അതാണ് 'ഹോങ്കോങ് ഫാക്ടർ' അതായത്, അതേ കാലയളവിലെ ഇന്ത്യയിലേക്കുള്ള ഹോങ്കോങ്ങിന്റെ കയറ്റുമതി കാര്യമായി വർധിച്ചിട്ടുണ്ട്. ഏതൊരു രാജ്യവും ആത്യന്തികമായി ആഗ്രഹിക്കുക തങ്ങളുടെ വ്യാപാരക്കമ്മി പൂജ്യത്തിൽ എത്തിക്കാനും, പറ്റുമെങ്കിൽ ഇറക്കുമതിക്ക് ചെലവിടുന്നതിനേക്കാൾ പണം, കയറ്റുമതിയിലൂടെ നേടിയെടുക്കാനാണ്. ഇന്ത്യയെപ്പോലുള്ള ഒരു ഉപഭോക്തൃ രാജ്യത്തിന് പലപ്പോഴും അത് സാധ്യമാകാറില്ല.
2018 -ൽ നടന്ന ഇന്തോ-ചൈനാ വ്യാപാരങ്ങളുടെ കണക്കുകൾ ഈയിടെ പുറത്തിറങ്ങുകയുണ്ടായി. അതിൻ പ്രകാരം, ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മിയിൽ പത്തു ബില്യൺ ഡോളറിന്റെ, അതായത് ഏകദേശം എഴുപതിനായിരം കോടി രൂപയുടെ കുറവ് വന്നിരിക്കുന്നു. ഏതൊരു രാജ്യത്തിന്റെയും വ്യാപാരക്കമ്മി എന്ന് പറയുന്നത് അത് കയറ്റുമതിയിലൂടെ നേടുന്ന പണവും ഇറക്കുമതിക്കായി ചെലവിടുന്ന പണവും തമ്മിലുള്ള വ്യത്യാസമാണ്.
വ്യാപാരക്കമ്മിയിൽ ഉണ്ടായ ഈ വൻ ഇടിവ് ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയിലുണ്ടായ വർധനവ് കാരണമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. വിപണിയിൽ അത് വളരെ പോസിറ്റീവ് ആയ അനുരണനങ്ങളുണ്ടാക്കി. വാണിജ്യവകുപ്പ് മന്ത്രിയായിരുന്ന സുരേഷ് പ്രഭു വ്യാപാരക്കമ്മിയിലുണ്ടായ " വമ്പിച്ച, അപ്രതീക്ഷിതമായ ഇടിവ്' ആഘോഷിക്കേണ്ടതാണ് എന്നമട്ടിൽ ഒരു വിജയ ട്വീറ്റ് പോലും ഇട്ടു.
undefined
ഒരൊറ്റക്കുഴപ്പം മാത്രം..! ഇന്തോ-ചൈനാ വ്യാപാരകണക്കുകൾ മുഴുവൻ,എല്ലാവർക്കും പരിശോധിക്കാൻ പാകത്തിന്, പൊതുമണ്ഡലത്തിൽ ലഭ്യമായിരുന്നു. പ്രസ്തുത കണക്കുകൾ പരിശോധിച്ച 'മിന്റ്' എന്ന പത്രമാണ് അതിലെ വലിയ ഒരു വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയത്. ഒരു പക്ഷേ, അപ്രതീക്ഷിതമായ വമ്പിച്ച വ്യാപാരക്കമ്മിയിടിവിനെ വിശദീകരിക്കാൻ പോന്ന ഒന്ന്..! ചൈനയുടെ കള്ളക്കളികൾ വെളിച്ചത്തു കൊണ്ട് വരുന്ന ഒന്ന്.
അതാണ് 'ഹോങ്കോങ് ഫാക്ടർ' അതായത്, അതേ കാലയളവിലെ ഇന്ത്യയിലേക്കുള്ള ഹോങ്കോങ്ങിന്റെ കയറ്റുമതി കാര്യമായി വർധിച്ചിട്ടുണ്ട്. അതും, ഇന്ത്യ സ്ഥിരമായി ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങളുടെ. ഇത് സൂചിപ്പിക്കുന്നത്, ഇന്ത്യയിലേക്ക് കണക്കുവെട്ടിച്ച് സാധനങ്ങൾ ഒരർത്ഥത്തിൽ 'കള്ളക്കടത്തു' നടത്താൻ തന്നെ ചൈന ഹോങ്കോങ് എന്ന അവരുടെ 'സ്പെഷ്യലി അഡ്മിനിസ്റ്റേർഡ് റീജിയൻ' (SAR) ഒരു മറയായി ഉപയോഗിക്കുന്നു എന്നാണ്.
