2020 ല്‍ സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്തേക്കും; കടന്നുപോകുന്നത് പൊന്ന് പൊള്ളിച്ച വര്‍ഷം !

By Anoop Pillai  |  First Published Dec 31, 2019, 5:50 PM IST

സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് വൻ ലാഭമാണ് 2019 സമ്മാനിച്ചിട്ടുള്ളത്. 2000 ത്തില്‍ സ്വർണ്ണവില ഗ്രാമിന് 550 രൂപയും പവന് 4,400 രൂപയുമായിരുന്നു.


സ്വർണത്തെ സംബന്ധിച്ചിടത്തോളം 2019 അക്ഷരാർത്ഥത്തിൽ സ്വർണ്ണ വർഷമായിരുന്നു. ജനുവരി ഒന്നിന് സ്വർണ്ണവില ഗ്രാമിന് 2,930 രൂപയും പവൻ വില 23,440 രൂപയുമായിരുന്നു. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് 1,278 ഡോളറും രൂപയുടെ വിനിമയ നിരക്ക് 69.70 ലുമായിരുന്നു. എന്നാല്‍, ഡിസംബർ 31ലെ സ്വർണ വില ഗ്രാമിന് 3,635 രൂപയും പവൻവില 29,080 രൂപയിലുമാണ്.

Latest Videos

undefined

ഇപ്പോഴത്തെ അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 1,523 ഡോളറും, രൂപയുടെ വിനിമയനിരക്ക് 71.30 ലുമാണ്. 2020 ല്‍ സ്വര്‍ണവില പവന് 30,000 കടന്നേക്കുമെന്നാണ് കണക്കാക്കുന്നത്. വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ പ്രകാരം അടുത്ത ആറ് മാസത്തിനിടെ വില താഴാനുളള സാധ്യതയും കുറവാണ്. 

അതായത് ഒരു വർഷത്തെ മൊത്തം വില വ്യത്യാസം ഗ്രാമിന് 705 രൂപയും പവന് 5,640 രൂപയുമാണ്. സ്വർണം ഏറ്റവും കൂടുതൽ നേട്ടം കൊയ്ത വർഷമാണ് കടന്നുപോയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ്ണത്തിന് ഏറ്റവും വിലകൂടിയത് 2019 ലാണ്. സ്വർണ്ണത്തിന് അന്താരാഷ്ട്ര വില വ്യത്യാസം ട്രോയ് ഔൺസിന് 245 ഡോളറാണ്. ഈ സമയം രൂപയുടെ വിനിമയ നിരക്കിൽ  ഒരു രൂപ 60 പൈസ വ്യത്യാസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് ഓര്‍ക്കണം. 
 
സ്വർണ്ണത്തിന് സർവ്വകാല റെക്കോർഡ് വിലയായ 3,640 രൂപ ഗ്രാമിന് എത്തിയതും ഈ വർഷം സെപ്റ്റംബർ നാലിനാണ്. 2018 നെക്കാൾ 24 % വർദ്ധനവാണ് സ്വർണ്ണത്തിൽ 2019 ൽ ഉണ്ടായിട്ടുള്ളത്. സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് വൻ ലാഭമാണ് 2019 സമ്മാനിച്ചിട്ടുള്ളത്. 2000 ൽ സ്വർണ്ണവില ഗ്രാമിന് 550 രൂപയും പവന് 4,400 രൂപയുമായിരുന്നു.

20 വര്‍ഷം കൊണ്ട് 560 ശതമാനം !
 
കഴിഞ്ഞ ഇരുപത് വർഷം കൊണ്ട് 560 ശതമാനമാണ് സ്വർണത്തിന് വില ഉയർന്നത്. അതായത് ഗ്രാമിന് 3,085 രൂപയും, പവന്  24,680 രൂപയുടെയും വർധനവാണുണ്ടായത്. സ്വർണ്ണത്തിൽ വൻ നിക്ഷേപം നടത്തിയിട്ടുള്ളവർ ലാഭം എടുക്കാനുള്ള സാധ്യതയുള്ളതിനാൽ താൽക്കാലികമായി ഒരു വിലക്കുറവ് അനുഭവപ്പെട്ടാലും 2020 ൽ വില ഉയരാനുള്ള സാധ്യതയാണുള്ളത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യം വഴി സ്വർണ്ണ വ്യാപാരത്തിന് ഏറ്റക്കുറച്ചിൽ ഉണ്ടായ വർഷം കൂടിയാണ് കടന്നുപോയത്.
 
25,000 മുതൽ 30,000 കോടി രൂപയുടെ വരെ വ്യാപാരമാണ് ഒരു വർഷം കേരളത്തിൽ നടക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നികുതി നൽകാതെയുള്ള അനധികൃത വ്യാപാരങ്ങൾ വളരെ സജീവമാണ് താനും. പല ജില്ലകളിലും സ്വർണാഭരണ നിർമാണം കുടിൽ വ്യവസായമായി മാറിയിട്ടുണ്ട്. കള്ളക്കടത്ത് ക്രമാതീതമായി വർധിക്കുകയാണ്. ഏകദേശം 300  ടണ്ണോളം സ്വർണം കേരളത്തിലേക്ക് എയർപോർട്ടുകള്‍, കടൽതീരം എന്നിവ വഴി എത്തുന്നതായിട്ടാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. 

മറ്റ് സംസ്ഥാനങ്ങളിലേക്ക് പോലും ഇവിടെ നിന്നാണ് കള്ളക്കടത്ത് സ്വർണം എത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് സമ്പദ്‍വ്യവസ്ഥയ്ക്കും സ്വര്‍ണ വ്യവസായത്തിനും അതിഗുരുതര ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കള്ളക്കടത്ത് വർധിക്കുന്നത് ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നികുതി നഷ്ടം ഭീമവും. 

പുതുവർഷവും സ്വർണത്തിന് ഏറ്റവും നല്ലതായിരിക്കും എന്നാണ് പ്രവചനങ്ങൾ. 2020 ൽ നിരക്ക്  4,000 കടന്നേക്കാം എന്നും പ്രവചനങ്ങളുണ്ട്.

 

ലേഖകന്‍ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്  അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ(GJC) ദേശീയ ഡയറക്ടറുമാണ്.

click me!