ഇറക്കുമതി മേഖലയില്‍ ഡോളറിനുളള ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇന്ന് ആക്കം കൂട്ടിയതിനുളള പ്രധാന കാരണം
മുംബൈ: രൂപയുടെ മൂല്യത്തില്‍ ഇന്നും വലിയ ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 72.73 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. ഡോളറിനെതിരെ രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണിത്. രാവിലെ ഡോളറിനെതിരെ 72.45 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ നാണയം ഒരു ഘട്ടത്തില്‍ 11 പൈസ മൂല്യമുയര്‍ന്ന് 72.34 എന്ന നിലയിലേക്ക് കയറിയെങ്കിലും.
പിന്നീട്, ഡോളറിനെതിരെ 39 പൈസ ഇടിഞ്ഞ് 72.73 എന്ന നിലയിലേക്ക് തകരുകയായിരുന്നു. സെപ്റ്റംബര്‍ 10 ന് രേഖപ്പെടുത്തിയ ഡോളറിനെതിരെ 72.45 എന്നതായിരുന്നു ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും താഴ്ന്ന നിരക്ക്.
ഇറക്കുമതി മേഖലയില്‍ ഡോളറിനുളള ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇന്ന് ആക്കം കൂട്ടിയതിനുളള പ്രധാന കാരണം. ഡോളര്‍ വിറ്റഴിച്ച് രൂപയെ രക്ഷപെടുത്താന്‍ റിസര്‍വ് ബാങ്ക് നടത്തിയ ശ്രമങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ രൂപയെ ചെറിയ തോതില്‍ ശക്തിപ്പെടുത്തിയിരുന്നു.