രൂപയുടെ മൂല്യ തകര്‍ച്ച തുടരും ; ക്രെഡിറ്റ് സ്യൂസി

By Web Team  |  First Published Aug 8, 2018, 12:09 PM IST

സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സാമ്പത്തിക സേവന കമ്പനിയാണ് ക്രെഡിറ്റ് സ്യൂസി


ദില്ലി: വിദേശ വിനിമയ വിപണിയില്‍ ജി10 കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുമെന്ന് പ്രവചിച്ച് ക്രെഡിറ്റ് സ്യൂസി. വ്യാപാര ലോകത്ത് തുടരുന്ന പ്രതിസന്ധികളാണ് ഇന്ത്യന്‍ രൂപയ്ക്ക് ഏറ്റവും വലിയ ഭീഷണി. സ്വിറ്റ്സര്‍ലാന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സാമ്പത്തിക സേവന കമ്പനിയാണ് ക്രെഡിറ്റ് സ്യൂസി. 

യുഎസ് ഡോളര്‍, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിംഗ്, യൂറോ, ജാപ്പനീസ് കറന്‍സിയായ യെന്‍, ഓസ്ട്രേലിയന്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക്, ന്യൂസിലാന്‍ഡ് ഡോളര്‍, സ്വീഡിഷ് ക്രോണ, കനേഡിയന്‍ ഡോളര്‍, നോര്‍വീജിയന്‍ ക്രോണ്‍ എന്നീ ജി 10 കറന്‍സികള്‍ക്ക് മുന്നില്‍ രൂപയുടെ മൂല്യമിടിയുമെന്നാണ് സ്യൂസി പ്രവചിച്ചത്. ക്രൂഡ് ഓയില്‍ വില വര്‍ദ്ധന തുടരുകയാണെങ്കില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 എത്തുമെന്നാണ് ക്രെഡിറ്റ് സ്യൂസിയുടെ പ്രവചനം. 

Latest Videos

undefined

അടുത്തകാലത്ത് ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ വര്‍ഷം 69 എന്ന സര്‍വ്വകാല താഴ്ച്ചയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. ഈ വര്‍ഷം ഇനിയൊരു പലിശ വര്‍ദ്ധന ഇന്ത്യന്‍ കേന്ദ്ര ബാങ്കിന്‍റെ ഭാഗത്ത് നിന്നുണ്ടാവാനുളള സാധ്യത അവർ തള്ളിക്കളയുന്നു. എന്നാല്‍, രൂപയുടെ മൂല്യം 70 ന് മുകളിലേക്ക് പോവുകയാണെങ്കില്‍ റിസര്‍വ് ബാങ്കിന്‍റെ ഇടപെടല്‍ ഉണ്ടാവാനിടയുണ്ടെന്നാണ് സ്യൂസി നിരീക്ഷണം.  

ക്രേന്ദ്ര ബാങ്ക് തുടര്‍ച്ചയായി പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് വിദേശ വിപണിയില്‍ രൂപയ്ക്ക് മികച്ച പിന്തുണ നല്‍കിയിട്ടുണ്ടെന്നും സ്യൂസി അഭിപ്രായപ്പെട്ടു. എന്നാല്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ആഭ്യന്തര വിപണിയില്‍ നിന്ന് കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നത് രൂപയെ ദുര്‍ബലപ്പെടുത്തുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.   

   

click me!