സാമ്പത്തിക മേഖലയ്ക്ക്, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കിംഗിന് അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണ്.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് 2021, കൊവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 'മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ' ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. രോഗബാധിതമായ സമ്പദ് വ്യവസ്ഥയ്ക്ക് സർക്കാരിന്റെ കൈത്താങ് ആവശ്യമാണ്, സാമൂഹ്യ അകല നടപടികളും കൊവിഡിനെ തുടർന്നുളള ലോക്ക്ഡൗണുകളും കാരണം, സമ്പദ് വ്യവസ്ഥയുടെ പല മേഖലകളും സമ്മർദ്ദത്തിലായിരുന്നു, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 23.9 ശതമാനം ചുരുങ്ങി. മാത്രമല്ല, വളർച്ചാ മുരടിപ്പിന്റെ സമ്മർദ്ദ സാഹചര്യത്തിൽ നിന്ന സമ്പദ് വ്യവസ്ഥയെയാണ് കൊവിഡ‍് പിടികൂടിയത്. ജിഡിപി വളർച്ച 2019-20ൽ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.2 ശതമാനത്തിലെത്തിയിരുന്നു.
ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, പകർച്ചവ്യാധി മൂലമുണ്ടായ വിവിധ സാമ്പത്തിക മേഖലകളിലെ സമ്മർദ്ദത്തോടൊപ്പം, 2021 ബജറ്റിൽ സർക്കാരിന് ചില പ്രധാന പ്രശ്നങ്ങളെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. സാമ്പത്തിക സർവേ 2021 പ്രവചിച്ച 11 ശതമാനം വളർച്ചാ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ശുഭാപ്തിവിശ്വാസം നൽകുന്നു. 2021 ലെ ബജറ്റിൽ ധനമന്ത്രാലയം കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളിൽ ചില പ്രധാന കാര്യങ്ങൾ:
ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ
undefined
രാജ്യത്തെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ സംവിധാനങ്ങളുടെ അപര്യാപ്തതകൾ കൊവിഡ്-19 തുറന്നുകാട്ടി. ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള വിഹിതം വർദ്ധിപ്പിക്കുകയും പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായുളള പദ്ധതികൾ വീണ്ടും കേന്ദ്രീകരിക്കുകയും വിപുലീകരിക്കുകയും വേണം. ആരോഗ്യ സംരക്ഷണ ചെലവ് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 2.5-3 ശതമാനമായി ഉയർത്തണമെന്ന് സാമ്പത്തിക സർവേ 2021 അഭിപ്രായപ്പെട്ടിട്ടുളളതായി ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തിക മേഖലകളുടെ സമ്മർദ്ദം
കൊവിഡ് -19 ലോക്ക്ഡൗണുകൾ ജനക്കൂട്ടത്തിലോ ഒത്തുചേരലിലോ പ്രവർത്തിക്കുന്ന സാമ്പത്തിക മേഖലകളെ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്ക് വായ്പാ രംഗം എന്നിവ ആവശ്യാനുസരണം പുനരുജ്ജീവിപ്പിക്കുന്നതിന് അടിയന്തര നടപടികൾ ആവശ്യമാണെന്ന് റേറ്റിംഗ് ഏജൻസികൾ അഭിപ്രായപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.
ബാങ്കിങ് പരിഷ്കരണവും മൊറട്ടോറിയവും
സാമ്പത്തിക മേഖലയ്ക്ക്, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കിംഗിന് അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണ്. വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയത്തിന്റെ നീണ്ട കാലയളവിനുശേഷം മാത്രമേ ബാങ്കിംഗ് സംവിധാനത്തിലെ യഥാർത്ഥ സമ്മർദ്ദം അറിയാൻ കഴിയൂ, കൂടാതെ കാമത്ത് കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കി വായ്പകൾ പുന:സംഘടിപ്പിക്കുന്നതിന്റെ ആഘാതത്തെ സംബന്ധിച്ച ഫലവും വരും നാളുകളിൽ മാത്രമേ അറിയാൻ സാധിക്കുകയൊള്ളു.
ബജറ്റിന്റെ 'ബാലൻസ്'
സാമ്പത്തിക വർഷത്തിലെ ബജറ്റ് ലക്ഷ്യത്തിൽ നിന്ന് സർക്കാർ ഇതിനകം 5 ലക്ഷം കോടി രൂപ വായ്പയെടുക്കൽ പരിധി വർദ്ധിപ്പിച്ചു. സ്വന്തം നികുതി, നികുതിയേതര സ്രോതസ്സുകളിൽ എന്നിവയിൽ നിന്നുള്ള വരുമാനനഷ്ടവും കേന്ദ്രത്തിൽ നിന്നുളള നഷ്ടപരിഹാര വിതരണത്തിലെ വിടവ് നികത്താനുമായി 4 ലക്ഷം കോടി അധിക വായ്പയെടുക്കാൻ കേന്ദ്ര സർക്കാരിന്റെ പുതിയ സാമ്പത്തിക നയം സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുണ്ട്. മൊത്തം നികുതി വരുമാനം അടുത്ത വർഷത്തിന്റെ ഗണ്യമായ ഭാഗത്തേക്ക് കുറയ്ക്കുന്നത് തുടരും.
എങ്കിലും, ഒക്ടോബർ മുതൽ ജിഎസ്ടിയിൽ നിന്നുള്ള പ്രതിമാസ വരുമാന വരവ് ഒരു ലക്ഷം കോടിയിലധികമാണെന്നത് കേന്ദ്ര ബജറ്റിലേക്ക് കടക്കുമ്പോൾ സർക്കാരിന് ആശ്വാസകരമായ സാഹചര്യമാണ്, ഡിസംബറിൽ 1.15 ലക്ഷം കോടി എന്ന റെക്കോർഡ് ജിഎസ്ടി വരുമാനവും സർക്കിരിന് ലഭിച്ചു.
ഓഹരി വിറ്റഴിക്കൽ നയം
കഴിഞ്ഞ വർഷത്തെ ബജറ്റിൽ, (2020-21 സാമ്പത്തിക വർഷത്തിൽ) 2,10,000 കോടി രൂപ മൂല്യമുളള പൊതുമേഖല ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ ഈ ലക്ഷ്യം നേടിയെടുക്കാൻ കേന്ദ്രത്തിന് ആയില്ല. എൽഐസി, ഐഡിബിഐ ബാങ്ക് ഓഹരികളുടെ ഐപിഒയിൽ നിന്ന് 90,000 കോടി രൂപ നേടിയെടുക്കാനും സർക്കാർ പദ്ധതിയിട്ടിരുന്നു.
ഈ വർഷം, നികുതി വരുമാനം കുറയാൻ സാധ്യതയുണ്ടെന്ന വസ്തുത കണക്കിലെടുത്ത്, ഓഹരി വിറ്റഴിക്കൽ രീതിയിലൂടെയുളള ധനസമാഹരണം വർധിപ്പിക്കുകയാകും സർക്കാരിന്റെ മുഖ്യ അജണ്ട. ആസ്തികൾ ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്നതായിരിക്കും വരുമാന വർധനയ്ക്ക് സർക്കാരിന് മുന്നിലെ അവശേഷിക്കുന്ന ഓപ്ഷനെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.