ആഘാതം 80% വരെ, ദശലക്ഷക്കണക്കിന് പേരുടെ വരുമാനം പോകും; യുഎൻ ഏജൻസിയുടെ റിപ്പോർട്ട്

By Web Team  |  First Published May 11, 2020, 3:33 PM IST

അന്താരാഷ്ട്ര അതിർത്തികൾ ക്രമേണ തുറക്കുകയും സെപ്റ്റംബർ ആദ്യം യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്താൽ 70 ശതമാനം ഇടിവ് ഉണ്ടായേക്കാം


കൊവിഡ് -19 പകർച്ചവ്യാധി മൂലം 2020 ൽ അന്താരാഷ്ട്ര ടൂറിസം 60 -80 ശതമാനം വരെ ചുരുങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇതിന്റെ ഫലമായി 910 ബില്യൺ ഡോളർ മുതൽ 1.2 ട്രില്യൺ ഡോളർ വരെ വരുമാനനഷ്ടമുണ്ടാകുകയും ദശലക്ഷക്കണക്കിന് ഉപജീവനമാർഗങ്ങൾ അപകടത്തിലാക്കുകയും ചെയ്യുമെന്നും ലോക ടൂറിസം ഓർഗനൈസേഷൻ (യുഎൻ‌ഡബ്ല്യുടിഒ) .

എല്ലാ രാജ്യങ്ങളിലും വ്യാപിച്ച പകർച്ചവ്യാധിയിൽ ഇതുവരെ 4.1 ദശലക്ഷം ആളുകൾ രോ​​ഗ ബാധിതരാവുകയും 282,719 പേർ കൊല്ലപ്പെടുകയും ചെയ്തു. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ 1.3 ദശലക്ഷം വൈറസ് കേസുകളും 80,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Latest Videos

undefined

2020 ന്റെ ആദ്യ പാദത്തിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 22 ശതമാനം കുറവുണ്ടായതായി യുഎൻ പ്രത്യേക ഏജൻസി അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 

ഇത് ദശലക്ഷക്കണക്കിന് ഉപജീവനമാർഗങ്ങളെ അപകടത്തിലാക്കുന്നുവെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) മുന്നോട്ട് കൊണ്ടുപോകുന്നതിൽ കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുമെന്നും റിപ്പോർട്ട് ആശങ്കപ്പെടുന്നു. ലോകം മുൻപ് കണ്ടിട്ടില്ലാത്ത രീതിയിലുളള ആരോഗ്യ -സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് പേരുടെ വരുമാനമാർ​ഗമായ ടൂറിസത്തെ കൊറോണ ദോഷകരമായി ബാധിച്ചുവെന്ന് യുഎൻ‌ഡബ്ല്യുടിഒ സെക്രട്ടറി ജനറൽ സൂറബ് പോളോളികാഷ്‌വിലി പറഞ്ഞു.

പ്രതിസന്ധി കൂടുതൽ ഏഷ്യയിൽ

പല രാജ്യങ്ങളിലും ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം യാത്രാ നിയന്ത്രണങ്ങൾ വ്യാപകമായി അവതരിപ്പിക്കുകയും വിമാനത്താവളങ്ങളും ദേശീയ അതിർത്തികളും അടയ്ക്കുകയും ചെയ്തതോടെ മാർച്ചിലെ വിനോദ സഞ്ചാരികളുടെ വരവിൽ 57 ശതമാനത്തിന്റെ കുറവുണ്ടാക്കി. ഇത് 67 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരുടെ കുറവിനും 80 ബില്യൺ ഡോളർ വരുമാന നഷ്ടത്തിനും കാരണമായി. 

ഏഷ്യയും പസഫിക്ക് മേഖലയുമാണ് ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങിയത് (33 ദശലക്ഷം ടൂറിസ്റ്റുകളുടെ കുറവ്), യൂറോപ്പിലെ ടൂറിസം മേഖലയും ചുരുങ്ങി.

