എണ്ണ ഇറക്കുമതിയിലുണ്ടായ ഇടിവ് സെപ്റ്റംബറിലെ ഇന്ത്യയുടെ ധനക്കമ്മിയെ പരിമിതപ്പെടുത്തി.
ദില്ലി: രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതി സെപ്റ്റംബറിൽ മൂന്നുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. പ്രതിദിനം 3.82 ദശലക്ഷം ബാരലായാണ് (ബിപിഡി) എണ്ണ ഇറക്കുമതി കുറഞ്ഞത്. വ്യവസായ, ഷിപ്പിംഗ് സ്രോതസ്സുകളിൽ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ചില ശുദ്ധീകരണ കമ്പനികള്‍ അറ്റകുറ്റപ്പണികൾക്കും ഇന്ധന നവീകരണത്തിനുമായി അടച്ചതാണ് വാങ്ങലുകൾ വലിയതോതില്‍ കുറയാന്‍ കാരണം.
കഴിഞ്ഞ മാസം 13 മാസത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യ ഇറാഖിനെ വെട്ടി ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം ചെയ്യുന്ന രാജ്യമായി മാറി. സെപ്റ്റംബറിലെ എണ്ണ ഇറക്കുമതി, 2016 ജൂണിനുശേഷം ആദ്യമായി നാല് ദശലക്ഷം ബിപിഡിക്ക് താഴേക്ക് പോയി. എണ്ണ വാങ്ങലില്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് 18.7 ശതമാനം കുറവും ഒരു വർഷം മുന്‍പത്തേതിനേക്കാൾ 8.4 ശതമാനവും കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
എണ്ണ ഇറക്കുമതിയിലുണ്ടായ ഇടിവ് സെപ്റ്റംബറിലെ ഇന്ത്യയുടെ ധനക്കമ്മിയെ പരിമിതപ്പെടുത്തി. എന്നാല്‍, ഇത് രാജ്യം കടന്നുപോകുന്ന പൊതുവായ സാമ്പത്തിക- വ്യാവസായിക മാന്ദ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.