കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയ നിധി ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് വെട്ടിക്കുറച്ചിരുന്നു.
മുംബൈ: വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഇന്ത്യ കൂടുതല്‍ ചെലവാക്കല്‍ നടത്തി രാജ്യത്തെ അസമത്വത്തിന് പരിഹാരം കണേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുപാട് പണം ചെലവഴിക്കുന്നുണ്ട്. എന്നാല്‍, ഈ ചെലവാക്കല്‍ കൃത്യമായ ലക്ഷ്യങ്ങളില്ലാതെയാണ്. സബ്സിഡയറികളെ ഉപയോഗപ്പെടുത്തുന്നതും കൃത്യമായ ലക്ഷ്യത്തെ മുന്നില്‍ക്കണ്ട് അല്ല. ചെലവുകളുടെ അളവ് മാത്രമല്ല അതിന്റെ ഫലപ്രാപ്തിയും ഇന്ത്യയ്ക്ക് മെച്ചപ്പെടുത്താൻ കഴിയണമെന്നും അവര്‍ പറഞ്ഞു.
"ഇന്ത്യയില്‍ മാത്രമല്ല മറ്റ് അനേകം രാജ്യങ്ങളിലും ഇന്ന് അസമത്വം വര്‍ധിച്ചുവരുകയാണ്. ഈ അടുത്തിടെ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുളള തീരുമാനവും ഗ്രാമീണ മേഖലയുടെ വരുമാനം ഉയര്‍ത്താനുളള നിര്‍ദ്ദേശങ്ങളും വളര്‍ച്ചാ മുരടിപ്പില്‍ നിന്ന് രക്ഷപെടാന്‍ സഹായകരമാണ്". പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗീതാ ഗോപിനാഥ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയ നിധി ഇന്ത്യയുടെ ഈ വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് വെട്ടിക്കുറച്ചിരുന്നു. 2019 ലെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 6.1 ശതമാനത്തിലേക്കാണ് ഐഎംഎഫ് കുറച്ചത്. അടുത്ത വര്‍ഷത്തെ വളര്‍ച്ച നിരക്ക് 7.2 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനത്തിലേക്കും താഴ്ത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ ഗണത്തില്‍ തന്നെയാണ് ഇന്ത്യയെ ഐഎംഎഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.