നികുതി കൂട്ടി സർക്കാർ, നഷ്ടം നികത്താൻ എണ്ണക്കമ്പനികൾ: പെട്രോൾ, ഡീസൽ വില വർധന തുടരുമെന്ന് സൂചന !

By Web Team  |  First Published Jun 17, 2020, 3:06 PM IST

കഴിഞ്ഞ മാസം പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമായി സർക്കാർ വർധിപ്പിച്ചിരുന്നു. 


ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ രാജ്യത്തെ ഇന്ധന ആവശ്യകത ക്രമേണ കൊവിഡിന് മുമ്പുളള നിലയിലേക്ക് മടങ്ങിയെത്തുകയാണ്. എന്നാൽ, ഈ ഇന്ധന ഉപഭോ​ഗ വർധനവിന് സമാന്തരമായി രാജ്യത്തെ പെട്രോൾ, ഡീസൽ വില ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ 11 ദിവസങ്ങളായി രാജ്യത്തെ ഇന്ധന വില വർധിക്കുകയാണ്. 

ഇന്ന് പെട്രോളിന് ഒരു ലിറ്ററിന് 55 പൈസയും ഡീസലിന് ഒരു ലിറ്ററിന് 60 പൈസയുമാണ് ഉയർന്നത് (ദില്ലി). ഈ 11 ദിവസങ്ങളിലായി പെട്രോൾ വില ലിറ്ററിന് ആറ് രൂപയും ഡീസൽ വില ലിറ്ററിന് 6.40 രൂപയുമാണ് വർധിച്ചത്. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 19 മാസം മുൻപ് അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെൻറ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.

Latest Videos

undefined

കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ. അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 41.12 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ നിരക്ക്. ഡോളറിനെതിരെ 76.20 എന്ന നിലയിലാണ് ഇന്നത്തെ രൂപയുടെ വിനിമയ നിരക്ക്. 

കഴിഞ്ഞ മാസം പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമായി സർക്കാർ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത്തരത്തിൽ 10 ഓളം തവണ രാജ്യത്ത് എക്സൈസ് നികുതി വർധിപ്പിച്ചതായാണ് റിപ്പോർട്ട്. നികുതി വർധന, ബിഎസ് 6 ലേക്ക് പൂർണമായി മാറുന്നതിനുളള സംവിധാനങ്ങൾ തയ്യാറാക്കൽ, ലോക്ക്ഡൗൺ മൂലം ഇന്ധന ഉപഭോ​ഗം കുറഞ്ഞത് മൂലം വരുമാനത്തിലുണ്ടായ കുറവ്, തുടങ്ങിയവ മൂലം ഉണ്ടായ നഷ്ടം നികത്താനാണ് വിൽപ്പന വില ആഭ്യന്തര എണ്ണക്കമ്പനികൾ വർധിപ്പിക്കുന്നത്. ബിഎസ് 6 ലേക്ക് ഇന്ധന ഉപഭോ​ഗം പൂർണമായി മാറിയപ്പോൾ രാജ്യത്തെ ഇന്ധന കമ്പനികൾക്ക് അധികമായി 35,000 കോട‌ി രൂപ ചെലവാക്കേണ്ടി വന്നതായാണ് റിപ്പോർട്ട്. എന്നാൽ, ഈ നിരക്ക് വിൽപ്പന വിലയിൽ കമ്പനികൾ നേരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. 

വില 80 കടന്നേക്കും !

ഇത്തരത്തിൽ പെട്രോളിയം കമ്പനികൾക്കുണ്ടായ നഷ്‌ട മാർജിൻ വിടവ് ലിറ്ററിന് എട്ട് രൂപയാണ്. ഈ തുക വീണ്ടെടുക്കും വരെ വിലക്കയറ്റം ഉണ്ടായേക്കുമെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, എണ്ണക്കമ്പനികളുടെ ദിവസേനയുള്ള ഈ വിലവർധിപ്പിക്കൽ ന‌‌ടപടി ഈ മാസം അവസാനം വരെ തുടരാൻ സാധ്യതയുണ്ട്. ഈ നില തുടർന്നാൽ ആഴ്ച അവസാനത്തോടെ തിരുവനന്തപുരം ന​ഗരത്തിലെ പെ‌ട്രോൾ നിരക്ക് ലിറ്ററിന് 80 കടന്നേക്കും.  

ഇന്ധനവില വർധന പിൻവലിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരെ ജൂൺ 20 ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് സിപിഐ അറിയിച്ചു. കൊവിഡ് ലോക്ക്ഡൗൺ കാരണം ഏപ്രിലിൽ സാധാരണ നിലയുടെ വെറും 30 ശതമാനമായി ഉപഭോ​ഗം കുറഞ്ഞതിന് ശേഷം, ഇന്ധന ആവശ്യകത ഇപ്പോൾ ഘട്ടം ഘട്ടമായി വീണ്ടും ഉയരുകയാണ്. ഇത് നിലവിൽ കോവിഡിന് മുമ്പുള്ള അവസ്ഥയു‌ടെ 82 -85 ശതമാനമായി മാറിയിട്ടുണ്ട്.  

രാജ്യത്തെ മുൻനിര നഗരങ്ങളിലെ ഏറ്റവും പുതിയ പെട്രോൾ, ഡീസൽ വില (എല്ലാ നിരക്കുകളും ലിറ്റർ അനുപാദത്തിൽ) :

ദില്ലി: പെട്രോൾ 77.28 രൂപ ഡീസൽ 75.79 രൂപ

മുംബൈ: പെട്രോൾ 84.15 രൂപ ഡീസൽ 74.32 രൂപ

ചെന്നൈ: പെട്രോൾ 80.86 രൂപ ഡീസൽ 73.69 രൂപ

ബാം​ഗ്ലൂർ: പെ‌ട്രോൾ 79.93 രൂപ ഡീസൽ 72.07 രൂപ

തിരുവനന്തപുരം: പെ‌ട്രോൾ 79.00 രൂപ ഡീസൽ 73.22 രൂപ

കോഴിക്കോട്: പെട്രോൾ 77.74 രൂപ ഡീസൽ 72.06 രൂപ

 

click me!