പൊതുമേഖലാ ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണം മന്‍മോഹന്‍ സിംഗും രഘുറാം രാജനുമെന്ന് നിര്‍മല സീതാരാമന്‍

By Web Team  |  First Published Oct 16, 2019, 10:19 PM IST

എന്‍ഡിഎ സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രഘുറാം രാജന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനാണ് നിര്‍മലാ സീതാരാമന്‍ മറുപടി പറഞ്ഞത്. 
 


ദില്ലി: പൊതുമേഖലാ ബാങ്കുകളുടെ മോശം കാലഘട്ടം മന്‍മോഹന്‍ സിംഗിന്‍റെയും രഘുറാം രാജന്‍റെയും കൂട്ടുകെട്ടിന്‍റെ കാലത്തായിരുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖലാ ബാങ്കുകളുടെ തകര്‍ച്ചക്ക് ഇരുവരും ഉത്തരവാദികളാണെന്നും നിര്‍മലാ സീതാരാമന്‍ ആരോപിച്ചു. യുപിഎ ഭരണകാലത്താണ് പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടം കുന്നുകൂടിയത്. രഘുറാം രാജനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയത് ഇരുവരുടെയും കാലത്താണെന്നും നിര്‍മലാ സീതാരാമന്‍ ആരോപിച്ചു. കൊളംബിയ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

2011-2012 വര്‍ഷത്തില്‍ 9,190 കോടിയായിരുന്നു പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം. എന്നാല്‍, 2013-2014ല്‍, മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പായി കിട്ടാക്കടം 2.16 ലക്ഷം കോടിയായി ഉയര്‍ന്നു.  രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന കാലത്താണ് കോര്‍പറേറ്റുകള്‍ക്ക് വലിയ തുക വായ്പ നല്‍കിയത്. ഒരു ഫോണ്‍ വിളിയില്‍ കോര്‍പറേറ്റുകള്‍ക്ക് ലോണ്‍ ലഭിക്കുമെന്നായിരുന്നു അവസ്ഥ. ആ ചെളിയില്‍നിന്ന് കരകയറാന്‍ ഇന്നുവരെ ഗവണ്‍മെന്‍റ് സഹായത്തെയാണ് പൊതുമേഖലാ ബാങ്കുകള്‍ ആശ്രയിക്കുന്നത്.

Latest Videos

ഡോ. മന്‍മോഹന്‍ സിംഗായിരുന്നു അന്നത്തെ പ്രധാനമന്ത്രി. ഇന്ത്യക്ക് വേണ്ടി മന്‍മോഹന്‍ സിംഗിന് പ്രത്യേക വീക്ഷണമുണ്ടായിരുന്നുവെന്ന കാര്യം രഘുറാം രാജനും സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പാണ്. പൊതുമേഖലാ ബാങ്കുകളുടെ അസറ്റ് ക്വാളിറ്റ് പരിശോധിക്കാനുള്ള രഘുറാം രാജന്‍റെ തീരുമാനത്തിന് നന്ദിയുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രഘുറാം രാജന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനാണ് നിര്‍മലാ സീതാരാമന്‍ മറുപടി പറഞ്ഞത്. 

click me!