എണ്ണയെ ഡേറ്റയോട് താരതമ്യപ്പെടുത്തുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വാദഗതികളെ എതിര്‍ത്ത് ഫേസ്ബുക്ക് രംഗത്ത്. ഡേറ്റ് എണ്ണ പോലെയല്ല, ഇന്ത്യയെപ്പോലെ ഒരു രാജ്യം ഡേറ്റയെ അതിര്‍ത്തികള്‍ക്ക് പുറത്തേക്ക് പോകാന്‍ അനുവദിക്കണം. ദേശീയ അതിർത്തിക്കുള്ളിൽ ഒരു പരിമിത ചരക്കായി ഡേറ്റയെ പൂഴ്ത്തിവയ്ക്കാൻ ശ്രമിക്കരുതെന്നും ഫേസ്ബുക്ക് കുറ്റപ്പെടുത്തി.
ഫേസ്ബുക്കിന്‍റെ ആഗോളകാര്യ, കമ്മ്യൂണിക്കേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്‍റ് നിക്ക് ക്ലെഗ്ഗാണ് ഇത്തരത്തിലൊരു അഭിപ്രായവുമായി മുന്നോട്ടുവന്നത്. 'ഡേറ്റയാണ് പുതിയകാലത്തിന്‍റെ എണ്ണയാണ്', ഇന്ത്യാക്കാരുടെ ഇന്‍റര്‍നെറ്റ് ഉപയോഗത്തെയും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ ഇടപെടലുകളെ സംബന്ധിച്ചുമുളള വിവരങ്ങളുടെ അവകാശികള്‍ ഇന്ത്യക്കാര്‍ തന്നെ ആയിരിക്കണമെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടിരുന്നു. അത്തരം വിവരങ്ങളെ ആഗോള കോര്‍പ്പറേറ്റുകളല്ല നിയന്ത്രിക്കേണ്ടതെന്നാണ് മുകേഷ് അംബാനി അഭിപ്രായപ്പെട്ടിരുന്നു.
undefined
ഈ പരാമര്‍ശത്തെ എതിര്‍ത്താണ് ഇപ്പോള്‍ നിക്ക് ക്ലെഗ്ഗ് മുന്നോട്ടുവന്നിരിക്കുന്നത്. ഇന്ത്യ ഇന്‍റര്‍നെറ്റ് ഉപയോഗത്തെ സംബന്ധിച്ച് പുതിയ നയത്തിന് രൂപം നല്‍കണം. വ്യക്തികളുടെ സ്വാതന്ത്രത്തിന് ഇന്ത്യ പ്രാധാന്യം നല്‍കണം. അവരുടെ ഡേറ്റയ്ക്ക് എന്ത് സംഭവിക്കുന്നുവെന്ന് പരിശോധിക്കുകയും മേഖലയില്‍ മത്സരത്തിനും നൂതനമായ ആശയങ്ങള്‍ വളര്‍ത്തുന്നതിനുമാണ് പ്രാധാന്യം നല്‍കേണ്ടതെന്നും നിക്ക് ക്ലെഗ്ഗ് വിലയിരുത്തി.
'ഡാറ്റയെ പുതിയകാലത്തിന്‍റെ എണ്ണയായി കരുതുന്ന ഇന്ത്യയിലും ലോകമെമ്പാടും ധാരാളം പേരുണ്ട് - മാത്രമല്ല, നിങ്ങളുടെ ദേശീയ അതിർത്തിക്കുള്ളിൽ എണ്ണയുടെ വലിയൊരു കരുതൽ കൈവശം വയ്ക്കുന്നത് ഉറപ്പുള്ള അഭിവൃദ്ധിയിലേക്ക് നയിക്കും. എന്നാൽ, എണ്ണയെ ഡേറ്റയോട് താരതമ്യപ്പെടുത്തുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായി ക്ലെഗ്ഗ് പറയുന്നു.
'ഡേറ്റ ഓയിലല്ല, എണ്ണ പരിമിതമായ ഒരു വസ്തുവാണ്, അത് വാങ്ങുകയും വ്യാപാരം നടത്തുകയും ശുദ്ധീകരിച്ച് കാറുകളിലേക്കും ഫാക്ടറികളിലേക്കുമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഡേറ്റയെ ഉപമിക്കാവുന്ന ദ്രാവകം വെള്ളമാണ്. ആഗോള ഇന്‍റര്‍നെറ്റ് എന്നത് അതിരുകളില്ലാത്ത സമുദ്രം പോലെയാണ്. അതില്‍ പ്രവാഹങ്ങളും തിരമാലകളുമുണ്ട്'. യൂറോപ്യൻ യൂണിയന് കർശനമായ ഡാറ്റാ സ്വകാര്യതാ നിയന്ത്രണങ്ങളുണ്ട്, പക്ഷേ അത് പ്രദേശത്തിനകത്ത് സൃഷ്ടിക്കുന്ന ഡാറ്റയുടെ ഒഴുക്ക് പൂർണ്ണമായും തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം റിസർവ് ബാങ്ക് വിദേശ ഫിൻടെക് കമ്പനികൾക്ക് ഡാറ്റാ ലോക്കലൈസേഷൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നു. അവരുടെ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ രാജ്യത്തിനകത്ത് സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഇന്ത്യയില്‍ വാട്‌സ്ആപ്പ് വഴി പേയ്‌മെന്റ് സേവനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഫെയ്‌സ്ബുക്കും ആഗോള സ്ഥാപനങ്ങളായ മാസ്റ്റർകാർഡ്, വിസ, പേപാൽ, ഗൂഗിൾ, ആമസോൺ എന്നിവ ഡാറ്റാ ലോക്കലൈസേഷന്റെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാരില്‍ സമ്മർദ്ദം ചെലത്തുന്നതിനിടയിലാണ് റിലയന്‍സും ഫേസ്ബുക്കും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരിക്കുന്നത്. 400 ദശലക്ഷം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളും 328 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുമാണ് ഇന്ത്യയിലുള്ളത്. അതിനാല്‍ തന്നെ ഫേസ്ബുക്കിന് ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വപ്നങ്ങളാണുളളത്.