കളിപ്പാട്ടങ്ങള്‍ക്ക് തീരുവ 100 ശതമാനമായേക്കും, വിപണിയില്‍ ചൈനീസ് സ്വാധീനം ഇല്ലാതാക്കന്‍ രണ്ടും കല്‍പ്പിച്ച് കേന്ദ്രം

By Web Team  |  First Published Jan 17, 2020, 5:56 PM IST


വില കുറഞ്ഞ ചെരുപ്പുകളുടെ ഇറക്കുമതി നിയന്ത്രിക്കാനാണ് കസ്റ്റംസ് നികുതി 10 ശതമാനത്തോളം വർധിപ്പിക്കുന്നത്.


ദില്ലി: ആഭ്യന്തര വിപണിയിൽ ചെറുകിട- ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്താൻ, ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയർത്തിയേക്കുമെന്ന് വിവരം. മുന്നൂറോളം ഉൽപ്പന്നങ്ങളുടെ വിലയിൽ ഇതോടെ വർധനവുണ്ടാവും. ഫർണിച്ചർ, ചെരുപ്പ്. കോട്ടഡ് പേപ്പർ, റബ്ബർ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കാവും കേന്ദ്ര ബജറ്റിൽ വില വർധിക്കുക.

കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയം ഇതിനായുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചെന്നാണ് വിവരം. ചെരുപ്പുകളുടെ കാര്യത്തിൽ ഇപ്പോഴത്തെ 25 ശതമാനം നികുതി 35ലേക്ക് ഉയർത്താനാണ് തീരുമാനം. ന്യൂമാറ്റിക് റബ്ബർ ടയറുകളുടെ കാര്യത്തിൽ നിലവിൽ 10-15 ശതമാനം നികുതി 40 ശതമാനമാക്കി ഉയർത്താനാണ് തീരുമാനം.

Latest Videos

undefined

വില കുറഞ്ഞ ചെരുപ്പുകളുടെ ഇറക്കുമതി നിയന്ത്രിക്കാനാണ് കസ്റ്റംസ് തീരുവ 10 ശതമാനത്തോളം വർധിപ്പിക്കുന്നത്. ആസിയാൻ രാജ്യങ്ങളിൽ നിന്നാണ് വില കുറഞ്ഞ ചെരുപ്പുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. ചൈനയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ആസിയാൻ രാജ്യങ്ങൾ വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതായാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സംശയം.

ഇറക്കുമതി ചെയ്യുന്ന തടി കൊണ്ടുള്ള ഫർണിച്ചറുകൾക്ക്  30 ശതമാനം നികുതിയാക്കാനാണ് നിർദ്ദേശം. ഇതിപ്പോൾ 20 ശതമാനമാണ്. തടി, മെറ്റൽ, പ്ലാസ്റ്റിക് എന്നിവ കൊണ്ടുണ്ടാക്കുന്ന കളിപ്പാട്ടങ്ങളുടെ മേലുള്ള കസ്റ്റംസ് തീരുവ നിലവിലെ 20 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കാനാണ് ആലോചന. ചൈനയിൽ നിന്നും ഹോങ്കോങിൽ നിന്നുമാണ് ഈ കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുന്നത്. 2017-18 കാലത്ത് 281.82 ദശലക്ഷം ഡോളറിന്റേതായിരുന്നു ഇറക്കുമതി. 2018-19 കാലത്ത് ഇത് 304 ദശലക്ഷം ഡോളറായി ഉയർന്നിരുന്നു. ഈ ഇറക്കുമതി നിയന്ത്രിച്ചാൽ ഇന്ത്യയിലെ കളിപ്പാട്ട നിർമ്മാണ വിപണിയെ ശക്തിപ്പെടുത്താനാവുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.
 

click me!