരണം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ ലഭ്യത കുറയില്ലെന്നാണ് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. ഇതിന്‍റെ ഭാഗമായി എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കുമായി യുഎസ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടൊപ്പം ആഭ്യന്തര തലത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും  നല്‍കിയിരുന്നു. 

എന്നാല്‍, ഇന്നും ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ വലിയ കുറവ് ദൃശ്യമായില്ല. ബാരലിന് 71.45 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക്. ഇതോടെ ഉപയോഗത്തിന്‍റെ 80 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ ഉപരോധം ഭീഷണിയായി. അന്താരാഷ്ട്ര വില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി ഉയരാനും ഇടയാക്കും. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ടെഹ്റാന്‍ ആണവ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറാനുളള യുഎസിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് അമേരിക്ക 180 ദിവസം എണ്ണ വാങ്ങാന്‍ ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. ഈ ഇളവ് കാലഘട്ടം മെയ് ഒന്നിന് അവസാനിച്ചു. 

click me!