നരേന്ദ്ര മോദി സര്‍ക്കാര്‍ വരുത്തിയ പരിഷ്കരണ അനുസരിച്ച് ബജറ്റ് അവതരണം 2020 ഫെബ്രുവരി ഒന്നിനാകാനാണ് സാധ്യത.
ദില്ലി: 2020- 21 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് തയ്യാറാക്കുന്ന ജോലികള്‍ക്ക് ഈ മാസം 14ന് തുടക്കമാകും. രാജ്യം രൂക്ഷമായ വളര്‍ച്ചാ മുരടിപ്പ് നേരിടുന്ന സാഹചര്യത്തില്‍ പുതിയ വര്‍ഷത്തേക്കുളള ബജറ്റ് രേഖ തയ്യാറാക്കല്‍ സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനകളും ബജറ്റ് തയ്യാറാക്കുന്ന വേളയില്‍ സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി വലുതാക്കും.
ധനമന്ത്രി നിര്‍മല സീതാരാമന്‍റെ രണ്ടാം ബജറ്റായിരിക്കും ഇത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വരുത്തിയ പരിഷ്കരണ അനുസരിച്ച് ബജറ്റ് അവതരണം 2020 ഫെബ്രുവരി ഒന്നിനാകാനാണ് സാധ്യത. മുന്‍പ് നിലവിലിരുന്ന സംവിധാനപ്രകാരം ഫെബ്രുവരി അവസാനമായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. ബജറ്റ് അവതരണത്തിന് ശേഷം പാര്‍ലമെന്‍റിന്‍റെ മൂന്ന് ഘട്ടങ്ങളിലായുളള അംഗീകാരവും നേടിയെടുക്കുമ്പോഴേക്കും മെയ് പകുതിയാകും.
ആഴ്ചകള്‍ക്കകം മണ്‍സൂണ്‍ ആരംഭിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ മാത്രമേ പ്രോജക്ടുകള്‍ക്കായി പണം ചെലവഴിച്ചു തുടങ്ങാന്‍ കഴിയൂ. ഈ കാലതാമസം പരിഹരിക്കാനായാണ് സര്‍ക്കാര്‍ കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ആദ്യമാക്കിയത്.