വിദേശ കറന്‍സി ബോണ്ടുകള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ദില്ലി: വിദേശ കറന്‍സി ബോണ്ട് വിഷയത്തില്‍ തീരുമാനമെടുക്കാനുളള കേന്ദ്ര സര്‍ക്കരിന്‍റെ തീരുമാനം പുന: പരിശോധിക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സോവറിന്‍ ബോണ്ട് വിഷയത്തില്‍ തീരുമാനം മാറ്റണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി വ്യക്തമാക്കി.
വിദേശ കറന്‍സി ബോണ്ടുകള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തീരുമാനം പുന:പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത്തരം റിപ്പോര്‍ട്ടുകളെ നിര്‍മല സീതാരാമന്‍ അഭിമുഖത്തില്‍ തള്ളിക്കളഞ്ഞു.
രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിലാണ് ആഭ്യന്തര വിപണിക്ക് പുറമേ വിദേശ കറന്‍സി ബോണ്ടുകള്‍ വഴിയും ഫണ്ട് സമാഹരിക്കാന്‍ ഒരുങ്ങുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ കടപ്പത്രം പുറത്തിറക്കുന്ന സമയം, തുക എന്നിവയെക്കുറിച്ച് ധനമന്ത്രാലയം തീരുമാനമെടുത്തില്ല. 103 ബില്യണ്‍ ഡോളര്‍ മൊത്തം കടമെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതി. ഇതില്‍ 10 ബില്യണ്‍ ഡോളര്‍ വിദേശ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് മന്ത്രാലയത്തിന്‍റെ ഉദ്ദേശ്യം.