'ഇത് ഞങ്ങള്‍ അനുവദിക്കില്ല', വിദേശ ബോണ്ട് ഇറക്കുന്നതിനെതിരെ സര്‍ക്കാരിനോട് ഉടക്കി ആര്‍എസ്എസ്

By Web Team  |  First Published Jul 17, 2019, 1:07 PM IST

വിദേശ കറന്‍സി ബോണ്ട് ഇറക്കുന്നത് ദേശവിരുദ്ധമാണെന്നും ഭാവിയില്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയില്‍ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്‍റെ നിലപാട്.   
 


ദില്ലി: വിദേശ കറന്‍സി ബോണ്ട് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞ് ആര്‍എസ്എസ്. ധനസമാഹരണത്തിനായി വിദേശ കറന്‍സി ബോണ്ടുകള്‍ ഇറക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകണമെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെടുന്നത്. ആര്‍എസ്എസിന്‍റെ സാമ്പത്തികകാര്യ വിഭാഗമാണ് സ്വദേശി ജാഗരണ്‍ മഞ്ച്. 

ധനസമാഹരണത്തിനായി വിദേശ കറന്‍സി ബോണ്ട് ഇറക്കുന്ന വിഷയത്തില്‍ 'ഇത് ഞങ്ങള്‍ അനുവദിക്കില്ല' എന്നാണ് അശ്വനി മഹാജന്‍ പ്രതികരിച്ചത്. സ്വദേശി ജാഗരണ്‍ മഞ്ചിന്‍റെ കോ- കണ്‍വീനറാണ് അദ്ദേഹം. വിദേശ കറന്‍സി ബോണ്ട് ഇറക്കുന്നത് ദേശവിരുദ്ധമാണെന്നും ഭാവിയില്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയില്‍ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്‍റെ നിലപാട്.   

Latest Videos

undefined

ഇതിലൂടെ സമ്പന്നമായ വിദേശ രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യത്തിന്‍റെ നയങ്ങളെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കുമെന്നത് അപകടകരമാണെന്ന് സംഘടന വ്യക്തമാക്കുന്നു. ബോണ്ടുകളിറക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോഴെടുത്ത തീരുമാനം പിന്‍വലിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അശ്വനി മഹാജന്‍ അഭിപ്രായപ്പെട്ടു. 

ഇത്തരം വിദേശ ധനസമാഹരണത്തിലൂടെ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയാന്‍ കാരണമാകുമെന്നും തീരുവ കുറയ്ക്കാന്‍ വിദേശ രാജ്യങ്ങള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇത് കാരണമാകുമെന്നുമാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്‍റെ കണ്ടെത്തല്‍. സര്‍ക്കാരിന്‍റെ ധനക്കമ്മി കുറയ്ക്കാന്‍ വിദേശ വിപണിയില്‍ നിന്ന് വായ്പയെടുത്ത അര്‍ജന്‍റീനയുടെയും ടര്‍ക്കിയുടെയും അവസ്ഥയെ മഹാജന്‍ ഉദാഹരണമായി എടുത്തുകാട്ടുന്നു. 

click me!