മിക്ക കാര്‍ നിര്‍മാതാക്കളും റെക്കോര്‍ഡ് ഉല്‍പാദനക്കുറവിലാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കുന്നത്. മേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തു.
ദില്ലി: 2020-21 കേന്ദ്ര ബജറ്റില്‍ വാഹനങ്ങള്‍ക്കുള്ള ജിഎസ്‍ടി സ്ലാബ് കുറക്കണമെന്ന ആവശ്യവുമായി വാഹന നിര്‍മാതാക്കള്‍. ബജറ്റിന് മുന്നോടിയായുള്ള നിര്‍ദേശത്തിലാണ് ദ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ടറേഴ്സ്(എസ്ഐഎഎം) നികുതി കുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. നിലവില്‍ ജിഎസ്ടിയില്‍ 28 ശതമാനമാണ് വാഹനങ്ങള്‍ക്കുള്ള നികുതി നിരക്ക്. അത് 18 ശതമാനമാക്കി കുറക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ വാഹന വിപണി മാന്ദ്യത്തിന് സമാനമായ അവസ്ഥയിലാണ്. വാഹനം വാങ്ങുന്നവര്‍ക്ക് എന്താണ് മോദി സര്‍ക്കാറിന്‍റെ ബജറ്റിലുണ്ടാകുകയെന്നത് ഏവരും ഉറ്റുനോക്കുന്നതാണ്. ഇന്ത്യന്‍ വാഹന വിപണി തകര്‍ച്ചയിലാണെന്നാണ് നിര്‍മാതാക്കളുടെ വാദം. കാര്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാത്തതിനാല്‍ ഉല്‍പാദനം കുറച്ചിരിക്കുകയാണെന്നും നികുതി കുറക്കുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. മിക്ക കാര്‍ നിര്‍മാതാക്കളും റെക്കോര്‍ഡ് ഉല്‍പാദനക്കുറവിലാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കുന്നത്. മേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തു.
ഇലക്ട്രിക് വാഹനങ്ങളിലെ ലിഥിയം ബാറ്ററി ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 10ല്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായി ഇന്‍സെന്‍റീവ് അടിസ്ഥാനമാക്കി വാഹനം പൊളിക്കല്‍ നയം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യാത്രാവാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും തേയ്മാന നിരക്ക് 25 ശതമാനമാക്കി ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാഹന വിപണിയിലെ തളര്‍ച്ച 3.5 കോടി ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുമെന്നും നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കി.