ഈ ആഗോള വ്യാപാര കേന്ദ്രം വനിതകള്‍ക്കായി !, ജെന്‍ഡര്‍ പാര്‍ക്കിന്‍റെ 'വിഷന്‍ 2020' ഇങ്ങനെ

By Web Team  |  First Published Sep 11, 2019, 8:44 PM IST

വനിതാ സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഹൈടെക് സജ്ജീകരണത്തില്‍ ഇന്‍കുബേറ്റ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണിത്. 


തിരുവനന്തപുരം:  വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ലിംഗസമത്വം സുസ്ഥിരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഇന്ത്യയിലാദ്യമായി വനിതകളുടെ ആഗോള വ്യാപാര കേന്ദ്രം (ഇന്‍റര്‍നാഷണല്‍ വിമെന്‍സ് ട്രേഡ് സെന്‍റര്‍ - ഐഡബ്ല്യുടിസി) കേരളം യാഥാര്‍ത്ഥ്യമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് ക്യാംപസിലാണ് ഇത് സാക്ഷാത്കരിക്കുന്നത്. 
 
സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ ജെന്‍ഡര്‍ പാര്‍ക്കിന്‍റെ സുപ്രധാന പദ്ധതിയായ ആഗോള വ്യാപാര കേന്ദ്രം വനിതകള്‍ക്ക് സുരക്ഷിതമായി സംരംഭകത്വ ശേഷി വികസിപ്പിക്കുന്നതിനും  ബിസിനസുകള്‍ ആരംഭിക്കുന്നതിനും അവ വിപുലപ്പെടുത്തുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ വിപണിയൊരുക്കുന്നതിനും വേദിയൊരുക്കും. ജെന്‍ഡര്‍ പാര്‍ക്കിന്‍റെ 'വിഷന്‍ 2020' അടിസ്ഥാനമാക്കി ഐഡബ്ല്യുടിസിയുടെ ആദ്യഘട്ടം   2021ല്‍ പൂര്‍ത്തിയാകും.

കേരളത്തിലെ വനിതകള്‍ സംരംഭകത്വത്തിലേക്കും സ്വയം തൊഴിലുകളിലേക്കും ചുവടുറപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ജെന്‍ഡര്‍ പാര്‍ക്ക് ഐഡബ്ല്യുടിസി യാഥാര്‍ത്ഥ്യമാക്കുന്നത് സുപ്രധാനമാണെന്ന്  ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീ കെ.കെ ഷൈലജ പറഞ്ഞു. വീടുകളില്‍ ഒതുങ്ങിക്കൂടാതെ പ്രതിബന്ധങ്ങള്‍ അതിജീവിച്ച്  സമൂഹത്തിന്‍റെ മുഖ്യധാരയിലെത്താനും സാധ്യതകള്‍ പ്രയോജനപ്പെടുത്തി മികച്ച സരംഭകരാകാനും  ഈ ഉദ്യമം വനിതകളെ സഹായിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Videos

undefined

ഐഡബ്ല്യുടിസി പദ്ധതി ലോകോത്തര വ്യാപാര കേന്ദ്രമായാണ് സജ്ജമാക്കുന്നതെന്ന്  ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പി.ടി. മുഹമ്മദ് സുനീഷ് പറഞ്ഞു. വനിതാ സംരംഭകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുതകുന്ന ഔട്ട്ലെറ്റുകളും ഒരുക്കും. വനിതാ സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേഷന്‍ സെന്‍ററുകള്‍, റീട്ടെയില്‍ ഫാഷന്‍ - സാങ്കേതികവിദ്യാ കേന്ദ്രങ്ങള്‍, ആരോഗ്യ - വെല്‍നെസ് കേന്ദ്രങ്ങള്‍, ബിസിനസ് സെന്‍ററുകള്‍, ഓഫീസുകള്‍ എന്നിവയും സ്ഥാപിക്കും. സമ്മേളനം, കണ്‍വെന്‍ഷന്‍, പ്രദര്‍ശനം എന്നിവയ്ക്കുള്ള ഇടങ്ങള്‍, കലാ പ്രകടന കേന്ദ്രങ്ങള്‍, വാസസ്ഥലങ്ങള്‍, കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമുള്ള ഡേ കെയര്‍ എന്നിവയും നിര്‍മ്മിക്കുമെന്നും ഇതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നു ധനസഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരേയും പാര്‍ശ്വവല്‍കൃത സമൂഹത്തേയും ഭിന്നശേഷിക്കാരേയും ഭിന്നലിംഗക്കാരേയും മുഖ്യധാരയിലെത്തിച്ച് അവരുടെ സംരംഭകത്വ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി പ്രത്യേക പരിഗണന നല്‍കുന്നത്. വ്യാവസായിക-വാണിജ്യ മേഖലകളില്‍ സുരക്ഷിതവും സുസ്ഥിരവുമായ വികസനം സാധ്യമാക്കുന്നതോടൊപ്പം വനിതകള്‍ക്ക് നൃത്തം, സംഗീതം, നാടകം തുടങ്ങിയവ അവതരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സ്ഥലവും ക്രമീകരിക്കും.

