വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമം യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഒളിക്കാനുള്ള മറ; കേന്ദ്രത്തിനെതിരെ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച മലയാളി

By Anoop Pillai  |  First Published Jan 7, 2020, 4:47 PM IST

രാജ്യത്തിന് അകത്ത് തന്നെ ശത്രുക്കളെ ഉണ്ടാക്കാന്‍ സിഎഎ കാരണമാകും. സിഎഎയെ അനുകൂലിച്ചാല്‍ നിങ്ങള്‍ രാജ്യസ്നേഹിയും എതിര്‍ത്താല്‍ അര്‍ബന്‍ നക്സലുമാകും. 


രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ നിന്ന് രാജിവയ്ക്കുന്നതെന്ന് സി പി ചന്ദ്രശേഖർ. ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമം ഉണ്ടായി, പൗരത്വ നിയമ ഭേദഗതിക്ക് (സിഎഎ) ശേഷം ജാമിയയില്‍ നിന്നും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.  

ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റി പ്രൊഫസറായ സി പി ചന്ദ്രശേഖർ ഇന്ത്യയുടെ സാമ്പത്തിക ഡാറ്റ അവലോകനം ചെയ്യുന്നതിനായി സർക്കാർ അടുത്തിടെ രൂപീകരിച്ച സാമ്പത്തിക സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാൻഡിംഗ് കമ്മിറ്റി (എസ്‌സിഇഎസ്) അംഗമായിരുന്നു. ജെഎൻയു കാമ്പസിലെ അക്രമത്തിൽ 24 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതിന് തൊട്ടുപിന്നാലെയാണ് പ്രൊഫ. ചന്ദ്രശേഖറിന്റെ രാജി. “നിങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട ഒരു സർക്കാരുമായി പ്രവർത്തിക്കാൻ പ്രയാസമാണ്,” പ്രൊഫ. ചന്ദ്രശേഖർ പറഞ്ഞു, ഞങ്ങൾ ഇപ്പോൾ മറ്റൊരു ലോകത്താണ് ജീവിക്കുന്നതെന്ന് ജെഎൻയു സംഭവം വ്യക്തമാക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക് അവലോകനം ചെയ്യുന്നതിനായി കേന്ദ്രം കഴിഞ്ഞ മാസം 28 അംഗ പാനൽ രൂപീകരിച്ചത്. മുൻ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ പ്രണബ് സെന്നിന്റെ കീഴിൽ 2019 നവംബറിലെ ഐഐപി (ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ ഇൻഡക്സ്) ഡാറ്റയെക്കുറിച്ചുള്ള പാനലിന്‍റെ ആദ്യ അവലോകന യോഗം നടക്കാനിരിക്കെയാണ് രാജി. 

അതിക്രമങ്ങള്‍ സര്‍ക്കാരിനെ സഹായിക്കുന്നു

എന്‍പിആര്‍ (ദേശീയ ജനസംഖ്യ രജിസ്റ്റര്‍) വിവരങ്ങള്‍ എന്‍ആര്‍സിക്ക് ഉപയോഗിക്കില്ലെന്ന് ചിലര്‍ പറയുന്നു. മറ്റ് ചിലര്‍ ഉപയോഗിക്കുമെന്ന് പറയുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ പെട്ടെന്ന് ആശങ്കയിലായി, രാജ്യത്ത് പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ്. എന്‍പിആര്‍ വേണമെങ്കില്‍ എന്‍ആര്‍സിക്കായി ഉപയോഗിക്കാനാകും എന്നതാണ് സത്യം. രാജ്യം നേരിടുന്ന വളര്‍ച്ചാ മുരടിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ എങ്ങും നടക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാതിരിക്കാന്‍ സിഎഎ കാരണമായി. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങള്‍ സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുന്നുണ്ടെന്നും സി പി ചന്ദ്രശേഖര്‍ പറഞ്ഞു. 
 
രാജ്യത്തിന് അകത്ത് തന്നെ ശത്രുക്കളെ ഉണ്ടാക്കാന്‍ സിഎഎ കാരണമാകും. സിഎഎയെ അനുകൂലിച്ചാല്‍ നിങ്ങള്‍ രാജ്യസ്നേഹിയും എതിര്‍ത്താല്‍ അര്‍ബന്‍ നക്സലുമാകും. 

ഇപ്പോഴുളള വായ്പ പ്രതിസന്ധിയുമായി രാജ്യത്തിന് മുന്നോട്ട് പോകാനാകില്ല. വായ്പ ലഭ്യത വിപണിയില്‍ ഉയര്‍ത്തേണ്ടതുണ്ട്. അതിന് ബാങ്കുകളെ കിട്ടാക്കടത്തിന്‍റെ പിടിയില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. നമുക്ക് ഘടനാപരമായ മാന്ദ്യം ഉണ്ട്. കൃഷി അനുബന്ധ മേഖലകള്‍ പ്രശ്നത്തിലാണ്. സര്‍ക്കാരിന്‍റെ ചെലവിടലും താഴേക്ക് വരുകയാണ്. ധനക്കമ്മി നിയന്ത്രിച്ച് നിര്‍ത്തേണ്ടതുണ്ട്. കൃത്രിമമായി ഉപഭോഗം ഉയര്‍ത്തേണ്ടതുണ്ട്. രാജ്യത്ത് ആദ്യം ബാങ്കിങ് മേഖലയിലായിരുന്നു പ്രശ്നം പിന്നീട് അത് ബാങ്ക് ഇതര ധനകാര്യ മേഖലയെ ബാധിച്ചു. 

ഉപഭോഗം ഉയര്‍ന്നാല്‍ പ്രശ്ന പരിഹാരം

ആഗോളതലത്തിലും ഉപഭോഗം കുറയുകയാണ്. ചൈനയ്ക്ക് പോലും കയറ്റുമതിയില്‍ പ്രതിസന്ധി വലുതാണ്. ഇന്ധന വില വലിയ രീതിയില്‍ കുതിച്ചുകയറുന്നു. അതിനാല്‍ നമ്മള്‍ കരുതിയിരിക്കണം. 

കോര്‍പ്പറേറ്റ് നികുതി അടക്കം കുറച്ചത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ്. എന്നാല്‍, ഉപഭോഗം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഉപഭോഗം ഉയര്‍ത്താന്‍ സാധിച്ചാലേ വ്യവസായം ലാഭകരമാകൂ. എങ്കിലെ നിക്ഷേപ വളര്‍ച്ചയുണ്ടാകൂ. കോര്‍പ്പറേറ്റ് നികുതി കുറച്ചതുകൊണ്ടുമാത്രം കാര്യമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു 

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചില്ലേ? എന്നിട്ടെന്തുണ്ടായി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലല്ലോ, ആളുകളുടെ വിപണി ഇടപെടല്‍ വര്‍ധിപ്പിക്കാനുളള നടപടി ഉണ്ടായാല്‍ മാത്രമേ കാര്യമൊള്ളു. സര്‍ക്കാരിന്‍റെ ചെലവിടലും സമാന്തരമായി ഉയരണം.

click me!