കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈന, ദക്ഷിണ കൊറിയ, ചൈന ഉള്‍പ്പടെ ആര്‍സിഇപിയിലെ 11 അംഗ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് വ്യാപാരക്കമ്മിയാണ് ഉണ്ടായത്. ഇതിനാല്‍ കരാറിനെ സംബന്ധിച്ച് ഇന്ത്യയ്ക്ക് ആശങ്ക വലുതാണ്.
ദില്ലി: ആര്‍സിഇപിയുമായി (പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാര്‍) ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനും അംഗ രാജ്യങ്ങളുമായുളള വ്യാപാരം വര്‍ധിപ്പിക്കുന്നതിനുമായി ഇന്തോനേഷ്യ, തായ്‍ലന്‍റ് തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര കരാറാണ് ആര്‍സിഇപി. പത്ത് ആസിയാന്‍ രാജ്യങ്ങളും ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ സ്വതന്ത്ര വ്യാപാര കരാറില്‍ അംഗമായ ആറ് രാജ്യങ്ങള്‍ ചേരുന്നതാണ് ആന്‍സിഇപി.
അടുത്ത ആഴ്ചയാണ് ഇന്തോനേഷ്യന്‍, തായ്‍ലന്‍ഡ് വാണിജ്യ മന്ത്രിമാരുമായി കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ കൂടിക്കാഴ്ച നടത്തുന്നത്. ആസിയാന്‍ സെക്രട്ടറി ജനറലിനൊപ്പമാണ് ഗോയല്‍ ഇരുവരുമായി കൂടിക്കാാഴ്ച നടത്തുന്നത്. നിലവില്‍ ആസിയാന്‍ കൂട്ടായ്മയ്ക്ക് നേതൃസ്ഥാനം വഹിക്കുന്നത് തായ്‍ലന്‍ഡാണ്. ആര്‍സിഇപിയുടെ കോര്‍ഡിനേറ്റര്‍ പദവി കൈകാര്യം ചെയ്യുന്ന രാജ്യമാണ് ഇന്തോനേഷ്യ. അതിനാല്‍ തന്നെ ഇരുരാജ്യങ്ങളെയും ഒപ്പം നിര്‍ത്താനുളള അവസരമായാണ് ഈ കൂടിക്കാഴ്ചയെ ഇന്ത്യ കരുതുന്നത്.
ലോകത്തെ വിപുലമായ കരാറായതിനാല്‍ വ്യാപാരമേഖലയില്‍ കരാറിലൂടെ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈന, ദക്ഷിണ കൊറിയ, ചൈന ഉള്‍പ്പടെ ആര്‍സിഇപിയിലെ 11 അംഗ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് വ്യാപാരക്കമ്മിയാണ് ഉണ്ടായത്. ഇതിനാല്‍ കരാറിനെ സംബന്ധിച്ച് ഇന്ത്യയ്ക്ക് ആശങ്ക വലുതാണ്. ആഗോള വ്യാപാര വ്യവസ്ഥയില്‍ വരും കാലത്ത് ആര്‍സിഇപി വലിയ സാധീനം ചെലുത്തും എന്നാണ് വിലയിരുത്തല്‍. വ്യാപാര മേഖലയില്‍ യൂറോപ്പിന്‍റെയും അമേരിക്കയുടെ കുത്തകയ്ക്ക് ഭീഷണിയായാണ് ആര്‍സിഇപിയെ വിലയിരുത്തുന്നത്.