നിലവിലെ സാഹചര്യത്തിൽ ഈ വർഷത്തെ വിനോദ സഞ്ചാരികളുടെ വരവ് 58 ശതമാനത്തിൽ മുതൽ 78 ശതമാനം വരെ കുറയാൻ ഇടയാക്കിയേക്കും. ഇവ നിയന്ത്രണത്തിലെ കർശനതയെയും യാത്രാ നിയന്ത്രണ നീണ്ടുപോകുന്നതിനെയും അതിർത്തികൾ അടച്ചുപൂട്ടുന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

അന്താരാഷ്ട്ര അതിർത്തികൾ ക്രമേണ തുറക്കുന്നതിന് സാധ്യമായ തീയതികളെ അടിസ്ഥാനമാക്കി 2020 ൽ മൂന്ന് സാഹചര്യങ്ങൾ ഏജൻസി വിശകലനം ചെയ്യുന്നു.

സാധ്യത ഒന്ന്, അന്താരാഷ്ട്ര അതിർത്തികൾ ക്രമേണ തുറക്കുകയും ജൂലൈ ആദ്യം യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്താൽ വിനോദ സഞ്ചാരികളുടെ വരവിൽ 58 ശതമാനം കുറവുണ്ടാകാം.

സാധ്യത രണ്ട്, അന്താരാഷ്ട്ര അതിർത്തികൾ ക്രമേണ തുറക്കുകയും സെപ്റ്റംബർ ആദ്യം യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്താൽ 70 ശതമാനം ഇടിവ് ഉണ്ടായേക്കാം.

സാധ്യത മൂന്ന്, അന്താരാഷ്ട്ര അതിർത്തികൾ ക്രമേണ തുറക്കുന്നതിന്റെയും യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെയും അടിസ്ഥാനം ഡിസംബറിലേക്ക് നീണ്ടുപോയാൽ 78 ശതമാനം വരെ ഇടിവുണ്ടാകും.

ആഭ്യന്തര വിനോദ സഞ്ചാരം തിരിച്ചുവരും

ഈ സാഹചര്യങ്ങളിൽ, അന്താരാഷ്ട്ര യാത്രകളിലെ ഡിമാൻഡ് നഷ്ടത്തിന്റെ ആഘാതം 850 ദശലക്ഷം മുതൽ 1.1 ബില്യൺ വരെയാകും. ടൂറിസത്തിൽ നിന്നുള്ള കയറ്റുമതി വരുമാനത്തിൽ 910 ബില്യൺ മുതൽ 1.2 ട്രില്യൺ ഡോളർ വരെ നഷ്ടമുണ്ടാകും, 100 മുതൽ 120 ദശലക്ഷം നേരിട്ടുള്ള ടൂറിസം ജോലികൾ എന്നിവ അപകടത്തിലാകയും ചെയ്യും, ലോക ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ട് പറയുന്നു.

1950 കൾക്ക് ശേഷം അന്താരാഷ്ട്ര ടൂറിസം രം​ഗത്തുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. വിവിധ ആഗോള മേഖലകളിലും ഓവർലാപ്പിംഗ് സമയങ്ങളിലും ഈ ആഘാതം വ്യത്യസ്ത തോതിൽ അനുഭവപ്പെടുമെന്നും ഏഷ്യയും പസഫിക്കും ആദ്യം ടൂറിസം വ്യവസായത്തിലേക്ക് തിരിച്ചുവരുമെന്നും ഏജൻസി അഭിപ്രായപ്പെട്ടു.

രാജ്യാന്തര ആവശ്യത്തേക്കാൾ വേഗത്തിൽ ആഭ്യന്തര ആവശ്യം വീണ്ടെടുക്കുമെന്ന് യുഎൻഡബ്ല്യുടിഒ പാനൽ വിദഗ്ധരുടെ സർവേയിൽ പറയുന്നു. 2020 അവസാന പാദത്തോടെ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണുമെന്നാണ് പാനലിലെ ഭൂരിപക്ഷം വിദ​ഗ്ധരും പ്രതീക്ഷിക്കുന്നത്. മുമ്പത്തെ പ്രതിസന്ധികളെ അടിസ്ഥാനമാക്കി, ഒഴിവുസമയ യാത്രകൾ വേഗത്തിൽ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിസിനസ്സ് യാത്രകളെക്കാൾ സന്ദർശക രീതിയിലുളള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായുള്ള യാത്രകളാകും വേ​ഗത്തിൽ സജീവമാകുകയെന്നും റിപ്പോർട്ട് പറയുന്നു. 

click me!