ദുബായ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലിലെ പോലെ ഗ്രാന്‍റ് ഡിസ്ക്കൗണ്ടുകളും ലക്കി ഡ്രോയും അടക്കമുളള ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലാകും ഇന്ത്യയും സംഘടിപ്പിക്കുകയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
ദില്ലി: അടുത്ത വര്‍ഷം മാര്‍ച്ചില്‍ രാജ്യത്തെ നാല് നഗരങ്ങളില്‍ ദുബായ് മോഡല്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പ്രധാനമായും നാല് തീമുകളിലാകും ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക.
ദുബായ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലിലെ പോലെ ഗ്രാന്‍റ് ഡിസ്ക്കൗണ്ടുകളും ലക്കി ഡ്രോയും അടക്കമുളള ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലാകും ഇന്ത്യയും സംഘടിപ്പിക്കുകയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമെന്ന രീതിയിലാണ് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
സ്വര്‍ണവും ആഭരണങ്ങളും, കരകൗശലം/ യോഗ/ ടൂറിസം, ടെക്സ്റ്റൈല്‍സും തകലും തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നാല് തീമുകള്‍ തയ്യാറാക്കുക. ഷോപ്പിങ് ഫെസ്റ്റിവലിന് വേദിയാകേണ്ട നാല് നഗരങ്ങള്‍ ഏതൊക്കായാണെന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ എന്നിവയെ പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. വാണിജ്യ വകുപ്പ് ഉന്നത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം ചെറുകിട, ഇടത്തരം വ്യവസായ മേഖലകളുടെ കരുത്തിനെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനാണ് ഫെസ്റ്റിവലിലൂടെ ആലോചിക്കുന്നത്.