ആകാശ സര്‍വേ എന്നാല്‍ എന്ത്?, കേരളത്തിലെ അതിവേഗ പാതയ്ക്കായി ആകാശ സര്‍വേ നടത്തുന്നത് എങ്ങനെ?

By Web Team  |  First Published Jan 1, 2020, 9:40 PM IST

രണ്ട് ലൈനുകള്‍ക്കുള്ള സ്ഥലം മാത്രമാണ് സില്‍വര്‍ ലൈനിനുവേണ്ടിവരുന്നത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്. സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 532 കിലോമീറ്റര്‍ സര്‍വേ ചെയ്യുന്നതിന് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. 


കേരളത്തിന്‍റെ യാത്രാദുരിതത്തിന് പരിഹാരമായി നടപ്പാക്കുന്ന തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായ ആകാശ സര്‍വേ കണ്ണൂരില്‍  ആരംഭിച്ചു. ഏഴു ദിവസത്തെ സര്‍വേയ്ക്ക് പാര്‍ട്ടെനേവിയ പി 68 എന്ന എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുന്നത്.

അതീവ സുരക്ഷാമേഖലകള്‍ക്കു മുകളിലൂടെ പറക്കേണ്ടതുകൊണ്ടാണ് പ്രതിരോധവകുപ്പിന്‍റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്. ഇന്ത്യന്‍ പൈലറ്റുകള്‍ തന്നെയായിരിക്കണം ഹെലികോപ്റ്റര്‍ പറത്തേണ്ടത് എന്ന കര്‍ശന നിബന്ധനയുണ്ട്. 

Latest Videos

undefined

കണ്ണൂര്‍ മുതല്‍ കാസര്‍കോട്ടുവരെ 80 കിലോമീറ്ററിലുള്ള ആദ്യ സര്‍വേ ചൊവ്വാഴ്ച പൂര്‍ത്തിയായി. ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേന്‍ജിങ് എന്നതിന്‍റെ ചുരുക്കപ്പേരായ ലൈഡാറില്‍ ലേസര്‍ രശ്മികളുടെ  പ്രതിഫലനം ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഹെലികോപ്റ്ററിലുള്ള ലൈഡാര്‍ ഉപകരണത്തില്‍ ലേസര്‍യൂണിറ്റ്, സ്കാനര്‍, ജിപിഎസ് റിസീവര്‍ എന്നിവയുണ്ടായിരിക്കും. ലേസര്‍ യൂണിറ്റില്‍നിന്നു പുറപ്പെടുന്ന രശ്മികള്‍ ഭൂമിയുടെ ഉപരിതലം സ്കാന്‍ ചെയ്ത് തിരിച്ചെത്തുന്നത് സെന്‍സറില്‍ സ്വീകരിച്ചാണ്  റൂട്ട് മാപ്പ് ചെയ്യുന്നത്. 

ഭൂമിയുടെ കിടപ്പു സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിനു തടസമുണ്ടാക്കാതെ ലൈഡാര്‍ സര്‍വെ വഴി ലഭ്യമാക്കാനാവും. കാട്, നദികള്‍, റോഡുകള്‍, നീര്‍ത്തടങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകള്, പൈതൃകമേഖലകള്‍ എന്നിവ കൃത്യമായി നിര്‍ണയിക്കാനാവും. മരങ്ങള്‍ മൂടിനിന്നാലും താഴെയുള്ള പ്രദേശങ്ങളെക്കുറിച്ച് മനസിലാക്കാന്‍ കഴിയും. ഉയര്‍ന്ന റെസൊല്യൂഷന്‍ ഉള്ള ക്യാമറയാണ് ലൈഡാര്‍ യൂണിറ്റില്‍ ഉപയോഗിക്കുന്നത്. 

വേണ്ടത് രണ്ട് ലൈനിനുളള സ്ഥലം മാത്രം 

സില്‍വര്‍ ലൈനിനുവേണ്ടി 600 മീറ്റര്‍ വീതിയിലുള്ള ഭൂമിയാണ് സര്‍വേ ചെയ്യുന്നത്. ഇതിനകത്ത് അനുയോജ്യമായ 25 മീറ്റര്‍ വീതിയില്‍ മാത്രമാണ് ലൈന്‍ സ്ഥാപിക്കുക.ഇതിനുള്ള ഗ്രൗണ്ട് പോയിന്‍റുകള്‍ നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. കെട്ടിടങ്ങള്‍, ജനവാസ മേഖലകള്‍, വനപ്രദേശങ്ങള്‍, പാലങ്ങള്‍ എന്നുതുടങ്ങി  കലുങ്കുകളും കുറ്റിച്ചെടികളും വരെ ലൈഡാറിന്‍റെ  കണ്ണില്‍ പെടുന്നതുകൊണ്ട് ജനജീവിതത്തിനു പ്രയോജനപ്പെടുന്നതെല്ലാം പരമാവധി ഒഴിവാക്കി അലൈന്‍മെന്‍റ് നിശ്ചയിക്കാന്‍ ഇതിലൂടെ കഴിയും. 

രണ്ട് ലൈനുകള്‍ക്കുള്ള സ്ഥലം മാത്രമാണ് സില്‍വര്‍ ലൈനിനുവേണ്ടിവരുന്നത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്. സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 532 കിലോമീറ്റര്‍ സര്‍വേ ചെയ്യുന്നതിന് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. സര്‍വേയ്ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ പദ്ധതിയ്ക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയവും പച്ചക്കൊടി കാണിച്ചിരുന്നു. 

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനു (കെ-റെയില്‍) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തുന്നത്. നിര്‍ദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വേയും ജിയോനോ തന്നെയാണ് നടത്തിയത്. 

വളരെ വേഗം അലൈന്‍മെന്‍റ് പൂര്‍ത്തിയാക്കി പണി തുടങ്ങാന്‍ കഴിയും എന്നതാണ് ഈ സര്‍വേയുടെ മെച്ചമെന്ന് കെആര്‍ഡിസില്‍ എംഡി വി അജിത് കുമാര്‍ അറിയിച്ചു.  വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡിപിആര്‍) ഫൈനല്‍ ലൊക്കേഷന്‍ സര്‍വെയും വേഗം തയാറാക്കുന്നതിന് ഇത് കെ-റെയിലിനെ സഹായിക്കും. ലോകത്തെങ്ങും ലൈഡാര്‍ സര്‍വേ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഈ സര്‍വെ പ്രയോജനപ്പെടുത്തുന്ന രണ്ടാമത്തെ റെയില്‍ പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്ന് കെആര്‍ഡിസില്‍ എംഡി വി അജിത് കുമാര്‍ പറഞ്ഞു. 

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന അര്‍ധ അതിവേഗ റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പരിസ്ഥിതി സൗഹൃദ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ റോഡപകടങ്ങള്‍ക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും. 

click me!