നടപ്പു സാമ്പത്തിക വര്‍ഷത്തിൽ ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ഇനിയും താഴുമെന്ന് മോത്തിലാൽ ഓസ്‌വാൾ റിപ്പോര്‍ട്ട്.
ദില്ലി: നടപ്പു സാമ്പത്തിക വര്‍ഷത്തിൽ ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ഇനിയും താഴുമെന്ന് മോത്തിലാൽ ഓസ്‌വാൾ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിൽ രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും ഇപ്പോഴത്തേതിന് സമാനമായിരിക്കുമെന്നും പറയുന്നു.
സാമ്പത്തിക പ്രവര്‍ത്തന സൂചികയിൽ കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ഇന്ത്യയിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തിയ റിപ്പോര്‍ട്ടാണിത്. ഒക്ടോബറിൽ സാമ്പത്തിക വളര്‍ച്ച 1.8 ശതമാനമായിരുന്നു. നവംബറിലിത് മെച്ചപ്പെട്ടു. അഞ്ച് ശതമാനമായിരുന്നു നവംബറിലെ വളര്‍ച്ച. ഇതിനാലാണ് നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
മൊത്ത ആഭ്യന്തര ഉൽപ്പാദനവും നവംബറിൽ ഉയര്‍ന്നു. നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.1 ശതമാനമാണ് നവംബറിലെ ജിഡിപി. ഒക്ടോബറിൽ അഞ്ച് ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. ജിഡിപി വളര്‍ച്ച മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അത് കണ്ട് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് ആശ്വസിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതിനാൽ തന്നെ അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും ഇപ്പോഴത്തെ നിലയിൽ തന്നെയായിരിക്കും സാമ്പത്തിക വളര്‍ച്ച. ഇത് മെച്ചപ്പെടണമെങ്കിൽ സാമ്പത്തിക ഇടപാടുകള്‍ കൂടുതൽ കരുത്തുറ്റതാകേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.