സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടിയേക്കും, 'വന്‍ പണിക്ക്' കാരണമായി ഈ രാജ്യങ്ങള്‍ തമ്മിലുളള സാമ്പത്തിക യുദ്ധം

By Web Team  |  First Published Aug 3, 2019, 9:39 PM IST

ദക്ഷിണ കൊറിയയിലേക്കുളള പ്രധാനപ്പെട്ട മൂന്ന് രാസവസ്തുക്കളുടെ കയറ്റുമതിക്കാണ് ജപ്പാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജപ്പാന്‍റെ ഈ നടപടിയെ സാമ്പത്തിക യുദ്ധ പ്രഖ്യാപനമെന്നാണ് ദക്ഷിണ കൊറിയ വിലയിരുത്തുന്നത്. 


സോള്‍: ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുളള സാമ്പത്തിക യുദ്ധം സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പ്രതിസന്ധിയാകുന്നു. കയറ്റുമതിയിലൂടെ കൊറിയയില്‍ എത്തുന്ന വസ്തുക്കള്‍ ആയുധ നിര്‍മാണത്തിനും സൈനിക ആവശ്യത്തിനും ഉപയോഗിക്കുന്നുവെന്ന വ്യക്തമാക്കിയാണ് ജപ്പാന്‍ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ദക്ഷിണ കൊറിയ്ക്ക് ജപ്പാന്‍ നല്‍കിയിരുന്ന മുന്‍ഗണന വ്യാപാര പങ്കാളിയെന്ന പദവിയും എടുത്തുകളഞ്ഞു. 

ദക്ഷിണ കൊറിയയിലേക്കുളള പ്രധാനപ്പെട്ട മൂന്ന് രാസവസ്തുക്കളുടെ കയറ്റുമതിക്കാണ് ജപ്പാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജപ്പാന്‍റെ ഈ നടപടിയെ സാമ്പത്തിക യുദ്ധ പ്രഖ്യാപനമെന്നാണ് ദക്ഷിണ കൊറിയ വിലയിരുത്തുന്നത്. പുതിയ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 28 ന് നിലവില്‍ വരും. ചിപ്പുകള്‍, പരന്ന സ്ക്രീനുകള്‍ തുടങ്ങി ടെക്നോളജി വ്യവസായത്തില്‍ ഉപയോഗിക്കുന്ന നിര്‍ണായക ഘടകങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ രാസപദാര്‍ത്ഥങ്ങളുടെ കയറ്റുമതിയിലാണ് ജപ്പാനീസ് നിയന്ത്രണം. 

Latest Videos

undefined

ഇതോടെ ആഗോളതലത്തിലുളള സെമി കണ്ടക്റ്റര്‍ (അര്‍ധ ചാലകം) വ്യവസായത്തിന്‍റെ പ്രതിസന്ധി വര്‍ധിച്ചു. പുതിയ നിയന്ത്രണങ്ങള്‍ നടപ്പാകുന്നതോടെ സ്മാര്‍ട്ട് ഫോണ്‍ വിപണി വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടുന്നതിലേക്കും മേഖലയുടെ തളര്‍ച്ചയ്ക്കും ഈ സാമ്പത്തിക യുദ്ധം കാരണമായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ലോകത്തുളള മെമ്മറി ചിപ്പുകളില്‍ മൂന്നില്‍ രണ്ടും നിര്‍മിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. ഇവയില്‍ മുന്‍പന്തിയിലുളളത് സാംസങും എസ് കെ ഹൈനിക്സുമാണ്. ലോകത്തെ സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ ഇന്‍റര്‍നെറ്റ് അധിഷ്ഠിത കാറുകളില്‍ വരെ ഇത്തരം ചിപ്പുകളാണ് ഉപയോഗിക്കുന്നത്. ജപ്പാന്‍റെ നടപടി ദക്ഷിണ കൊറിയയെ പ്രതിസന്ധിയില്‍ ആക്കുന്നതിനൊപ്പം ലോകത്തെ മുഴുവന്‍ പ്രശ്നത്തിലാക്കുമെന്നുറപ്പാണ്. 

സാംസങിന്‍റെയും ഹൈനിക്സിന്‍റെയും സാമ്പത്തിക പ്രകടത്തെ ജപ്പാന്‍റെ പ്രഖ്യാപനങ്ങളും ജൂലൈ ആദ്യം തുടങ്ങിയ പടിപടിയായ നിയന്ത്രണങ്ങളും ബാധിച്ച് തുടങ്ങി. ലോകോത്തര ടെക് ഭീമനായ ആപ്പിളും വാവെയും അടക്കം മെമ്മറി ചിപ്പുകള്‍ക്കായി ആശ്രയിക്കുന്നത് ദക്ഷിണ കൊറിയന്‍ കമ്പനികളെയാണ്. ഇതോടെ സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണം, വികസനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ വരും നാളില്‍ പ്രതിസന്ധി കനക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 
 

click me!