വ്യാപാര യുദ്ധം അവസാനിച്ചാലും യുഎസിന്‍റെ ചൈനീസ് വിപണിയിലെ സാന്നിധ്യത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക -ചൈനീസ് വ്യാപാര യുദ്ധമാണ് പ്രാധാനമായും ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാക്കുകള്‍ ലോകം വലിയ പ്രതീക്ഷയോടെയാണ് കേട്ടത്. കാന്‍സര്‍ മരുന്നകള്‍ അടക്കമുളള ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് കുറയ്ക്കുന്നതായുളള ചൈനയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ചൈനീസ് തീരുമാനത്തെ സ്വാഗതം ചെയ്തുളള ട്രംപിന്‍റെ പ്രതികരണം എത്തിയത്. ഇതോടൊപ്പം 250 ബില്യണ്‍ ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഉയര്‍ത്താനുളള തീരുമാനം ട്രംപ് നീട്ടിവയ്ക്കുകയും ചെയ്തു.
യുഎസ്സില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന 16 തരം ഉല്‍പ്പന്നങ്ങള്‍ക്കാണ് ചൈന കഴിഞ്ഞ ദിവസം തരിഫ് ഇളവുകള്‍ അനുവദിച്ചത്. കാന്‍സര്‍ ചികിത്സയ്ക്കുളള മരുന്നുകള്‍, മീനുകള്‍ക്കുളള ഭക്ഷണം, മൃഗങ്ങള്‍ക്കുളള ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍, ലൂബ്രിക്കന്‍റ്സ് തുടങ്ങിയവയ്ക്കാണ് ഇറക്കുമതിച്ചുങ്കത്തില്‍ ഇളവുകള്‍ ലഭിക്കുക. ചൈനയുടെ തീരുമാനത്തിന് പിന്നാലെ ഇന്ന് ഏഷ്യന്‍ വിപണികളില്‍ വ്യാപാരത്തില്‍ ഉണര്‍വ് ദൃശ്യമായി. ലോകത്തെ ഏറ്റവും വലിയ സാമ്പദ്‍വ്യവസ്ഥകള്‍ തമ്മിലുളള വ്യാപാര യുദ്ധത്തിന് ശമനമുണ്ടാകുമെന്ന തോന്നലാണ് ഏഷ്യന്‍ വിപണികളില്‍ മുന്നേറ്റത്തിന് കാരണം.
undefined
വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന വ്യാപാര ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഇളവുകള്‍ നല്‍കാനുളള ചൈനയുടെ തീരുമാനം പ്രശ്ന പരിഹാരത്തിന് ഏറ്റവും ഗുണപരമായ ഒന്നാണെന്നാണ് വാഷിംഗ്ടണ്‍ വിലയിരുത്തുന്നത്. "അവർ നല്ല നീക്കങ്ങൾ നടത്തി... അത് വളരെ നല്ലതാണ്. "ഇത് ഒരു സൗഹൃദ നീക്കമായി ഞാൻ കരുതുന്നു". ചൈനീസ് തീരുമാനത്തെ സംബന്ധിച്ച് ട്രംപ് പറഞ്ഞു.
ചര്‍ച്ചകളും പ്രതീക്ഷയും
ഒക്ടോബർ 1 മുതൽ ഒക്ടോബർ 15 വരെ 250 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ് ഇറക്കുമതിക്ക് തീരുവ വർദ്ധിപ്പിക്കാനുളള തീരുമാനം അമേരിക്ക നീട്ടിവച്ചു. ഇറക്കുമതിച്ചുങ്കം 25 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് നേരത്തെ യുഎസ് തീരുമാനിച്ചിരുന്നത്. ഈ തീരുമാനം മാറ്റിവയ്ക്കുന്നതായി ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഇന്ന് ചൈനീസ് കറന്‍സിയായ യുവാന്‍റെ മൂല്യത്തില്‍ 0.27 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. യുഎസ് -ചൈന വ്യാപാര യുദ്ധത്തിന് അവസാനമുണ്ടാകുമെന്ന തോന്നലാണ് വിപണിയില്‍ മുന്നേറ്റമുണ്ടാകാന്‍ കാരണം. ചൈനയുടെ നടപടിയെയും യുഎസിന്‍റെ ചൈനീസ് തീരുമാനത്തെ സ്വാഗതം ചെയ്യാനുളള നയത്തെയും വലിയ പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്.
സെപ്റ്റംബര്‍ പകുതിയോടെ ഇരു രാജ്യങ്ങള്‍ തമ്മിലുളള വ്യാപാര മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഒക്ടോബറില്‍ മന്ത്രിതല ചര്‍ച്ചകളും നടക്കും ഇതിന് മുന്നോടിയായാണ് ചൈനയുടെ അനുനയ നീക്കം. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനകളും കണ്ടുതുടങ്ങിയതിനാല്‍ അമേരിക്കയ്ക്കും സംഘര്‍ഷം മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പര്യമില്ലന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.
സോയാബീനിന്‍റെയും പോര്‍ക്കിന്‍റെയും ഭാവി എന്താകും?
എന്നാല്‍, 16 ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്ക് താരിഫ് ഇളവ് പ്രഖ്യാപിച്ചത് ചൈനയുടെ തന്ത്രമാണെന്നാണ് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരുടെ നിഗമനം. അമേരിക്കയില്‍ നിന്നുളള 5,000 ത്തോളം തരം ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നത്. ചൈനയിലേക്കുളള അമേരിക്കയുടെ പ്രധാന കയറ്റുമതി ഇനങ്ങളായ സോയബീന്‍, പോര്‍ക്ക് തുടങ്ങിയവയ്ക്ക് ഇപ്പോഴും ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നതെന്ന് അമേരിക്കന്‍ വ്യാപാര വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
ചൈന ഇപ്പോള്‍ താരിഫ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ്സില്‍ നിന്ന് നേരത്തെ കൂടുതലായി ഇറക്കുമതി ചെയ്തിരുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി ചൈന ഇപ്പോള്‍ ബ്രീസിലിനെ ആശ്രയിക്കുന്നതെന്നും യുഎസ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വ്യാപാര യുദ്ധം അവസാനിച്ചാലും യുഎസിന്‍റെ ചൈനീസ് വിപണിയിലെ സാന്നിധ്യത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക -ചൈനീസ് വ്യാപാര യുദ്ധമാണ് പ്രാധാനമായും ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോസ്റ്റുചെയ്ത രണ്ട് താരിഫ് ഇളവുകള്‍ ലിസ്റ്റുകളിലെ ഇനങ്ങൾ യുഎസ് സെക്ഷൻ 301 നടപടികൾക്ക് എതിരായി യുഎസ് ചരക്കുകൾക്ക് ചൈന ചുമത്തിയ അധിക തീരുവകൾക്ക് വിധേയമാകില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇളവ് സെപ്റ്റംബർ 17 മുതൽ പ്രാബല്യത്തിൽ വരും, 2020 സെപ്റ്റംബർ 16 വരെ ഒരു വർഷത്തേക്ക് ഇത് പ്രാബല്യത്തിലുണ്ടാകുമെന്നും ചൈന പറയുന്നു. ഇതിനകം മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ നീണ്ടുനിൽക്കുന്ന വ്യാപാരയുദ്ധം കൂടുതല്‍ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ ഒരു എഴുതിത്തള്ളൽ പരിപാടി ആരംഭിക്കുമെന്ന് ബീജിംഗ് മെയ് മാസത്തിൽ പറഞ്ഞിരുന്നു.