ഇന്ത്യ മലേഷ്യയ്ക്ക് കൊടുത്ത 'പണി'; നേട്ടമായത് അദാനിക്കും പതഞ്ജലിക്കും !

By Web Team  |  First Published Jan 24, 2020, 6:21 PM IST

മലേഷ്യയിൽ നിന്ന് ശുദ്ധീകരിച്ച പാമോയിൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയത് ഫലത്തിൽ ഗുണകരമാവുക അദാനി, പതഞ്ജലി ഉൾപ്പടെയുള്ള കമ്പനികൾക്ക്.


ദില്ലി: മലേഷ്യയിൽ നിന്ന് ശുദ്ധീകരിച്ച പാമോയിൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയത് ഫലത്തിൽ ഗുണകരമാവുക അദാനി, പതഞ്ജലി ഉൾപ്പടെയുള്ള കമ്പനികൾക്ക്. ഭക്ഷ്യ എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ കമ്പനികളാണ് അദാനി വിൽമർ, പതഞ്ജലി ആയുർവേദ, ഇമാമി അഗ്രോടെക്, കാർഗിൽ, ഗോകുൽ ആഗ്രോ റിസോർസസ് തുടങ്ങിയവ. പാപ്പരത്വ നടപടികളിലേക്ക് നീങ്ങിയ  രുചി സോയ എന്ന കമ്പനിയെ ഈയടുത്താണ് പതഞ്ജലി ഏറ്റെടുത്തത്.

പൗരത്വ ഭേദഗതി നിയമം, കശ്മീർ വിഷയം എന്നിവയിൽ മോദി സർക്കാരിനെ വിമർശിച്ച മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദിനുള്ള മറുപടിയായിരുന്നു ഇന്ത്യ ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം. ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടുതരാതിരുന്ന മലേഷ്യയുടെ നിലപാടും വ്യാപാര ബന്ധം മോശമാകുന്നതിന് കാരണമായി.

Latest Videos

undefined

ഇന്ത്യ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എണ്ണയിൽ 45 ശതമാനവും പാമോയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഉൽപ്പാദിപ്പിക്കുന്നത് മലേഷ്യയാണ്.  ഇന്ത്യയിലേക്ക് ഏറ്റവുമധികം പാമോയിൽ വിതരണം ചെയ്തിരുന്നതും മലേഷ്യ തന്നെ. ഇന്ത്യൻ വിപണിയിൽ ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര ഉൽപ്പാദകർക്ക് 2019 ൽ കനത്ത നഷ്ടം നേരിട്ടിരുന്നു. പാമോയിൽ ഉപഭോഗം ഉയർന്നതോടെ ആഭ്യന്തര ഉൽപ്പാദകരുടെ വിപണി വിഹിതം 2018 ൽ 60 ശതമാനമായിരുന്നത്, 2019 ൽ 40 ശതമാനമായി കുറഞ്ഞു. ഇന്ത്യൻ ഉൽപ്പാദകർ അടച്ചുപൂട്ടൽ ഘട്ടത്തിലെത്തിയപ്പോഴാണ് കേന്ദ്രസർക്കാരും മലേഷ്യയും തമ്മിലുള്ള വ്യാപാര സൗഹൃദം മോശമായത്.

അതേസമയം ശുദ്ധീകരിച്ച പാമോയിൽ ഇറക്കുമതിക്ക് മാത്രമാണ് നിയന്ത്രണമുള്ളത്. അസംസ്കൃത പാമോയിലിന്റെ ഇറക്കുമതിക്ക് നിയന്ത്രണമില്ല. ഇന്ത്യയിലെ സംസ്കരണ കമ്പനികൾക്ക് മലേഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് സംസ്കരിച്ച് വിൽക്കാൻ ഇതിലൂടെ സാധിക്കും. 2018 ൽ മലേഷ്യയിൽ നിന്നുള്ള ശുദ്ധീകരിച്ച പാമോയിൽ 6.50 ലക്ഷം ടണ്ണായിരുന്നു. ഇത് 2019 ൽ 26.6 ലക്ഷം ടണ്ണായി വർധിച്ചു. ഈ കാലത്ത് ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ എണ്ണ കയറ്റുമതി 1.87 ദശലക്ഷം ടണ്ണിൽ നിന്ന് 1.75 ദശലക്ഷം ടണ്ണായി കുറഞ്ഞു. അസംസ്കൃത പാമോയിൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം വിതരണം ചെയ്യുന്നത് ഇന്തോനേഷ്യയാണ്.
 

click me!