ഏതൊരു രാജ്യവും ആത്യന്തികമായി ആഗ്രഹിക്കുക തങ്ങളുടെ വ്യാപാരക്കമ്മി പൂജ്യത്തിൽ എത്തിക്കാനും, പറ്റുമെങ്കിൽ ഇറക്കുമതിക്ക് ചെലവിടുന്നതിനേക്കാൾ പണം, കയറ്റുമതിയിലൂടെ നേടിയെടുക്കാനാണ്. ഇന്ത്യയെപ്പോലുള്ള ഒരു ഉപഭോക്തൃ രാജ്യത്തിന് പലപ്പോഴും അത് സാധ്യമാകാറില്ല. ചൈനയെപ്പോലുള്ള വ്യവസായ സൗഹൃദ രാജ്യങ്ങൾ വളരെ എളുപ്പത്തിൽ സാധിച്ചെടുക്കുന്നതും അതുതന്നെ. ചൈന നിർമ്മിക്കുന്നത്ര കയറ്റുമതി യോഗ്യമായ ഉത്പന്നങ്ങൾ ഇന്ത്യ നിർമിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പലതും മറ്റുള്ള രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരും. രണ്ടു രാജ്യങ്ങൾക്കിടയിലുള്ള ആരോഗ്യകരമായ വ്യാപാരബന്ധം നിലനിർത്തുന്നതിനും, വിപണിയിൽ ഏകാധിപത്യം ഇല്ലാതെ കാക്കുന്നതിനും, അവർക്ക് തങ്ങൾക്കിടയിലെ വ്യാപാരക്കമ്മി നിയന്ത്രണവിധേയമാക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. വ്യാപാരക്കമ്മി കൂടുന്നതിന്റെ വളരെ പ്രത്യക്ഷമായ ഫലങ്ങൾ രാജ്യത്തെ ഓഹരിവിപണിയിൽ അപ്പപ്പോൾ ദൃശ്യമാകും.
വ്യാപാര ഡേറ്റയിന്മേൽ ആഴത്തിലുള്ള ഒരു വിശകലനം
വ്യാപാര മന്ത്രാലയം പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയിരിക്കുന്ന കണക്കുകൾ പ്രകാരം, ചൈനയുടെ ഇന്ത്യയുമായുള്ള ട്രേഡ് സർപ്ലസ് 2018-ൽ 59.3 ബില്യൺ ഡോളറിൽ നിന്നും 57 .4 ബില്യൺ ഡോളർ ആയി കുറഞ്ഞു. അതായത് 1.9 ബില്യൺ ഡോളറിന്റെ ഇടിവ്. അതായത് ഏകദേശം പതിമൂവായിരം കോടി രൂപയുടെ ഇടിവ്. എന്നാൽ അതേ വർഷം, ഹോങ്കോങ്ങും ഇന്ത്യയും തമ്മിലുള്ള വ്യാപാരം നോക്കിയാൽ നമുക്ക് അതിശയം തോന്നും. കാരണം, ഹോങ്കോങിന് 2017 -ൽ ഉണ്ടായിരുന്ന 3.9 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മി, 2.7 ബില്യൺ ഡോളറിന്റെ നേട്ടമായി മാറി. അതായത്, ഹോങ്കോങ്ങിനെ സംബന്ധിച്ചിടത്തോളം 6.6 ബില്യൺ ഡോളറിന്റെ നേട്ടം. ഏകദേശം 46,000 കോടി രൂപയുടെ നേട്ടം.
ചൈന ഇന്നും നിലകൊള്ളുന്നത് 'വൺ കൺട്രി, ടു സിസ്റ്റംസ്' എന്ന സംവിധാനത്തിലാണ്. 1997 -ൽ ബ്രിട്ടൻ ചൈനയ്ക്ക് ഹോങ്കോങ് കൈമാറിയതുമുതൽ അത് ചൈനയുടെ കീഴിൽ ഒരു സ്പെഷ്യലി അഡ്മിനിസ്റ്റേർഡ് റീജിയനായി നിലനിൽക്കുകയാണ്. ചുരുക്കത്തിൽ ചൈനയുടെ സമ്പൂർണ്ണ നിയന്ത്രണത്തിൽ തന്നെ.
