ജപ്തി ഭീഷണിയിലായി കേരളത്തിന്‍റെ കശുവണ്ടി മേഖല

By Web Team  |  First Published Sep 5, 2018, 3:27 PM IST

തോട്ടണ്ടിയുടെ ലഭ്യതക്കുറവും വര്‍ദ്ധിച്ച കൂലിയും കാരണം സംസ്ഥാനത്ത് ആകെയുള്ള 864 സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ 775 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല


കൊല്ലം: ബാങ്ക് വായ്പകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മൊറൊട്ടോറിയത്തിന്‍റെ കാലാവധി അവസാനിച്ചതോടെ കശുവണ്ടി വ്യവസായികള്‍ വീണ്ടും പ്രതിസന്ധയില്‍. ഇരുനൂറ്റി അൻപതിലധികം വ്യവസായികള്‍ ജപ്തി ഭീഷണിയിലാണ്. സര്‍ഫേസി നിമയത്തില്‍ ഇളവ് വേണമെന്നാണ് വ്യവസായികളുടെ ആവശ്യം.

തോട്ടണ്ടിയുടെ ലഭ്യതക്കുറവും വര്‍ദ്ധിച്ച കൂലിയും കാരണം സംസ്ഥാനത്ത് ആകെയുള്ള 864 സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ 775 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല. വൻ തുക ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത വ്യവസായികള്‍ക്ക് അത് തിരിച്ച് അടയ്ക്കാനും ആകുന്നില്ല. 

Latest Videos

undefined

കശുവണ്ടി മേഖലയിലെ ഈ പ്രതിസന്ധി കണക്കിലെടുത്ത് ആറ് മാസം മുൻപാണ് ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. അതിന്‍റെ കാലാവധി ഓഗസ്റ്റ് 31 ന് അവസാനിച്ചു. 250 ചെറുകിട വ്യവസായികള്‍ ഇതുവരെയും വായ്പ തുക അടച്ച് തീര്‍ത്തിട്ടില്ല.

സര്‍ഫാസി നിയമപ്രകാരം 10 കോടി ആസ്തിയുള്ള വസ്തുവകകള്‍ക്ക് മൂന്ന് കോടി രൂപയാണ് ബാങ്കുകള്‍ വില നിശ്ചയിക്കുക. നോട്ടീസ് നല്‍കാതെ ജപ്തി നടപടയിലേക്കും കടക്കാം. ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്ക് മുൻകൂര്‍ അടയ്ക്കുന്ന അഞ്ച് ശതമാനം ജിഎസ്ടി കേന്ദ്ര സര്‍ക്കാര്‍ മടക്കിത്തരാത്തതും പ്രതിസന്ധിയിടെ ആക്കം കൂട്ടി. 

ഈ മാസം 10 ന് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് ചെറുകിട വ്യവസായികളുടെ തീരുമാനം.

click me!