വനിതാ സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഹൈടെക് സജ്ജീകരണത്തില്‍ ഇന്‍കുബേറ്റ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണിത്. ഓഫീസിനായി സ്വകാര്യമായി ഉപയോഗിക്കാവുന്നതും പങ്കുവയ്ക്കാവുന്നതുമായ സ്ഥല സൗകര്യങ്ങളും വിര്‍ച്വല്‍ വര്‍ക്ക് സ്പെയ്സും ലഭ്യമാക്കും. ലോകോത്തര ആശയവിനിമയ സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ഐഡബ്ല്യുടിസിയില്‍ ബിസിനസ് ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശക കേന്ദ്രങ്ങളും പൊതുവായ ഉദ്യോഗസ്ഥ സേവനങ്ങള്‍ക്കുള്ള സ്ഥലവും സജ്ജമാക്കും.

സ്ത്രീകള്‍ക്ക് കുട്ടികളുടെ കാര്യത്തിലും വയസ്സായ മാതാപിതാക്കളുടെ കാര്യത്തിലും ആശങ്കപ്പെടാതെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുട്ടികള്‍ക്കുള്ള ക്രഷുകള്‍, ഡേ കെയറുകള്‍, മുതിര്‍ന്നവര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള സെന്‍ററുകള്‍ എന്നിവ സ്ഥാപിക്കുമെന്നതാണ് പ്രധാന സവിശേഷത. സ്ത്രീകള്‍ക്കായി ഗതാഗത സൗകര്യവും ഷോര്‍ട്ട് സ്റ്റേ അക്കോമഡേഷന്‍ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ഹരിത ചട്ടത്തിന് അനുസൃതമായി പ്രകൃതി സൗഹാര്‍ദ്ദപരമായ രീതിയിലാണ് നിര്‍മ്മിതിയാണ് ട്രേഡ് സെന്‍ററിനുവേണ്ടി വിഭാവനം ചെയ്തിട്ടുളളത്. പ്രവര്‍ത്തനമാരംഭിക്കുന്ന വര്‍ഷത്തില്‍ തന്നെ പ്രളയബാധിത പ്രദേശത്തെ സ്ത്രീകളെ സഹായിക്കുകയും അവര്‍ക്ക് സംരംഭകത്വത്തിനും ഉപജീവനത്തിനുമുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്യും.

സ്ത്രീശാക്തീകരണവും ലിംഗസമത്വവും ലക്ഷ്യമാക്കിയ ദീര്‍ഘവീക്ഷണമുള്ള മികച്ച   ആശയമാണിതെന്ന് പ്രശസ്ത നര്‍ത്തകിയും സാമൂഹ്യ പ്രവര്‍ത്തകയും ജെന്‍ഡര്‍ പാര്‍ക്കിന്‍റെ ഉപദേഷ്ടാവുമായ മല്ലിക സാരാഭായി പറഞ്ഞു. സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും വനിതകളെ സഹായിക്കുക മാത്രമല്ല അവരുടെ സര്‍ഗശേഷി പ്രതിഫലിപ്പിക്കുന്നതിനുള്ള വേദി കൂടിയാണിതെന്നും അവര്‍ വ്യക്തമാക്കി.

സെപ്തംബര്‍ 2015-ല്‍ ഐക്യരാഷ്ട സഭയുടെ പൊതു സമ്മേളനത്തില്‍ 2030 വരെയുള്ള കാര്യപരിപാടികള്‍ അംഗീകരിച്ചതില്‍  'പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഭൂമിയെ സംരക്ഷിച്ചുകൊണ്ട് സമൃദ്ധി കൈവരിക്കുന്നതിനുള്ള  ആഹ്വാനമായിരുന്നു അത്.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, നല്ല ആരോഗ്യവും ക്ഷേമവും, എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം,  ലിംഗസമത്വവും വനിതാ ശാക്തീകരണവും, നൂതന ആശയങ്ങളും അടിസ്ഥാന വികസനവും, അസമത്വം കുറയ്ക്കുക എന്നീ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായി ആഗോള വനിതാ വ്യാപാര കേന്ദ്രം പ്രവര്‍ത്തിക്കും.

click me!