ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വിജയ ബാങ്കിനെയും ദേനാ ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചത്. ഇതോടെ ബാങ്ക് ഓഫ് ബറോഡ (ബിഒബി) രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായി മാറി.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഏറ്റവും പവര്‍ഫുള്ളായ സംവിധാനം ഏതെന്ന് ചോദിച്ചാല്‍ അത് രാജ്യത്തെ ബാങ്കുകളാണ്. എന്നാല്‍, ഇന്ന് കിട്ടാക്കടത്തിന്‍റെ പിടിയില്‍ പെട്ട് അവ പ്രതിസന്ധിയിലാണ്. ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്നതാകട്ടെ പൊതുമേഖല ബാങ്കുകളും. ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ രാജ്യത്തെ ബാങ്കുകള്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‍വ്യവസ്ഥയാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് രാജ്യത്തെ ബാങ്കിങ് സംവിധാനമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കിലൂടെ കടന്നുപോകുന്ന സമ്പദ്ഘടനയെ കരകയറ്റാന്‍ ബാങ്കിങ് സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. 2018 -19 ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.8 ശതമാനമായിരുന്നു. അതിനാല്‍ തന്നെ രണ്ടാം മോദി സര്‍ക്കാരിന്‍റേത് ബാങ്കിങ് മേഖലയിലൂടെ വിപണിയെ ശക്തിപ്പെടുത്താനുളള നയത്തില്‍ ഊന്നിയുളള കേന്ദ്ര ബജറ്റ് ആകാനാണ് സാധ്യത.
undefined
ബാങ്ക് ഓഫ് ബറോഡ വലുതായി
ബാങ്കുകളെ തമ്മില്‍ ലയിപ്പിച്ച് കൂടുതല്‍ ശക്തമായ വലിയ ബാങ്കുകള്‍ സൃഷ്ടിക്കാനുളള നയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുളള നടപടികള്‍ തുടരാനാകും സര്‍ക്കാര്‍ ശ്രമം. അതിനെ തുണയ്ക്കുന്ന ബജറ്റിനാണ് സാധ്യതയും. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വിജയ ബാങ്കിനെയും ദേനാ ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചത്. ഇതോടെ ബാങ്ക് ഓഫ് ബറോഡ (ബിഒബി) രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായി മാറി. ചെറിയ ബാങ്കുകളെ വലിയ ബാങ്കിങ് സംവിധാനങ്ങളില്‍ ലയിപ്പിക്കുന്ന ഈ നടപടി വരും നാളുകളിലും തുടരും എന്ന് വ്യക്തമാണ്. പൊതുമേഖല ബാങ്കുകളുടെ മൂലധന ശേഷി വര്‍ധിപ്പിക്കാനുളള നടപടികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുളളതായാണ് സൂചന. ബാങ്കുകളിലേക്ക് പണമിറക്കി വളര്‍ച്ചയ്ക്ക് കരുത്ത് പകരുകയെന്ന നയം സര്‍ക്കാരില്‍ നിന്ന് ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും നിഗമനം.
കിട്ടാക്കട പ്രതിസന്ധിയും വളര്‍ച്ച ഇടിവിനെയും മറികടക്കുക എന്ന ലക്ഷ്യവും മുന്നില്‍ക്കണ്ടാണ് റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ മൂന്നാം പണനയ അവലോകന യോഗത്തിലും റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തിയത്. 0.25 ശതമാനമായിരുന്നു പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയത്. ഇതിനൊപ്പം ന്യൂട്രല്‍ കാഴ്ചപ്പാടില്‍ നിന്ന് പലിശ കുറയ്ക്കല്‍ വീക്ഷണത്തിലേക്ക് റിസര്‍വ് ബാങ്ക് നയം മാറ്റുകയും ചെയ്തു. മൂന്ന് യോഗങ്ങളിലായി 0.75 ശതമാനത്തിന്‍റെ കുറവ് ഇതോടെ പലിശ നിരക്കിലുണ്ടായി. ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കുകയും വിപണിയില്‍ കൂടുതല്‍ പണം എത്തിച്ച് വളര്‍ച്ച നിരക്ക് ഉയര്‍ത്തിയെടുക്കുകയുമാണ് റിസര്‍വ് ബാങ്കിന് മുന്നിലെ ലക്ഷ്യങ്ങള്‍. അടുത്ത യോഗത്തിലും റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയേക്കുമെന്നാണ് സൂചന. റിസര്‍വ് ബാങ്കിന്‍റെ ഈ നടപടി ഫലത്തില്‍ സര്‍ക്കാരിന് ബാങ്കിങ് മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഒരു പരിധിവരെ സഹായകരമാണ്.
നരസിംഹന്‍ കമ്മിറ്റി റിപ്പോര്‍ട്ടും സ്റ്റേറ്റ് ബാങ്കും
ലയന നടപടികള്‍ക്ക് ശേഷം ബാങ്ക് ഓഫ് ബറോഡയ്ക്ക് 5,042 കോടി രൂപ മൂലധന പര്യാപ്തത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയുണ്ടായി. മൂലധന ശേഷി വര്‍ധിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയെക്കൊണ്ട് ചെറിയ ബാങ്കുകളെ ഏറ്റെടുപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ലയനത്തിലൂടെ രൂപീകൃതമാകുന്ന വലിയ ബാങ്കുകള്‍ക്ക് സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കനാകും എന്ന നയത്തില്‍ ഊന്നിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ലയനത്തോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇന്ന് 9, 500 ശാഖകള്‍, 13,400 എടിഎമ്മുകള്‍, 85,000 ജീവനക്കാര്‍, 12 കോടി ഉപഭോക്താക്കളും ഉണ്ട്.
ബാങ്ക് ഓഫ് ബറോഡ ലയനത്തിന് മുന്‍പ് 2017 ഏപ്രിലില്‍ സര്‍ക്കാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് അതിന്‍റെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും ലയിപ്പിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയോടൊപ്പം ഭാരതീയ മഹിള ബാങ്കിനെയുമാണ് എസ്ബിഐയില്‍ ലയിപ്പിച്ചത്.
1991 ലെ ഒന്നാം നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയുളള ബാങ്കിങ് ലയനമാണ് രാജ്യത്ത് നടപ്പാക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ എണ്ണം കുറയ്ക്കണമെന്നും ദേശീയ തലത്തില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന എട്ട് മുതല്‍ പത്ത് ബാങ്കുകള്‍ വേണമെന്നും എസ്ബിഐ അടക്കം മൂന്ന് മുതല്‍ നാല് ബാങ്കുകള്‍ വരെ അന്താരാഷ്ട്ര ബാങ്കുകളായി മാറ്റിയെടുക്കണമെന്നുമാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ പ്രദേശിക സമ്പദ്‍വ്യവസ്ഥയ്ക്ക് അനുസരിച്ച് സാമ്പത്തിക സേവനം നല്‍കാന്‍ കഴിയുന്നവയാകണമെന്നും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇതിലൂടെ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്കും ബാങ്കിങ് സംവിധാനത്തിനും പുരോഗതിയുണ്ടായക്കിയെടുക്കാനാകുമെന്നാണ് കണക്കാക്കുന്നത്.