ഇനി ചൈനയുടെ ഇന്ത്യയുമായുള്ള വ്യാപാരത്തിന്റെ കൂടെ, ഹോങ്കോങ്ങിന്റെ വ്യാപാരകണക്കുകൾ കൂടി ഒന്ന് കൂട്ടി നോക്കൂ. അവിടെയാണ് രസം. 2017 -ലെ ഇന്ത്യ Vs (ചൈന+ഹോങ്കോങ്) വ്യാപാരക്കമ്മി 55.4 ബില്യൺ ഡോളർ. 2018-ലെത്തുമ്പോൾ അത് 60.1 ബില്യൺ ഡോളർ അതായത് ഏകദേശം 41.8 ലക്ഷം കോടി രൂപ ആയി വർധിക്കുന്നു. അതായത്, ഒരു വർഷം കൊണ്ട്, വ്യാപാരക്കമ്മിയിൽ ഇടിവിനു പകരം യഥാർത്ഥത്തിൽ സംഭവിച്ചത് ഏകദേശം, 33,000 കോടി രൂപയുടെ വർധനവാണ്.
ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2018-ൽ അത് 16.5 ബില്യൺ ഡോളർ ആയിരുന്നു. അതായത് കഴിഞ്ഞ വർഷത്തേക്കാൾ മുപ്പതുശതമാനത്തിലധികം. എന്നാൽ, ഇതെ കാലയളവിൽ ഇന്ത്യയിൽ നിന്നും ഹോങ്കോങ്ങിലേക്കുള്ള കയറ്റുമതി 15 ബില്യൺ ഡോളറിൽ നിന്നും 13.3 ബില്യൺ ഡോളറായി കുറഞ്ഞു. അതായത്, ചൈനയും ഹോങ്കോങ്ങും ഒരൊറ്റ രാജ്യമായി പരിഗണിച്ച് കയറ്റുമതി താരതമ്യം ചെയ്‌താൽ, 2017 -നേക്കാൾ 2018-ൽ കുറവ് 900 മില്യൺ ഡോളർ. അതായത് ഇന്ത്യയ്ക്ക് ഏകദേശം 6200 കോടി രൂപയുടെ നഷ്ടം.
കളി ഹോങ്കോങിനെ വച്ച്
2018-19 സാമ്പത്തിക വർഷത്തെ തരം തിരിച്ചുള്ള കൃത്യമായ കണക്കുകൾ ലഭ്യമല്ലാത്തതുകൊണ്ടാണ് 2018 കലണ്ടർ ഇയറിലെ കണക്കുകൾ തൊട്ടുമുമ്പത്തെ വർഷത്തേതുമായി താരതമ്യപ്പെടുത്തി നോക്കുന്നത്. സാമ്പത്തിക വർഷത്തെ ട്രെൻഡും ഏകദേശം അതുതന്നെയാണ് എന്നും കാണാം.
ചൈനയുടെ കള്ളക്കളികൾ നടക്കുന്നത് നമ്മൾ ചൈനയുടെ അവിഭാജ്യഘടകമായ ഹോങ്കോങ്ങിനെ കണക്കെടുക്കുമ്പോൾ ചൈനയുടെ അക്കൗണ്ടിൽ കൂട്ടാതിരിക്കുന്നതുകൊണ്ടാണ്. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ യഥാർത്ഥ അവസ്ഥ വെളിപ്പെടണമെങ്കിൽ രണ്ടും ഒന്നെന്നു വേണം കാണാൻ.
മിന്റ് പത്രം ഒരൊറ്റ ഉത്പന്നത്തിന്റെയും കയറ്റിറക്കുമതി കണക്കുകൾ വെവ്വേറെ കണക്കാക്കി വിലയിരുത്തുകയുണ്ടായി. അതോടെ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ചുരുളുകൾ ഏറെക്കുറെ അഴിയുകയായി. ഇന്ത്യ ചൈനയിൽ നിന്നുമാണല്ലോ എത്രയോ കാലമായി മൊബൈൽ ഫോണിന്റെ സ്പെയർ പാർട്സുകൾ ഇറക്കുമതി ചെയ്യുന്നു. 2018 -ൽ അത് 34.1%കുറഞ്ഞു എന്നാണ് കണക്ക്. എന്നാൽ അതേ കാലയളവിൽ, ഇതേ ഉത്പന്നത്തിന്റെ ഹോങ്കോങ്ങിൽ നിന്നുള്ള ഇറക്കുമതിയിൽ 728 ശതമാനത്തിന്റെ വർധനവുണ്ടായി.
ചൈനയുടെ ഇന്ത്യയിലേക്കുള്ള ലാൻ അഡാപ്റ്ററുകളുടെ കയറ്റുമതിയിൽ 32 ശതമാനത്തിന്റെ ഇടിവുണ്ടായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ അതേ കാലയളവിൽ ഹോങ്കോങ്ങിൽ നിന്നുമുള്ള ലാൻ കാർഡുകളുടെ ഇറക്കുമതിയിൽ 173 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്.
