വരുന്നു വന്‍ ഇന്ധന വിലക്കയറ്റം, ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തി: ഇന്ത്യയുടെ ഇറക്കുമതി ഭാരം വര്‍ധിക്കും

By Web Team  |  First Published May 16, 2019, 12:24 PM IST

ഇറാന് മേലുള്ള അമേരിക്കൻ ഉപരോധം സൃഷ്ടിച്ച സംഘർഷവും ഒപെക് രാജ്യങ്ങൾ ഉല്‍പാദനത്തിൽ കുറവ് വരുത്തിയതുമാണ് എണ്ണവില കുതിക്കാൻ കാരണമായത്. ആഗോളതലത്തിൽ എണ്ണവിതരണത്തിൽ തളർച്ചയുണ്ടായെന്ന് രാജ്യാന്തര ഊർജ്ജ ഏജൻസിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 


ദോഹ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ഉയരുകയാണ്. ബ്രെൻഡ് ക്രൂഡ് ബാരലിന് 72.10 ഡോളറാണ് ഇന്നത്തെ നിരക്ക്. എണ്ണ ഉപരോധവും ഗൾഫ് മേഖലയിൽ എണ്ണ വ്യവസായത്തെ കേന്ദ്രീകരിച്ചുള്ള ആക്രമണവുമാണ് എണ്ണവില ഉയരാൻ ഇടയാക്കിയിരിക്കുകയാണ്. ഇതോടെ ഇന്ത്യ അടക്കമുളള ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഇന്ധന വില വലിയതോതില്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്നേക്കും. 

ഇറാന് മേലുള്ള അമേരിക്കൻ ഉപരോധം സൃഷ്ടിച്ച സംഘർഷവും ഒപെക് രാജ്യങ്ങൾ ഉല്‍പാദനത്തിൽ കുറവ് വരുത്തിയതുമാണ് എണ്ണവില കുതിക്കാൻ കാരണമായത്. ആഗോളതലത്തിൽ എണ്ണവിതരണത്തിൽ തളർച്ചയുണ്ടായെന്ന് രാജ്യാന്തര ഊർജ്ജ ഏജൻസിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എണ്ണവിപണി മിച്ചത്തിൽ നിന്ന് കമ്മിയിലേക്ക് മാറാനാണ് സാധ്യതയെന്ന് പാരീസ് ആസ്ഥാനമായ ഐഇഎയുടെ പ്രതിമാസ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.

Latest Videos

undefined

ഇറാനിയൻ അസംസ്കൃത എണ്ണയുടെ ഉത്പാദനം പ്രതിദിനം 2.6 ദശലക്ഷം ബാരൽ എന്ന നിലയിലേക്ക് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്‍പാദന നിരക്കാണിത്. ഗൾഫ് മേഖലയിൽ എണ്ണ സ്റ്റേഷനുകൾക്കും കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണം പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള വെനസ്വേലയിൽ നിന്നുള്ള എണ്ണവരവും കുറഞ്ഞിരിക്കുയാണ്.

എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉത്പാദനം കൂട്ടാനുള്ള നടപടികൾ എടുക്കുന്നുമില്ല. അതേസമയം അമേരിക്കൻ ഉപരോധ ഭീഷണിക്ക് വഴങ്ങി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വേണ്ടെന്ന് വച്ചതോടെ ഇറക്കുമതിയുടെ ഭാരം കൂടുമെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോൾ, ഡീസൽ വിലയിൽ കുറവ് ഉണ്ടായെങ്കിലും പുതിയ സാഹചര്യത്തിൽ ഇനി വില കൂടുമെന്ന് തന്നെയാണ് സൂചനകൾ. ലിറ്ററിന് രണ്ടുരൂപ മുതൽ മൂന്ന് രൂപ വരെ കൂടിയേക്കാമെന്നാണ് എണ്ണക്കമ്പനികൾ വിലയിരുത്തുന്നത്.

click me!