ആര്‍ബിഐയ്ക്ക് പിന്നാലെ സെബിയുടെ ധനത്തിലും കേന്ദ്ര സര്‍ക്കാരിന്‍റെ കണ്ണ്: സ്വതന്ത്രാധികാരത്തെ ബാധിക്കുമെന്ന് ആശങ്ക

By Web Team  |  First Published Jul 12, 2019, 10:49 AM IST

സര്‍ക്കാരിന്‍റെ ബജറ്റ്  നിര്‍ദ്ദേശം സെബിയുടെ സ്വതന്ത്രാധികാരത്തെ ബാധിക്കുന്നതാണെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം സെബിയുടെ വാര്‍ഷിക ചെലവുകള്‍ക്ക് സര്‍ക്കാരിന്‍റെ അനുമതി വാങ്ങണമെന്നും കത്തിലൂടെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.


മുംബൈ: റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനം ആവശ്യപ്പെട്ടതിന് പിന്നാലെ സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യുടെ മിച്ചധനത്തിലും കേന്ദ്രസര്‍ക്കാരിന് താല്‍പര്യം. സെബിയുടെ മിച്ചധനം സര്‍ക്കാരിന് കൈമാറണമെന്ന നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. സെബിയുടെ നീക്കിയിരിപ്പ് തുകയുടെ 75 ശതമാനം തുക സര്‍ക്കാരിന് കൈമാറാനാണ് നിര്‍ദ്ദേശം. 

ബജറ്റ് നിര്‍ദ്ദേശത്തിന് പിന്നലെ വിഷയത്തില്‍ എതിര്‍പ്പുമായി സെബി ജീവനക്കാര്‍ രംഗത്ത് എത്തി. സര്‍ക്കാരിന്‍റെ ബജറ്റ്  നിര്‍ദ്ദേശം സെബിയുടെ സ്വതന്ത്രാധികാരത്തെ ബാധിക്കുന്നതാണെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം സെബിയുടെ വാര്‍ഷിക ചെലവുകള്‍ക്ക് സര്‍ക്കാരിന്‍റെ അനുമതി വാങ്ങണമെന്നും കത്തിലൂടെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 

Latest Videos

undefined

സര്‍ക്കാരിന്‍റെ ഈ നടപടി 1992 ലെ സെബി ആക്ടിനെ അട്ടിമറിക്കുന്നതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇത്തരം നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെബി എംപ്ലോയീസ് അസോസിയേഷന്‍ ധനമന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തെഴുതി. 

2017 മാര്‍ച്ച് 31 വരെയുളള കണക്കുപ്രകാരം സെബിയുടെ പൊതുനിധിയില്‍ 3,162 കോടി രൂപയാണുളളത്. സെബിയുടെ നിയമമനുസരിച്ച് ഈ വരുമാനം പൂര്‍ണമായും പൊതുനിധിയില്‍ സൂക്ഷിക്കണം. ഇതില്‍ നിന്നാണ് ജീവനക്കാരുടെ ശമ്പളം അടക്കമുളള ചെലവുകള്‍ നിര്‍വഹിക്കുന്നത്. പ്രധാനമായും വാര്‍ഷിക ഫീസ്, നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ, വരിസംഖ്യ എന്നിവയാണ് സെബിയുടെ വരുമാന സ്രോതസ്സുകള്‍. സെബിയുടെ മിച്ചധനം ആവശ്യപ്പെടുന്നത് വിപണിയിലെ ഇടപാടുകരില്‍ നിന്നും മറ്റൊരു തരത്തില്‍ നികുതി വാങ്ങുന്നതിന് തുല്യമാണെന്നും ജീവനക്കാരുടെ കത്തില്‍ പറയുന്നു. 

click me!