വായ്പ പലിശാ നിരക്ക് സാഹചര്യത്തിനനുസരിച്ച് റിസര്‍വ് ബാങ്കിന് മാറ്റാനാകണം: ശക്തികാന്ത ദാസ്

By Web Team  |  First Published Apr 14, 2019, 10:33 PM IST

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശാ നിരക്കായ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്ന രീതിക്ക് പകരം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും നിരക്കില്‍ മാറ്റം കൊണ്ടുവരാനാകണമെന്നാണ് ഗവര്‍ണറുടെ നിലപാട്.


മുംബൈ: സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പലിശ നിരക്കുകളില്‍ മാറ്റം വരുത്താവുന്ന രീതിയിലേക്ക് റിസര്‍വ് ബാങ്ക് മാറണമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപ്പോ പോലെയുളള മുഖ്യ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ വഴക്കം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശാ നിരക്കായ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്ന രീതിക്ക് പകരം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും നിരക്കില്‍ മാറ്റം കൊണ്ടുവരാനാകണമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് പകരുന്നതിനായി റിസര്‍വ് ബാങ്ക് ഈ വര്‍ഷം രണ്ട് തവണ തുടര്‍ച്ചയായി റിപ്പോ നിരക്കില്‍ കാല്‍ ശതമാനം വീതം കുറവ് വരുത്തിയിരുന്നു. നിക്ഷ്പക്ഷം എന്ന ധന നയ നിലപാട് നിലനിര്‍ത്തുകയും ചെയ്തു. 

Latest Videos

undefined

റിസര്‍വ് ബാങ്കിന്‍റെ വളര്‍ച്ച അനുമാനത്തിന്‍റെ കാര്യത്തില്‍ സൗമ്യത, ശാഠ്യം, നിക്ഷ്പക്ഷത തുടങ്ങിയ ഗൈഡന്‍സിലും മാറ്റം വേണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ബാങ്കിന് ആവശ്യമെന്ന് കണ്ടാല്‍ 0.10 ശതമാനം നിരക്ക് കുറയ്ക്കാനാകണം. ഇതുവഴി കേന്ദ്ര ബാങ്കിന് ഭാവിയിലേക്കുളള നയപ്രഖ്യാപനം നടത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1980 ബാച്ച് തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ശക്തകാന്ത ദാസ്. നോട്ട് നിരോധനത്തെ ശക്തമായി ന്യായീകരിച്ച ഉന്നത ഉദ്യോഗസ്ഥനാണ് അദ്ദേഹം. ജൂണില്‍ നടക്കുന്ന അടുത്ത ധനനയ അവലോകന യോഗത്തിലും റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയേക്കുമെന്ന് വിലയിരുത്തലുകള്‍ക്കിടെയാണ് ഗവര്‍ണറുടെ പ്രസ്താവന. 

ശക്തികാന്ത ദാസ് കഴിഞ്ഞ രണ്ട് പണനയ അവലോകന യോഗങ്ങളിലായി ഊര്‍ജിത് പട്ടേല്‍ കഴിഞ്ഞ വര്‍ഷം നടത്തിയ രണ്ട് നിരക്ക് വര്‍ധനയും കുറച്ചിരുന്നു. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി എത്തിയത്. കേന്ദ്ര സര്‍ക്കാരുമായുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലാണ് അദ്ദേഹം റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണറായി നിയമിതനായത്. 

click me!