ഇന്ത്യയ്ക്ക് ഗുണകരമോ ഇക്വഡോറിന്‍റെ പുതിയ പ്രഖ്യാപനം: ഇക്വഡോറിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തം എന്താണ്?

By Web Team  |  First Published Oct 3, 2019, 1:16 PM IST

ഒപെക് വിടാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നും അന്താരാഷ്ട്ര എണ്ണ വിപണിയെ സന്തുലിതമാക്കുന്നതിനുളള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഇക്വഡോര്‍ ഊര്‍ജമന്ത്രി വ്യക്തമാക്കി. 


ഇക്വഡോറില്‍ നിന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ആ പ്രഖ്യാപനം എത്തി. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇക്വഡോര്‍ ഒപെക്കില്‍ അംഗമായിരിക്കില്ലെന്നതായിരുന്നു ആ പ്രഖ്യാപനം. കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് ഇക്വഡോറിനെക്കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്. 

രാജ്യത്തെ ധനക്കമ്മി വര്‍ധിച്ചതും വിദേശ വായ്പ കുന്നുകൂടിയതുമാണ് ഇക്വഡോറിന്‍റെ സാമ്പത്തിക സ്ഥിതിയെ പരുങ്ങലിലാക്കിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടുന്നതിന്‍റെ ഭാഗമായി ഫെബ്രുവരിയില്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും 4.2 ബില്യണ്‍ ഡോളറിന്‍റെ വായ്പ കരാറില്‍ ഇക്വഡോര്‍ ഒപ്പിട്ടിരുന്നു. ഒപെകില്‍ നിന്ന് പിന്‍മാറുന്നതോടെ ഇക്വഡോറിന് ഇനി യഥേഷ്ടം എണ്ണ ഉല്‍പാദനം സാധ്യമാകും. ഒപെകിന്‍റെ ഉല്‍പാദന നിയന്ത്രണം അവര്‍ക്ക് അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ബാധകമാകില്ല. 

Latest Videos

undefined

നിലവില്‍ 12 ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പാദന നിയന്ത്രണമാണ് ഒപെക് രാജ്യങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്നത്. ആഗോള എണ്ണ വിലയെ സന്തുലിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒപെകും റഷ്യയും മറ്റ് എണ്ണ ഉല്‍പാദക രാജ്യങ്ങളുടെയും കൂട്ടായ്മയായ ഒപെക് പ്ലസ് ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപെക് വിടാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നും അന്താരാഷ്ട്ര എണ്ണ വിപണിയെ സന്തുലിതമാക്കുന്നതിനുളള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഇക്വഡോര്‍ ഊര്‍ജമന്ത്രി വ്യക്തമാക്കി. 

ഇതോടെ എണ്ണ വാങ്ങുന്നതിന് ഇന്ത്യ, ചൈന അടക്കമുളള എണ്ണ ഉപഭോഗ ഭീമന്മാര്‍ക്ക് ഇക്വഡോറുമായി അനേകം സ്വതന്ത്ര കരാറുകളില്‍ ഒപ്പിടാന്‍ സാധിക്കും. ഇക്വഡോറുമായി കൂടുതല്‍ മികച്ച 'എണ്ണ നയതന്ത്രം' നേടിയെടുക്കാനായാല്‍ ഇന്ത്യയ്ക്ക് നേട്ടം വളരെ വലുതായിരിക്കും. ഇക്വഡോറിന്‍റെ പൊതുചെലവിടല്‍ നിയന്ത്രിക്കാനും പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും ഈ നിലപാട് മാറ്റത്തിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്. പ്രതിദിനം 5,45,000 ബാരല്‍ എണ്ണയാണ് ഇക്വഡോര്‍ ഉല്‍പാദിപ്പിക്കുന്നത്. 

നേരത്തെ അനുവദനീയമാതിലും കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ഇക്വഡോര്‍ ഒപെക്കിനോട് അനുമതി ചോദിച്ചിരുന്നു. ഇതിന് അനുമതി ലഭിക്കാതെ വന്നതോടെയാണ് ഇക്വഡോറിന്‍റെ ഒപെക് വിടാനുളള തീരുമാനമെത്തിയത്. നേരത്തെ പലതവണ ഇക്വഡോര്‍ ഒപെകിന്‍റെ ഉല്‍പാദനത്തിന്‍റെ പരിധി ലംഘിച്ചിട്ടുണ്ട്. 

click me!