അതുപോലെ പ്രസക്തമായ മറ്റൊരു ഉത്പന്നമാണ് ഡിജിറ്റൽ മോണോലിത്തിക് ഇന്റഗ്രേറ്റഡ് സർക്യൂട്ട് ബോർഡുകൾ. ഇവ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതും ചെറിയ തോതിൽ കൂടിയിട്ടുണ്ട്. എന്നാൽ ഹോങ്കോങ്ങിൽ നിന്നും ഇവയുടെ ഇറക്കുമതി കൂടിയത് 6017 ശതമാനമാണ്.
ചൈനീസ് പുകമറ
അടുത്തകാലത്തായി, തങ്ങൾ വ്യാപാരം ചെയ്യുന്ന രാജ്യങ്ങളുമായുള്ള കയറ്റിറക്കുമതിയിലെ അസന്തുലിതാവസ്ഥ ചൈനയെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വിശേഷിച്ചും ഇന്ത്യയുമായുള്ളത്. കാരണം, മറ്റൊരു രാജ്യത്തിൽ നിന്നുള്ള ഇറക്കുമതി, അതേ രാജ്യത്തേക്കുള്ള കയറ്റുമതിയെക്കാൾ ഒരു പരിധിയിലധികം കൂടുന്നത്, ഏതൊരു രാജ്യത്തെ യും ആശങ്കയിലാഴ്ത്തും. സ്വാഭാവികമായും, ഇന്ത്യയും അപ്പോൾ അതിനെതിരായ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമാകും. അതിന്റെ ഭാഗമായി ചൈനയിൽ ഇന്ത്യൻ കമ്പനികൾക്ക് ഐടി, ഫാർമ സെക്ടറുകളിൽ പ്രവേശനം നൽകാനുള്ള സമ്മർദ്ദങ്ങൾ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. അത് സംഗതികൾ വഷളാക്കുമെന്ന് ചൈനയ്ക്ക് നന്നായറിയാം. അതുകൊണ്ടാണ് അത്തരത്തിലുള്ള സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ വേണ്ടി, മനഃപൂർവം കണക്കുകളിൽ പുകമറ സൃഷ്ടിച്ച്, ഇന്ത്യയെ ഇരുട്ടിൽ നിർത്തുന്ന ഇത്തരം തട്ടിപ്പു പരിപാടികളുമായി അവർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
ഇന്തോ-ചൈനാ വ്യാപാരത്തിൽ കയറ്റുമതി ഇറക്കുമതിയെക്കാൾ ക്രമാതീതമായി കൂടിവരുന്നു എന്നതാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുവരുന്ന ഏറെ ആശങ്കാജനകമായ ഒരു ട്രെൻഡ്. ഇതിന് പ്രധാനകാരണമാവുന്നത് ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതിയിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് തന്നെയാണ്. ഈ വർദ്ധനവ് ഒന്ത്യയുടെ ചൈനയുമായുള്ള വ്യാപാരത്തിൽ വല്ലാത്തൊരു അസന്തുലിതാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് .
വ്യാപാര മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം, 2017-ൽ ഇന്തോ-ചൈന ഉഭയകകഷി വ്യാപാരം 84.44 ബില്യൺ ഡോളർ കടന്നിരുന്നു. അതിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 52 ബില്യൺ ഡോളർ ആയിരുന്നു. 2018 സാമ്പത്തിക വർഷത്തിൽ ചൈനയിലേക്കുള്ള കയറ്റുമതി 31 ശതമാനം വർധിച്ച് 13.33 ബില്യൺ ഡോളർ ആയി, അതേ സമയം ഇറക്കുമതി 24. 64 ശതമാനം വർധിച്ച് 76.38 ബില്യണും ആയി. അതോടെ ആ സാമ്പത്തിക വർഷത്തിലെ വ്യാപാരക്കമ്മി, 63 ബില്യൺ ഡോളറായി. അതായത് ഏകദേശം 44 ലക്ഷം കോടി രൂപ.
ചൈനയയുടെ കള്ളക്കളിയിലേക്ക് തിരിച്ചു വന്നാൽ. ഇത് ചൈനയുടെ ഭാഗത്തുനിന്നും മനഃപൂർവമുള്ള തന്ത്രമാണോ അതോ കേവലം യാദൃച്ഛികതയോ ? അറിയില്ല. സ്വന്തം നിലനില്പിനുവേണ്ടി എന്ത് കളികളും കളിക്കാൻ ഒരു മടിയുമില്ലാത്തവരാണ് ചൈന എന്നുതന്നെയാണ് മുൻകാലങ്ങളിലെ ഇന്ത്യയുടെ അനുഭവങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ ഭാവിയിലെങ്കിലും, ഈ വിഷയത്തിൽ കൂടുതൽ ജാഗരൂകത ഇന്ത്യൻ സർക്കാരിന്റെ പക്ഷത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.